![വെള്ളം ചുമന്ന് ഗ്രൗണ്ടിലിറങ്ങി പാറ്റ് കമ്മിൻസ്; കയ്യടിച്ച് സോഷ്യൽ മീഡിയ വെള്ളം ചുമന്ന് ഗ്രൗണ്ടിലിറങ്ങി പാറ്റ് കമ്മിൻസ്; കയ്യടിച്ച് സോഷ്യൽ മീഡിയ](https://www.mediaoneonline.com/h-upload/2024/06/06/1428246-pat-cummins.webp)
വെള്ളം ചുമന്ന് ഗ്രൗണ്ടിലിറങ്ങി പാറ്റ് കമ്മിൻസ്; കയ്യടിച്ച് സോഷ്യൽ മീഡിയ
![](/images/authorplaceholder.jpg?type=1&v=2)
ഓസീസിനായി ഏകദിന ലോകകപ്പും ടെസ്റ്റ് ചാമ്പ്യൻഷിപ്പും നേടിയ നായകനാണ് കമ്മിൻസ്
ബാർബഡോസ്: ട്വന്റി 20 ലോകകപ്പിൽ ഒമാനെതിരായ ആസ്‌ത്രേലിയയുടെ ആദ്യ മത്സരത്തിൽ കളത്തിലിറങ്ങിയില്ലെങ്കിലും കൈയ്യടി നേടി പാറ്റ് കമ്മിൻസ്. ലോകകിരീടങ്ങൾ നേടിയ ഓസീസ് നായകനായിട്ടും വാട്ടർബോയിയുടെ റോളിലെത്തിയാണ് താരം ബാർബഡോസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വ്യത്യസ്തനായത്. സഹതാരങ്ങൾക്ക് വെള്ളവുമായെത്തിയ കമ്മിൻസിനെ പലപ്പോഴും കാണാമായിരുന്നു. വാട്ടർബോയി ആയി ഗ്രൗണ്ടിലിറങ്ങാൻ മടികാണിക്കാത്ത കമ്മിൻസിന്റെ പെരുമാറ്റത്തെ വാഴ്ത്തുകയാണ് സോഷ്യൽ മീഡിയ. ഓസീസിന്റെ സംസ്‌കാരമാണ് ഇതുവഴി പ്രകടമായതെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ എക്‌സിൽ കുറിച്ചു. നിരവധി മുൻതാരങ്ങളാണ് കമ്മിൻസിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
ഏകദിന ലോകകപ്പും ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഓസീസിനായി നേടിയ നായകനാണ് കമ്മിൻസ്. ടി20യിൽ മിച്ചൽ മാർഷാണ് ക്യാപ്റ്റൻ. ഈ സീസണിൽ ഐ.പി.എൽ ടീം സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഫൈനൽവരെയെത്തിച്ചിരുന്നു. ഫ്രാഞ്ചൈസി ലീഗ് സമാപിച്ച ശേഷം ടീമിനൊപ്പം ചേരാൻ വൈകിയതോടെ ആദ്യ മത്സരത്തിൽ താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല. മിച്ചൽ സ്റ്റാർക്കിനും ജോഷ് ഹെയ്‌സൽവുഡിനുമൊപ്പം നതാൻ എല്ലിസാണ് ഇന്നലെ കളത്തിലിറങ്ങിയത്്.
ഒമാനെതിരായ ലോകകപ്പിലെ ആദ്യ മത്സരത്തിൽ 39 റൺസിന്റെ ജയമാണ് ഓസീസ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് കുറിച്ചത്. മാർകസ് സ്റ്റോയിനിസ് (36 പന്തിൽ 67), ഡേവിഡ് വാർണർ (51 പന്തിൽ 56) എന്നിവരുടെ ഇന്നിംഗ്‌സാണ് കരുത്തായത്. മറുപടി ബാറ്റിങിൽ ഒമാന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുക്കാനേ ആയുള്ളൂ. സ്റ്റോയിനിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.