Cricket
ടി20 ലോകപ്പ്, ചിരവൈരികളുടെ പോരാട്ടം നാളെ; കണക്കുകള്‍ ഇങ്ങനെ
Cricket

ടി20 ലോകപ്പ്, ചിരവൈരികളുടെ പോരാട്ടം നാളെ; കണക്കുകള്‍ ഇങ്ങനെ

Web Desk
|
23 Oct 2021 2:11 PM GMT

ടി20 ഫോര്‍മാറ്റില്‍ എട്ട് മത്സരങ്ങളില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ ഏഴു തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു.

ടി20 ലോകപ്പില്‍ ഇന്ത്യയുടെ പോരാട്ടത്തില്‍ ആദ്യ എതിരാളികളായി എത്തുന്നത് ചിരവൈരികളായ പാകിസ്താന്‍. ദുബൈയില്‍ രാത്രി ഏഴരക്കാണ് മത്സരം. ക്രിക്കറ്റ്‌ലോകം കാത്തിരിക്കുന്ന മത്സരത്തില്‍ ചരിത്രം ഇന്ത്യക്കൊപ്പമാണ്. ടി20 ലോകപ്പില്‍ അഞ്ച് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.

ടി20 ലോകകപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യ കിരീടം ചൂടിയതും പാകിസ്ഥാനെ വീഴ്ത്തിയായിരുന്നു. റാങ്കിങില്‍ മൂന്നാം സ്ഥാനത്തുള്ള പാകിസ്താനേക്കാള്‍ ഒരു പടി മുകളിലാണ് ഇന്ത്യ. കളിച്ച രണ്ട് സന്നാഹ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യന്‍ സംഘം എത്തുന്നത്. തോല്‍പിച്ചത് ഓസ്‌ട്രേലിയയെയും ഇംഗ്ലണ്ടിനെയും.

ബാറ്റിങ് നിരയിലാണ് കോഹ്ലിപ്പടയുടെ പ്രതീക്ഷ. ഇന്ത്യയെ പോലെ രണ്ടാം കിരീടം ലക്ഷ്യമിടുന്ന പാകിസ്താന്റെ പ്രതീക്ഷ ഒരു പിടി യുവതാരങ്ങളിലാണ്. ബാബര്‍ അസം നയിക്കുന്ന പാക് നിര എളുപ്പം തോറ്റുകൊടുക്കുന്നവരല്ല. സന്നാഹ മത്സരത്തില്‍ പാക്കിസ്താന്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയോട് പൊരുതിത്തോറ്റു.

ടി20 ഫോര്‍മാറ്റില്‍ എട്ട് മത്സരങ്ങളില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ ഏഴു തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു. എന്നാല്‍ മറ്റു ഫോര്‍മാറ്റുകളില്‍ പാക്കിസ്താനാണ് മുന്‍തൂക്കം 132 ഏകദിനത്തില്‍ ഇരു ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ 73 തവണ പാക്കിസ്താനും 55 തവണ ഇന്ത്യയും ജയിച്ചു. നാല് മത്സരങ്ങളില്‍ ഫലമില്ല. 59 ടെസ്റ്റില്‍ നിന്ന് ഒമ്പത് ജയം ഇന്ത്യ നേടിയപ്പോള്‍ 12 മത്സരം പാക്കിസ്താന്‍ ജയിച്ചു. 38 മത്സരം സമനിലയില്‍ അവസാനിച്ചു. ആകെ 199 മത്സരങ്ങള്‍ ഇരു ടീമും കളിച്ചപ്പോള്‍ 86-70 എന്ന വിജയക്കണക്കില്‍ പാക്കിസ്താന്‍ മുന്നിട്ട് നില്‍ക്കുന്നു. 43 മത്സരത്തിന് ഫലമുണ്ടായില്ല.

Similar Posts