'താഴ്വരയിൽ സൂര്യകുമാർ സ്റ്റൈൽ ക്യാച്ച്'; പാക് ക്രിക്കറ്ററുടെ ഫീൽഡിങ് പ്രകടനം വൈറൽ- വീഡിയോ
|ജസ്പ്രീത് ബുംറയുടെ ആക്ഷനിൽ പന്തെറിഞ്ഞും നേരത്തെ കുട്ടി ക്രിക്കറ്റർമാർ ശ്രദ്ധനേടിയിരുന്നു
ന്യൂഡൽഹി: കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറുടെ ക്യാച്ച് ബൗണ്ടറിലൈനിനരികെ അവിശ്വസനീയമാംവിധം കൈപിടിയിലൊതുക്കിയ സൂര്യകുമാർ യാദവിന്റെ ദൃശ്യങ്ങൾ ഇന്നും ആരാധകരുടെ മനസിലുണ്ടാകും. ലോക കിരീടം കൂടിയാണ് ആ ക്യാച്ചിലൂടെ ഇന്ത്യ കൈപിടിയിലൊതുക്കിയത്. ഇപ്പോഴിതാ സമാനമായൊരു ക്യാച്ച് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരിക്കുന്നു.
What a catch! #cricketonmountain pic.twitter.com/nOkGv1H480
— Faizan Lakhani (@faizanlakhani) July 16, 2024
പാകിസ്താനിലെ താഴ്വരയിൽ വിദ്യാർത്ഥികൾ തമ്മിൽ നടന്ന പ്രാദേശിക ക്രിക്കറ്റ് മാച്ചിനിടെയാണ് ഈ ഫീൽഡിങ് പ്രകടനം. കളിക്കിടെ ബാറ്ററുടെ ലോഫ്റ്റിങ് ഷോട്ട് ഏറെദൂരം ഓടിയശേഷം കൗമാരക്കാരൻ ഒറ്റക്കൈയിൽ പിടിക്കുകയായിരുന്നു. താഴ്വരയിൽ ഫീൽഡ് ചെയ്യുന്ന വെല്ലുവിളികൾ അതിജീവിച്ചായിരുന്നു ഈ പ്രകടനം. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. സൂര്യകുമാർ യാദവിന്റെ ക്യാച്ചുമായാണ് പലരും ഇതിനെ താരതമ്യം ചെയ്തത്.
നേരത്തെ പ്രാദേശിക മത്സരത്തിനിടെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുറയുടെ ബൗളിങ് ആക്ഷൻ പരീക്ഷിക്കുന്ന കുട്ടി ക്രിക്കറ്ററുടെ വീഡിയോയും പ്രചരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോ പാകിസ്താൻ ഇതിഹാസ താരം വസിം അക്രമമടക്കം ഷെയർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സൂര്യകുമാർ യാദവ് ക്യാച്ചും ശ്രദ്ധനേടിയത്.
അത്യന്തം ആവേശകരമായ ടി20 ഫൈനലിൽ അവസാന ഓവറിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ വിജയം സ്വന്തമാക്കിയത്. 2007ന് ശേഷം ടി20 ലോകകപ്പിൽ മുത്തമിടാനും ഇന്ത്യക്കായി. ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി ബുംറ മിന്നും പ്രകടനമാണ് നടത്തിയത്. ടൂർണമെന്റിലെ താരമായി തെരഞ്ഞെടുത്തതും ഈ താരത്തെയായിരുന്നു.