Cricket
യുഎഇയിലേക്ക് വീണ്ടും ക്രിക്കറ്റ് ആവേശം; ടി20 ലോകകപ്പിന് ഇന്ത്യ വേദിയാകില്ല
Cricket

യുഎഇയിലേക്ക് വീണ്ടും ക്രിക്കറ്റ് ആവേശം; ടി20 ലോകകപ്പിന് ഇന്ത്യ വേദിയാകില്ല

Sports Desk
|
25 Jun 2021 5:35 PM GMT

ഒക്ടോബർ 17 മുതല്‍ നവംബർ 14 വരെയാണ് ലോകകപ്പ്

മുംബൈ: ഒക്ടോബർ 17ന് ആരംഭിക്കുന്ന ടി20 ലോകകപ്പിന് ഇന്ത്യ വേദിയാകില്ലെന്ന് റിപ്പോർട്ട്. ടൂർണമെന്റ് യുഎഇയിലേക്കു മാറ്റാൻ ബിസിസിഐ സമ്മതം അറിയിച്ചതായി ഐസിസി വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. നവംബർ 14 വരെയാണ് ലോകകപ്പ്. കഴിഞ്ഞ വർഷത്തെ ഐപിഎല്ലിന് യുഎഇ വേദിയായിരുന്നു.

വേദി മാറ്റുന്നതിൽ ആതിഥേയ രാഷ്ട്രമാണ് തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു ഐസിസിയുടെ നിലപാട്. കളി എവിടെ നടന്നാലും ബിസിസിഐ തന്നെ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കും.

നേരത്തെ, ഐപിഎൽ 14-ാം എഡിഷനിലെ മാറ്റിവച്ച മത്സരങ്ങൾക്ക് യുഎഇ വേദിയാകുമെന്ന് നേരത്തെ ബിസിസിഐ അറിയിച്ചിരുന്നു. എന്നാൽ ഇതിൽ തിയ്യതി തീരുമാനിച്ചിട്ടില്ല. സെപ്തംബർ-ഒക്ടോബർ മാസങ്ങളിലെ മൺസൂൺ സീസൺ പരിഗണിച്ചാണ് വേദി യുഎഇയിലേക്ക് മാറ്റുന്നത് എന്നാണ് ബിസിസിഐ പറയുന്നത്. ലോകകപ്പിന് ശേഷം ഐപിഎൽ പുനഃരാരംഭിക്കാനും ആലോചനയുണ്ട്.

താരങ്ങൾക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഐപിഎൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചിരുന്നത്. ആകെയുള്ള എട്ടിൽ നാലു ടീമുകളിലും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ആൻഡ്രു ടൈ, ആദം സാംപ, കെയ്ൻ റിച്ചാർഡ്‌സൺ തുടങ്ങിയ താരങ്ങൾ കോവിഡ് ഭീതി മൂലം ലീഗിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു.

ഐപിഎല്ലിനിടെ പുറംലോകവുമായി നേരിട്ടു ബന്ധപ്പെടാൻ കഴിയാത്ത ബയോ സെക്യുർ ബബ്ൾ സംവിധാനത്തിലാണ് താരങ്ങളും ഒഫീഷ്യലുകളും കഴിഞ്ഞിരുന്നത്. മത്സരത്തിനും പരിശീലനത്തിനുമല്ലാതെ ഈ സംവിധാനത്തിൽ നിന്ന് പുറത്തുപോകാൻ താരങ്ങൾക്ക് അനുവാദമുണ്ടായിരുന്നില്ല. കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ടി20 ലോകകപ്പും സമാനരീതിയിൽ തന്നെ നടക്കാനാണ് സാധ്യത.

Similar Posts