ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇന്ത്യക്കെതിരെ ആസ്‌ത്രേലിയക്ക് ആറു വിക്കറ്റ് നഷ്ടം; 374 റൺസ് ലീഡ്
|ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി
ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ആസ്‌ത്രേലിയക്ക് ആറു വിക്കറ്റ് നഷ്ടം. ഫൈനലിന്റെ നാലാം ദിനമായ ഇന്ന് ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് കംഗാരുപ്പട നേടിയത്. ആദ്യ ഇന്നിംഗ്‌സിൽ 469 റൺസ് അടിച്ചുകൂട്ടിയ കംഗാരുപ്പട ഇതോടെ 374 റൺസ് ലീഡാണ് മത്സരത്തിൽ നേടിയിരിക്കുന്നത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് നേടി.
ആസ്‌ത്രേലിയയുടെ ഓപ്പണർമാരായ ഉസ്മാൻ ഖ്വാജ (13), ഡേവിഡ് വാർണർ (1) പെട്ടെന്ന് തന്നെ പുറത്തായി. ഖ്വാജയെ ഉമേഷ് യാദവും വാർണറെ സിറാജും ശ്രീകാർ ഭരതിന്റെ കൈകളിലെത്തിച്ചു. മാർനസ് ലാബുഷാഗ്‌നെയെയും ഉമേഷ് പറഞ്ഞയച്ചു. പൂജാരക്കായിരുന്നു ക്യാച്ച്. ആദ്യ ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തിനെ (34) ജഡേജയുടെ പന്തിൽ ഷർദുൽ പിടികൂടി. മറ്റൊരു സെഞ്ച്വറി താരമായ ട്രാവിസ് ഹെഡിനെയും കാമറൂൺ ഗ്രീനിനെയും ജഡേജ മടക്കി. ഹെഡിനെ സ്വന്തം ക്യാച്ചെടുത്തും ഗ്രീനിനെ ബൗൾഡാക്കിയുമാണ് പറഞ്ഞുവിട്ടത്. വിക്കറ്റ്കീപ്പർ ബാറ്റർ അലക്‌സ് കാരി(41)യും മിച്ചൽ സ്റ്റാർക്കു(11)മാണ് ക്രീസിലുള്ളത്. ഇനി ക്യാപ്റ്റൻ പാറ്റ് കുമ്മിൻസ്, നഥാൻ ലിയോൺ, സ്‌കോട്ട് ബോളണ്ട് എന്നിവരാണ് ഇറങ്ങാനുള്ളത്.
ലണ്ടനിലെ ഓവലിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 296ൽ അവസാനിച്ചിരുന്നു. അജിങ്ക്യ രഹാനെയുടെയും ഷർദുൽ താക്കൂറിന്റെയും അർധസെഞ്ച്വറികളാണ് ഇന്ത്യയെ ഫോളോഓൺ ഭീഷണിയിൽനിന്ന് രക്ഷിച്ചത്.
Test Championship Final: Australia lead by 374 runs against India