ടി20 ലോകകപ്പ്; നമീബിയയെക്കെതിരെ ന്യൂസീലന്റിന് 52 റൺസിന്റെ തകർപ്പൻ ജയം
|164 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ നമീബിയക്ക് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിന് 111 റൺസെടുക്കാനെ ആയുള്ളൂ.
ടി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ നമീബിയക്കെതിരെ ന്യൂസിലൻഡിന് 52 റൺസിന്റെ തകർപ്പൻ ജയം. 164 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ നമീബിയക്ക് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിന് 111 റൺസെടുക്കാനെ ആയുള്ളൂ. ജയത്തോടെ ന്യൂസീലൻഡ് സെമിയിലേക്ക് ഒരു പടി കൂടി കടന്നു.
നമീബിയക്കു വേണ്ടി സ്റ്റെഫാൻ ബാർഡും മൈക്കിൾ വാൻ ലിങ്ഗനും മികച്ച തുടക്കം നൽകിയിരുന്നു. ഇരുവരും ചേർന്ന് 47 റൺസ് കൂട്ടിച്ചേർത്തു. മൈക്കിൾ വാൻ ലിങ്ഗൻ 25 റൺസും സ്റ്റെഫാൻ ബാർഡ് 21 റൺസും നേടി. 23 റൺസ് കൂട്ടിച്ചേർത്ത സെൻ ഗ്രീനും 16 റൺസ് നേടിയ ഡേവിഡ് വിയസെയും പ്രതീക്ഷ പകർന്നെങ്കിലും ഇരുവരും ഗ്രൗണ്ട് വിട്ടതോടെ നമീബിയ തോൽവി സമ്മതിച്ചു. പിന്നാലെ എത്തിയവരെല്ലാം നിരാശരാക്കി.
ന്യൂസിലൻഡിന് വേണ്ടി നാല് ഓവറിൽ 15 റൺസ് മാത്രം വിട്ടു കൊടുത്ത് സൗത്തി രണ്ട് വിക്കറ്റ് നേടി. മിച്ചൽ സാന്റ്‌നർ ജെയിംസ് നീഷാം സോദി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലാൻഡ് ഗ്ലെൻ ഫിലിപ്പ്‌സിന്റെയും നീഷാമിന്റെയും ബാറ്റിങ് മികവിലാണ് മികച്ച സ്‌കോർ കണ്ടെത്തിയത്. നിഷാം 23 പന്തുകളിൽ നിന്ന് 35 റൺസെടുത്തും ഫിലിപ്സ് 21 പന്തുകളിൽ നിന്ന് 39 റൺസ് നേടിയും പുറത്താവാതെ നിന്നു. വില്യംസൺ 28 ഉം ഡാരിയൽ മിച്ചൽ 19 ഉം ഗുപ്റ്റിൽ 18 ഉം കോൺവെ 17 ഉം റൺസും നേടി നമീബിയയ്ക്ക് വേണ്ടി ഇറാസ്മസ്, വിയേസി സ്‌കോൾട്‌സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
സ്‌കോട്ട്‌ലൻഡിനെതിരെ ജയിച്ച ടീമിനെത്തത്തെയാണ് ന്യൂസീലൻഡ് കളത്തിലിറക്കിയത്. ഗ്രൂപ്പ് രണ്ടിൽ ഒരു വിജയം മാത്രമുള്ള നമീബിയ ഏറെക്കുറെ പുറത്തായിട്ടുണ്ട്. ന്യൂസീലൻഡിന് ഈ മത്സരം നിർണായകമായിരുന്നു. ഗ്രൂപ്പിൽ നിന്ന് കളിച്ച നാല് മത്സരങ്ങളും ജയിച്ച പാകിസ്താൻ സെമിയിലെത്തിയിട്ടുണ്ട്.