കിവികളോ ഇംഗ്ലീഷ് പടയോ? ടി20 ലോകകപ്പില്‍ ആദ്യ സെമിയങ്കം ഇന്ന്
|ഒന്നാം സെമിയില്‍ ഇന്ന് ഇംഗ്ലണ്ട് ന്യൂസിലാൻഡിനെ നേരിടും
ടി-20 ലോകകപ്പിലെ ആദ്യ സെമിഫൈനൽ ഇന്ന്. ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിലാണ് പോരാട്ടം. അബുദബിയിൽ രാത്രി 7.30നാണ് മത്സരം. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിൽ ഏറ്റമുട്ടിയ ന്യൂസിലാൻഡും ഇംഗ്ളണ്ടും വീണ്ടും മുഖാമുഖം വരുമ്പോള്‍ മത്സരാവേശം കൂടുമെന്ന് ഉറപ്പ്. ജേതാക്കളായാൽ ഇംഗ്ലണ്ടിന് മൂന്ന് വർഷത്തിനിടെ രണ്ടാം ലോകകപ്പ് ഫൈനലും. ന്യൂസിലൻഡിന് മൂന്നാം ലോകകപ്പ് ഫൈനലുമാകും.
ലീഗ് റൗണ്ടിൽ ദക്ഷിണാഫ്രിക്കയോട് തോൽവി വഴങ്ങിയാണ് ലോക ഒന്നാം നമ്പര്‍ ടീമായ ഇംഗ്ലണ്ട് സെമി കളിക്കുന്നത്. ഗ്രൂപ്പ് റൗണ്ടിലെ കഠിന പരീക്ഷണം അതിജീവിച്ചാണ് ന്യൂസിലാൻഡിന്‍റെ വരവ്. ബാറ്റിങിലും ബൗളിങിലും പുലർത്തുന്ന സമഗ്രാധിപത്യം ഇംഗ്ലണ്ടിന്‍റെ ആത്മവിശ്വാസം വർധിപ്പിക്കും. ഓപ്പണർ മാർട്ടിൻ ഗുപ്ടിലും ക്യാപ്ടൻ കെയിൻ വില്യംസണും കഴിഞ്ഞാൽ താരഭാരമില്ലാതെയാണ് ന്യൂസിലാൻഡിന്‍റെ മുന്നേറ്റം. ജേസൻ റോയ്‍യും ടൈമൽ മിൽസും പരിക്കേറ്റ് പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയാണ്.
ജേസൻ റോയ്ക്ക് പകരം ജെയിംസ് വിൻസിനെ ടീമിൽ എത്തിച്ചെങ്കിലും ഇന്ന് കളിക്കാൻ സാധ്യതയില്ല. ബട്ട്ലർക്കൊപ്പം ജോണി ബെയർസ്റ്റോ, ദാവിദ് മാലൻ, ലിയാം ലിവിങ്സ്റ്റൺ എന്നിവരിൽ ഒരാൾ ഓപ്പണിങ് റോളിലെത്തും. മിൽസിന് പകരം ടീമിൽ എത്തിയ മാർക്ക് വുഡ് കഴിഞ്ഞ കളിയിൽ നിറം മങ്ങിയിരുന്നു.. ആൾറൗണ്ട് പ്രകടനമാണ് ന്യൂസിലാൻഡിന്‍റെ കരുത്ത്. അതിസമ്മർദ്ദത്തെ അതിജീവിക്കാനുള്ള കഴിവും ടീമിന് ഗുണം ചെയ്യും. ആദ്യം ബൗൾ ചെയ്യാനാകും ടീമുകൾ താൽപര്യപ്പെടുക. അതിനാൽ ടോസ് നിർണായക ഘടകമാകും.