Cricket
ഇന്ത്യയുടെ ദുരന്ത നായകന്‍... മറക്കാനാകുമോ കാംബ്ലിയുടെ കണ്ണുനീര്‍?
Cricket

ഇന്ത്യയുടെ ദുരന്ത നായകന്‍... മറക്കാനാകുമോ കാംബ്ലിയുടെ കണ്ണുനീര്‍?

ഷെഫി ഷാജഹാന്‍
|
11 Feb 2022 8:03 AM GMT

ആദ്യ 7 ടെസ്റ്റുകൾ കഴിഞ്ഞപ്പോൾ വിനോദ് കാംബ്ലിയെന്ന ഇരുപത്തിയൊന്നുകാരന്റെ ബാറ്റിങ് ശരാശരി 113.280 റൺസ്. അങ്ങനെയുള്ള ഒരു താരത്തിനാണ് വെറും 17 ടെസ്റ്റുകൾ കൊണ്ട് കരിയർ അവസാനിപ്പിക്കേണ്ടി വന്നത്

ഇരുപത്തിയൊന്നാം വയസിൽ അരങ്ങേറി ഇരുപത്തിമൂന്നാം വയസിൽ അവസാന ടെസ്റ്റ് കളിച്ച താരം... അരങ്ങേറി മൂന്നാം ടെസ്റ്റിൽ ഡബിൾ സെഞ്ച്വറി, നാലാം ടെസ്റ്റിലും ഇരട്ട സെഞ്ച്വറി നേട്ടം... പിന്നീടുവന്ന ലങ്കൻ പര്യടനത്തിൽ രണ്ടു സെഞ്ച്വറികൾ. ആദ്യ 7 ടെസ്റ്റുകൾ കഴിഞ്ഞപ്പോൾ വിനോദ് കാംബ്ലിയെന്ന 21കാരന്‍റെ ബാറ്റിങ് ശരാശരി 113.280 റണ്‍സ്. അങ്ങനെയുള്ള ഒരു താരത്തിനാണ് വെറും 17 ടെസ്റ്റുകള്‍ കൊണ്ട് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നത്... വിശ്വസിക്കാനാകുമോ? അറബിക്കഥകളെ വെല്ലുന്ന സംഭവബഹുലമായ കാര്യങ്ങളാണ് കാംബ്ലിയുടെ കരിയറിലും ജീവിതത്തിലും അരങ്ങേറിയത്...

k

സച്ചിനേക്കാള്‍ കേമന്‍... ബ്രയാന്‍ ലാറയെ അനുസ്മരിപ്പിക്കുന്ന ബാറ്റിങ് ശൈലി... ഇതാ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു സൂപ്പര്‍ താരം കൂടി ജനിച്ചിരിക്കുന്നു... വിനോദ് ഗണപത് കാംബ്ലിയെന്ന മുബൈക്കാരന്‍ ഇന്ത്യന്‍ ജഴ്സിയില്‍ അരങ്ങേറിയപ്പോള്‍ ക്രിക്കറ്റ് വാര്‍ത്തകളിലെ പ്രധാന തലക്കെട്ടുകള്‍ ഇങ്ങനയായിരുന്നു

പ്രതിഭകളുടെ കുത്തൊഴുക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റില്‍ വെറും രണ്ട് വര്‍ഷെ മാത്രം ടീമിലുണ്ടായിരുന്ന കാംബ്ലിയാണ് ഇന്നും ബാറ്റിങ് ആവറേജില്‍ മുന്നില്‍ നില്‍ക്കുന്നത്. വെറും രണ്ട് വര്‍ഷം മാത്രം നീണ്ടുനിന്ന കരിയറില്‍ കാംബ്ലിയുടെ ബാറ്റിങ് ശരാശരി 54. 20. ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളായ സച്ചിനും ദ്രാവിഡിനും മുകളില്‍....

ഇന്ത്യന്‍ ക്രിക്കറ്റിന് ആരായിരുന്നു വിനോദ് കാംബ്ലി? വണ്ടര്‍ ബോയ് ആയി അവതരിച്ച് അതിശയകരമായ തുടക്കത്തിനുശേഷം എങ്ങനെയാണ് കാംബ്ലിയെന്ന ഫയര്‍ ബ്രാന്‍ഡ് അണഞ്ഞുപോയത്? വെറും 17 ടെസ്റ്റുകളിലും 104 ഏകദിനങ്ങളിലുമായി ഒതുങ്ങിപ്പോകേണ്ട കരിയര്‍ ആയിരുന്നോ കാംബ്ലിയുടേത്...?

1996ലെ ലോകകപ്പ് സെമിഫൈനല്‍ ഓര്‍മയുണ്ടോ...? ഇന്ത്യന്‍ ആരാധകര്‍ ഒരിക്കലും മറക്കാനിടയില്ല...

