'25 ഡോളറുണ്ടെങ്കിൽ പാക് താരങ്ങൾക്കൊപ്പം അത്താഴം കഴിക്കാം'; വിവാദമായി ക്രിക്കറ്റ് ബോർഡ് തീരുമാനം
|ഫീസ് വെച്ച് സ്വകാര്യ പാർട്ടി സംഘടിപ്പിച്ചത് അതിരുകടന്നതായിപോയെന്ന് മുൻ താരം റഷീദ് ലത്തീഫ് പറഞ്ഞു
ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിലെ ആദ്യമത്സരത്തിനിറങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വിവാദ കുരുക്കിൽ പാക് ക്രിക്കറ്റ് ടീം. ആരാധകർക്കൊപ്പം അത്താഴവിരുന്നിന് പണം വാങ്ങിയ സംഭവവമാണ് ചർച്ചയായത്. വിശ്വകപ്പിനായി അമേരിക്കയിലെത്തിയ പാകിസ്താൻ ആരാധകരിൽ നിന്ന് 25 ഡോളർവീതം പ്രവേശനഫീസ് വാങ്ങിയാണ് വിരുന്നൊരുക്കിയത്. താരങ്ങളെ നേരിൽ കാണാനും അവർക്കൊപ്പം ഫോട്ടോയെടുക്കാനും അവസരമൊരുക്കിയ ക്രിക്കറ്റ് ബോർഡ്, താരങ്ങൾക്ക് ആശംസയറിയിക്കാനെന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. സൗജന്യമായോ ചാരിറ്റിക്കുവേണ്ടിയോ അല്ലാതെ പണമുണ്ടാക്കാൻ പാക് ക്രിക്കറ്റ് ബോർഡ് കളിക്കാരെ ഉപയോഗിച്ചതിനെതിരെ മുൻ പാക് താരങ്ങളടക്കം രംഗത്തെത്തി.
ബോർഡ് നടപടിക്കെതിരെ മുൻ താരം റഷീദ് ലത്തീഫ് രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ചാരിറ്റി ഡിന്നറുകൾ നടത്തുന്നതു മനസിലാക്കാം. പക്ഷെ ഫീസ് വെച്ച് സ്വകാര്യ പാർട്ടി സംഘടിപ്പിച്ചത് അതിരുകടന്നതായിപോയെന്ന് താരം പ്രതികരിച്ചു. ഞങ്ങളുടെ കാലത്തും ഏതാനം അത്താഴ വിരുന്നുകളൊക്കെ നടത്തിയിരുന്നു. അതൊക്കെ ഔദ്യോഗിക സ്വഭാവമുള്ളതായിരുന്നു. ഇവിടെ ലോകകപ്പാണ് നടക്കുന്നത്.ബോർഡ് കുറച്ചുകൂടി ജാഗ്രത പുലർത്തണമായിരുന്നു-റഷീദ് ലത്തീഫ് പറഞ്ഞു.
നേരത്തെയും പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾ വിവാദങ്ങളിൽപ്പെട്ടിരുന്നു. ലോകകപ്പിൽ നാളെ അമേരിക്കക്കെതിരെയാണ് പാകിസ്താന്റെ ആദ്യ മത്സരം. നേരത്തെ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പര നഷ്ടവുമായാണ് പാകിസ്താൻ വിശ്വകപ്പിനെത്തിയത്.