Cricket
ടി20 ലോകകപ്പിന് പുതിയ ജഴ്‌സിയുമായി ടീം ഇന്ത്യ: ടീസർ പുറത്ത്‌
Cricket

ടി20 ലോകകപ്പിന് പുതിയ ജഴ്‌സിയുമായി ടീം ഇന്ത്യ: ടീസർ പുറത്ത്‌

Web Desk
|
13 Sep 2022 10:20 AM GMT

ഇന്ത്യന്‍ ടീമിന്റെ കിറ്റ് പാര്‍ട്‌നറായ എംപിഎല്‍ ആണ് ഇന്ത്യയുടെ പുതിയ ജഴ്‌സിയെ കുറിച്ച് സൂചന നല്‍കി എത്തുന്നത്.

മുംബൈ: ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് പുതിയ ജഴ്‌സി. ഇന്ത്യന്‍ ടീമിന്റെ കിറ്റ് പാര്‍ട്‌നറായ എംപിഎല്‍ ആണ് ഇന്ത്യയുടെ പുതിയ ജഴ്‌സിയെ കുറിച്ച് സൂചന നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട ടീസര്‍ പുറത്തിറക്കി. രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യരാണ് എംപിഎല്ലിന്റെ ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്.

നിലവില്‍ കടും നീല നിറത്തിലുള്ള ജഴ്‌സിയാണ് ഇന്ത്യ അണിയുന്നത്. എന്നാല്‍ ടീസറില്‍ കാണാന്‍ കഴിയുന്നത് ഇളം നീലനിറത്തിലുള്ള ജഴ്‌സിയാണ്. 2003ല്‍ ലോകകപ്പില്‍ ഇന്ത്യ ഉപയോഗിച്ച ജഴ്‌സിക്ക് സമാനമാണെന്നാണ് ട്വിറ്ററിലെ ക്രിക്കറ്റ് ആരാധകര്‍ പങ്കുവെക്കുന്നത്. അതേസമയം ടീസറില്‍ ജഴ്സി ഏതെന്ന് വ്യക്തമാക്കുന്നില്ല.

ജഴ്‌സിയുടെ മുകളില്‍ ട്രാക്ക് സ്യൂട്ട് ധരിച്ചാണ് താരങ്ങളുടെ വരവ്. എംപിഎല്‍ ഇന്ത്യന്‍ ടീമിന്റെ കിറ്റ് സ്‌പോണ്‍സറായതിന് ശേഷം ഇത് ഇന്ത്യയുടെ മൂന്നാമത്തെ ജഴ്‌സിയാണ്. അതേസമയം ലോകകപ്പിനുള്ള ടീം പ്രഖ്യാപനത്തിന്റെ അലയൊലികൾ ഇപ്പോഴും അടങ്ങിയിട്ടില്ല. സഞ്ജു സാംസണെ ഉൾപ്പെടുത്താത്തിലും ഷമിയെ സ്റ്റാൻഡ് ബൈ ആയി ഉൾകൊള്ളിച്ചതിലുമൊക്കെയാണ് പ്രതിഷേധം.മോശം ഫോമിലുള്ള റിഷബ് പന്തിന് നിരന്തരം അവസനം നൽകുന്നതിനെയും ഇവർ വിമർശിക്കുന്നു.

അതേസമയം ടി20 ലോകകപ്പിന് മുമ്പ്, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളോട് ഇന്ത്യക്ക് പരമ്പരയുണ്ട്. മൂന്ന് ടി20 മത്സരങ്ങളാണ് ഓസീസ് ടീം ഇന്ത്യയില്‍ കളിക്കുക. സെപ്റ്റംബര്‍ 20നാണ് ആദ്യ ടി20. മൊഹാലിയാണ് ആദ്യ മത്സരത്തിന് വേദിയാവുക. രണ്ടാം ടി20 സെപ്റ്റംബര്‍ 23ന് നാഗപൂരില്‍ നടക്കും. 25ന് ഹൈദരാബാദിലാണ് മൂന്നാം ടി20. ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള പരമ്പര. ഇതില്‍ ഏകദിന മത്സരങ്ങളുമുണ്ട്. ടി20 മത്സരത്തോടെയാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്.

Related Tags :
Similar Posts