ട്വന്റി 20 ലോകകപ്പ് ടീം; വിക്കറ്റ് കീപ്പറായി പ്രഥമ പരിഗണന സഞ്ജുവിന്- റിപ്പോർട്ട്
|ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാർഡ് മെയ് ഒന്നിന് പ്രഖ്യാപിക്കുമെന്നാണ് സൂചന
മുംബൈ: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണെത്തും. ഐപിഎല്ലിൽ തകർപ്പൻ ഫോമിലുള്ള താരത്തെ സെലക്ഷൻ കമ്മിറ്റി പരിഗണിക്കുന്നതായി പ്രമുഖ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാർഡ് മെയ് ഒന്നിന് പ്രഖ്യാപിക്കുമെന്നാണ് സൂചന. ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്യാപ്റ്റൻ രോഹിത് ശർമ, പരിശീകൻ രാഹുൽ ദ്രാവിഡ്, ചീഫ് സെലക്റ്റർ അജിത് അഗാർക്കർ എന്നിവർ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു.
അതേസമയം, ഐപിഎല്ലിലെ പ്രകടനം മാത്രം പരിഗണിക്കേണ്ടെന്നാണ് യോഗത്തിലുണ്ടായ സുപ്രധാന തീരുമാനമെന്ന് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നു. ഋഷഭ് പന്ത് ഐപിഎല്ലിൽ തകർപ്പൻ പ്രകടനം നടത്തിവരുന്നുണ്ടെങ്കിലും അവസാനം ഇന്ത്യക്കായി കളിച്ച ട്വന്റി 20 മത്സരങ്ങളിൽ ഫോമിലേക്കുയർന്നിരുന്നില്ല. നിലവിൽ ടോപ് ഓർഡറിൽ രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ് എന്നിവർ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. ഐപിഎൽ റൺ വേട്ടക്കാരിൽ നാലാംസ്ഥാനത്താണ് സഞ്ജു സാംസൺ. സെലക്ഷൻ കമ്മിറ്റി പരിഗണനയിലുള്ള കെഎൽ രാഹുൽ അഞ്ചാമതും ഋഷഭ് പന്ത് ആറാമതുമാണ്.
Sanju Samson likely to be India's first-choice wicketkeeper in the T20 World Cup. (EspnCricinfo). pic.twitter.com/GPX1sZmhnA
— Mufaddal Vohra (@mufaddal_vohra) April 29, 2024
അതേസമയം, പല മുൻ ക്രിക്കറ്റ് താരങ്ങളുടേയും പ്രവചനത്തിൽ പന്തിനെയാണ് ഒന്നാം ഓപ്ഷനായി പരിഗണിക്കുന്നത്. ദീർഘകാലത്തിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ഡൽഹി ക്യാപിറ്റൽസ് നായകനെ ടീമിലെടുക്കണമെന്നാണ് ആവശ്യം. എന്നാൽ ട്വന്റി 20യിൽ പന്തിനേക്കാൾ മികച്ച ട്രാക്ക റെക്കോർഡാണ് സഞ്ജുവിനുള്ളത്.
സാധ്യതാ ടീം: രോഹിത് ശർമ(ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ,വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഋഷഭ് പന്ത് (വി.കീപ്പർ),ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ശിവംദുബെ, റിങ്കു സിങ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, അർഷദീപ് സിങ്, ആവേശ് ഖാൻ/മുഹമ്മദ് സിറാജ്