ആഗ്രഹിച്ച കിരീടം, അന്നു മെസിയെങ്കിൽ ഇന്ന് രോഹിത്; കിരീടത്തിനൊപ്പം ഉറക്കമുണർന്ന് ഹിറ്റ്മാൻ
|നീണ്ട കാത്തിരിപ്പിന് ശേഷമാണ് അർജന്റീനയും മെസിയും ലോകകിരീടത്തിൽ മുത്തമിട്ടത്.
ബാർബഡോസ്: 17 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ഇന്ത്യ വീണ്ടും ട്വന്റി 20 കിരീടത്തിൽ മുത്തമിട്ടത്. ബാർബഡോസിലെ ത്രില്ലർ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തകർത്ത് ഇന്ത്യ വിജയകൊടുമുടി കയറിയതോടെ ആരാധകരും താരങ്ങളും ഒരുപോലെയാണ് ആഘോഷമാക്കിയത്. അത്രക്ക് ഇന്ത്യ കൊതിച്ചതായിരുന്നു ഈയൊരു ട്രോഫി. കിരീട വിജയത്തിന് ശേഷം ട്രോഫിയുമായി ഉറക്കമെഴുന്നേൽക്കുന്ന രോഹിത് ശർമയുടെ ചിത്രം ഇപ്പോൾ വൈറലാണ്. മുൻപ് ഫിഫ ലോക കിരീടവുമായി ഉറക്കമെഴുന്നേൽക്കുന്ന ലയണൽ മെസിയുടേതിന് സമാനമായാണ് രോഹിതിന്റെ ചിത്രത്തെ ആരാധകർ വിശേഷിപ്പിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് രോഹിത് ചിത്രം പങ്കുവെച്ചത്.
ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ ഗ്രൗണ്ടിലും ഡഗൗട്ടിലും വികാരാധീനനായ നായകനെയാണ് ഇന്നലെ കണ്ടത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഏകദിന കിരീടം കപ്പിനും ചുണ്ടിനുമിടയിൽ ഇന്ത്യക്ക് നഷ്ടമായിരുന്നു. എന്നാൽ ഇത്തവണ ടീം മികവിൽ ഇന്ത്യ വിജയം പിടിച്ചെടുത്തു. തൊട്ടുപിന്നാലെ ട്വന്റി 20 ലോകകപ്പിൽ നിന്നുള്ള വിരമിക്കലും ഹിറ്റ്മാൻ പ്രഖ്യാപിച്ചു. നിലവിൽ ട്വന്റി 20യിൽ ഇന്ത്യയെ കൂടുതൽ ജയത്തിലെത്തിച്ച നായകനാണ് രോഹിത്. പുരുഷ ടി20യിൽ കൂടുതൽ റൺസും താരത്തിന്റെ പേരിലാണ്. കുട്ടിക്രിക്കറ്റിലെ കൂടുതൽ സെഞ്ച്വറി നേടിയതാരവും മറ്റാരുമല്ല.
ഇന്നലെ നടന്ന കലാശ പോരാട്ടത്തിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 176 റൺസാണ് സ്കോർ ചെയ്തത്. മറുപടി ബാറ്റിങിൽ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 169ൽ അവസാനിച്ചു. കിരീടനേട്ടത്തിന് പിന്നാലെ രോഹിതിനൊപ്പം വിരാട് കോഹ്ലിയും അന്താരാഷ്ട്ര ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു