Cricket
PNG struggle in Twenty20 World Cup; West Indies win by five wickets
Cricket

ട്വന്റി 20 ലോകകപ്പിൽ പൊരുതി വീണ് പി.എൻ.ജി;വെസ്റ്റിൻഡീസിന് അഞ്ച് വിക്കറ്റ് ജയം

Sports Desk
|
2 Jun 2024 6:31 PM GMT

വിൻഡീസ് നിരയിൽ റോസ്റ്റൻ ചേസ് 42 റൺസുമായി പുറത്താകാതെനിന്നു

ഗയാന: ട്വന്റി 20 ലോകകപ്പിൽ ആദ്യ ജയം സ്വന്തമാക്കി വെസ്റ്റിൻഡീസ്. ഗയാന പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ദിന മത്സരത്തിൽ പാപ്വ ന്യൂഗിനിയെ അഞ്ചു വിക്കറ്റിനാണ് ആതിഥേയർ തോൽപിച്ചത്. പാപ്വ ന്യൂഗിനിയുടെ വിജയ ലക്ഷ്യമായ 137 റൺസ് ഒരു ഓവർ ബാക്കിനിൽക്കെയാണ് മറികടന്നത്. വിൻഡീസ് മുൻനിരയെ എറിഞ്ഞിട്ട് അരങ്ങേറ്റക്കാരായ പാപ്വ ന്യൂഗിനിയ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. അവസാനം വരെ മത്സരംകൊണ്ടുപോയി മുൻ ചാമ്പ്യൻമാരെ സമ്മർദ്ദത്തിലാക്കാൻ കുഞ്ഞൻ ടീമിനായി.

ആദ്യം ബാറ്റിങിനിറങ്ങിയ പി.എൻ.ജി സെസെ ബവുവയുടെ അർധ സെഞ്ച്വറി(43 പന്തിൽ 50)ബലത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 136 റൺസാണ് നേടിയത്. കിപ്ലിൻ ഡൊറിക(27), ക്യാപ്റ്റൻ അസാദ് വാല(21), ചാൾസ് അമിനി(12), ചാഡ് സോപ്പർ(10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുബാറ്റർമാർ. വിൻഡീസ് നിരയിൽ ആന്ദ്രെ റസലും അൽസാരി ജോസഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങിൽ മുൻ ചാമ്പ്യൻമാരുടെ തുടക്കം മികച്ചതായില്ല. സ്‌കോർബോർഡിൽ എട്ട് റൺസ് തെളിയുമ്പോൾ ജോൺസൻ ചാൾസിനെ(0) അലെയ് നൗ വിക്കറ്റിന് മുന്നിൽ കുരുക്കി. എന്നാൽ രണ്ടാം വിക്കറ്റിൽ ബ്രണ്ടൻ കിങ്-നിക്കോളാസ് പുരാൻ കൂട്ടുകെട്ട് പ്രതീക്ഷനൽകുന്നതായി. ബ്രാൻഡൻ കിങ്(34), പുരാൻ(27) എന്നിവരെ അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി മത്സരത്തിലേക്ക് പി.എൻ.ജി തിരിച്ചുവന്നെങ്കിലും റോസ്റ്റൻ ചേസ്-ക്യാപ്റ്റൻ റോമൻ പവൽ കൂട്ടുകെട്ട് രക്ഷക്കെത്തി. 42 റൺസുമായി റോസ്റ്റൻ ടോപ് സ്‌കോററായി. ആന്ദ്രെ റസൽ(9 പന്തിൽ 15) അവസാന ഓവറിൽ ടീമിന്റെ വിജയമൊരുക്കി.

Similar Posts