ഐപിഎല്ലിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം; രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും നേർക്കുനേർ
|ഇന്ന് തോൽക്കുന്ന ടീമിന് രണ്ടാം ക്വാളിഫയർ കളിച്ചും ഫൈനലിലെത്താൻ അവസരമുണ്ട്
ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം... ആദ്യ ക്വാളിഫയറിൽ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രാത്രി ഏഴരയ്ക്കാണ് മത്സരം. ഐപിഎൽ കിരീടത്തിൽ ആദ്യമായി മുത്തമിട്ട ടീമാണ് രാജസ്ഥാൻ റോയൽസ്. പക്ഷേ പിന്നീടിങ്ങോട്ട് ഒരിക്കൽ പോലും അവർക്ക് ആ കിരീടത്തിനരികിൽ എത്താനായിട്ടില്ല. ഈ വലിയ കാത്തിരിപ്പിന് അറുതിവരുത്താനാണ് സഞ്ജുവിന് നായകത്വത്തിൽ രാജസ്ഥാൻ ഇറങ്ങുന്നത്.
ബാറ്റിങിലും ബൗളിങിലും രാജസ്ഥാൻ കരുത്തർ തന്നെയാണ്. ബട്ട്ലറും ജെയ്സ്വാളും ചേരുന്ന ഓപ്പണിങ് സഖ്യം. പിന്നാലെ സഞ്ജു മുതൽ അശ്വിൻ വരെ നീളുന്ന ബാറ്റിങ് നിര. അക്കൂട്ടത്തിൽ വെടിക്കെട്ടിനായി ഹെറ്റ്മയറും പരാഗും. ചാഹലും അശ്വിനും ചേരുന്ന സ്പിൻദ്വയമാണ് ടീമിന്റെ തുറുപ്പ് ചീട്ട്. മറുവശത്തുള്ളത് സ്വപ്നതുല്യമായ കുതിപ്പാണ് ഗുജറാത്ത് ടൈറ്റൻസ് നടത്തുന്നത്. ആദ്യ സീസണിൽ തന്നെ ഒന്നാം സ്ഥാനക്കാരായാണ് ടൈറ്റൻസ് സെമി ടിക്കറ്റെടുത്തത്. ഒരാളല്ലെങ്കിൽ മറ്റൊരാൾ എല്ലാ മത്സരങ്ങളിലും തിളങ്ങുന്നതാണ് ടൈറ്റൻസിന്റെ വിജയമന്ത്രം. അതിനാൽ തന്നെ ഈഡൻ ഗാർഡൻസിൽ ആരു വാഴുമെന്ന് പ്രവചിക്കുക അസാധ്യം. ഇന്ന് തോൽക്കുന്ന ടീമിന് രണ്ടാം ക്വാളിഫയർ കളിച്ചും ഫൈനലിലെത്താൻ അവസരമുണ്ട്.
The first finalists of the IPL will be announced today ... Rajasthan Royals and Gujarat Titans face off