Cricket
രോഹിത് ശർമ്മയുടെ കീഴിൽ ഇന്ത്യ ഇറങ്ങുന്നു: ടീം അഹമ്മദാബാദിൽ
Cricket

രോഹിത് ശർമ്മയുടെ കീഴിൽ ഇന്ത്യ ഇറങ്ങുന്നു: ടീം അഹമ്മദാബാദിൽ

Web Desk
|
1 Feb 2022 1:05 PM GMT

ഈ മാസം 6നാണ് വെസ്റ്റ്ഇൻഡീസിനെതിരായ പരമ്പര ആരംഭിക്കുന്നത്. അഹമ്മദാബാദിൽ എത്തിയതിന് പിന്നാലെ ടീം ബയോബബ്ള്‍ സുരക്ഷയിലേക്ക് മാറി.

വെസ്റ്റ്ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്ക് ഇന്ത്യൻ ടീം അഹമ്മദാബാദിലെത്തി. ഈ മാസം 6നാണ് വെസ്റ്റ്ഇൻഡീസിനെതിരായ പരമ്പര ആരംഭിക്കുന്നത്. അഹമ്മദാബാദിൽ എത്തിയതിന് പിന്നാലെ ടീം ബയോബബ്ള്‍ സുരക്ഷയിലേക്ക് മാറി. രോഹിത് ശർമ്മ ഇന്ത്യയുടെ ഏകദിന നായകനായി അരങ്ങേറുന്നു എന്ന പ്രത്യേകത കൂടി ഈ പരമ്പരയ്ക്കുണ്ട്.

രോഹിത് നേരത്തെയും നായകനായിരുന്നുവെങ്കിലും അത് കോഹ്‌ലിയുടെ അഭാവത്തിലായിരുന്നു. എന്നാൽ കോഹ്‌ലിയെ ഏകദിന നായകസ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ രോഹിതിനെ ഏകദിന നായകനായി നിയമിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലാണ് രോഹിത് നായകനായി അരങ്ങേറേണ്ടിയിരുന്നത്. എന്നാൽ പരിക്കേറ്റതിനെ തുടർന്ന് ലോകേഷ് രാഹുലാണ് ടീമിനെ നയിച്ചത്.

ആ പരമ്പരയിൽ ഇന്ത്യ സമ്പൂർണ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. കോവിഡിന്റെ പശ്ചാതലത്തിൽ ഇന്ത്യ-വിൻഡീസ് പരമ്പരയുടെ വേദി അഹമ്മദാബാദിൽ മാത്രമായി ചുരുക്കുകയായിരുന്നു. കൊൽക്കത്തയിലാണ് ടി20 മത്സരങ്ങൾ നടക്കുന്നത്. അതേസമയം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര നേടിയതിന് പിന്നാലെയാണ് വിൻഡീസ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്.

പേസ്ബൗളർ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിച്ചപ്പോൾ ഐപിഎല്ലിൽ തിളങ്ങിയ ലെഗ് സ്പിന്നർ രവി ബിഷ്‌ണോയിയും ഓൾറൗണ്ടർ ദീപക് ഹൂഡയും ടീമിൽ ഇടം പിടിച്ചു. റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ് ഒരിടവേളയ്ക്കു ശേഷം ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമുകളിലേക്കു തിരിച്ചെത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം.


Related Tags :
Similar Posts