മണ്‍തരികള്‍ വീഴാനിടമില്ലാത്ത വിധത്തില്‍ കാണികള്‍ തിങ്ങിക്കൂടിയ ഈഡന്‍‌ ഗാര്‍ഡന്‍സിന്‍റെ വേദി, സെമിയില്‍ ഏറ്റുമുട്ടുന്നത് ഇന്ത്യയും ശ്രീലങ്കയും... പക്ഷേ, ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ദിവങ്ങളിലൊന്നായാണ് ആ ദിനത്തെ അടയാളപ്പെടുത്തുന്നത്. ശ്രീലങ്ക പടുത്തുയര്‍ത്തിയത് 251 റണ്‍സിന്‍റെ ടോട്ടല്‍. 252 റണ്‍സിന്‍റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യന്‍ നിര 97ന് ഒരു വിക്കറ്റെന്ന ശക്തമായ നിലയില്‍... അപ്പോഴാണ് അത് സംഭവിച്ചത്...

വ്യക്തിഗത സ്കോര്‍ 65 റണ്‍സില്‍ നില്‍ക്കേ സച്ചിന്‍ പുറത്താകുന്നു, ഈഡന്‍‌ ഗാര്‍ഡന്‍സ് നിശബ്ദമായി, സച്ചിന്‍റെ വിക്കറ്റുവീണതിന് പിന്നാലെ ഡ്രസിങ് റൂമിലേക്ക് ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഘോഷയാത്രയായിരുന്നു. 97ന് ഒരു വിക്കറ്റെന്ന നിലയില്‍ നിന്ന് 120ന് എട്ടെന്ന സ്കോറിലേക്ക് ടീം ഇന്ത്യ കൂപ്പുകുത്തി... അവസാന പ്രതീക്ഷയായി 10 റണ്സോടെ വിനോദ് കാംബ്ലി മാത്രം ക്രീസില്‍, പക്ഷേ കാംബ്ലി കൂടി പുറത്തായാല്‍... അങ്ങനെയൊരു രംഗം ആലോചിക്കാനുള്ള കരുത്ത് ഇന്ത്യന്‍ ആരാധകര്‍ക്കുണ്ടായില്ല. സങ്കടവും അമര്‍ഷവും അണപൊട്ടിയ ആരാധകര്‍ രോഷാകുലരായി.. കാണികള്‍ ഗ്രൌണ്ടിലേക്ക് കുപ്പികള്‍ വിലിച്ചെറിഞ്ഞു. ഒടുക്കം സ്റ്റേഡിയത്തിന് തന്നെ തീയിട്ടു.

അങ്ങനെ മത്സരം പൂര്‍ത്തിയാക്കാനാകാതെ അവസാനിപ്പിച്ചു. ചുറ്റും നടക്കുന്നതുകണ്ട് വിശ്വസിക്കാനാവാതെ പൊട്ടിക്കരയുന്ന കാംബ്ലിയുടെ മുഖം ലോകക്രിക്കറ്റിലെ എക്കാലത്തെയും വലിയ നൊമ്പരമായി. കാംബ്ലിക്കറിയാമായിരുന്നു ഒരു ലോകകപ്പാണ് കണ്‍മുന്നില്‍ നിന്നൊലിച്ചുപൊകുന്നതെന്ന്... മാച്ച് റഫറി ക്ലൈവ് ലോയ്ഡ് ശ്രീലങ്കയെ വിജയികളായി പ്രഖ്യാപിച്ചു. മത്സരം പൂര്‍ത്തിയാക്കാനാകാതെ സെമിയില്‍ ഇന്ത്യ പുറത്ത്. സങ്കടം സഹിക്കവയ്യാതെ പൊട്ടിക്കരയുന്ന കാംബ്ലിയുടെ മുഖം സ്ക്രീനില്‍ തെളിഞ്ഞു



അന്നുമുതൽ കാംബ്ലിയുടെ കരിയറും അവസാനിച്ചു തുടങ്ങി എന്ന് പറയാം. പിന്നീട് കളിച്ച 35 മത്സരങ്ങളില്‍ നിന്ന് കാംബ്ലിയുടെ ശരാശരി 19.31 മാത്രമായിരുന്നു.

ഷോര്‍ട് പിച്ച് ബോളുകള്‍ നേരിടുന്നതില്‍ വീഴ്ച

1994 ലെ വിൻഡീസ് പര്യടനത്തിനിടയിലാണ് ഷോർട്ട് ബോളുകളെ നേരിടുന്നതിലുള്ള കാംബ്ലിയുടെ ദൗർബല്യം വ്യക്തമാകുന്നത്. ഫുട്‌വർക്കിലെ പോരായ്മയും ഷോർട്ട് പിച്ച് പന്തുകളും ബൗൺസറുകളും നേരിടുമ്പോൾ മോശം പൊസിഷനിലേക്ക് പോകുന്നതുമായിരുന്നു കാംബ്ലിയുടെ പ്രധാന പ്രശ്നങ്ങള്‍, പുള്‍ ഷോട്ട് കളിക്കുമ്പോഴെല്ലാം നിരന്തരം കാംബ്ലി പരാജയപ്പെടുകയായിരുന്നു. പിഴവ് തിരുത്താനുള്ള ശ്രമങ്ങളൊന്നും കാംബ്ലിയുടെ ഭാഗത്തുനിന്നുണ്ടയില്ലതാനും.

എന്നാല്‍ ബാറ്റിങിലെ സാങ്കേതിക പോരായ്മ മാത്രമയിരുന്നില്ല വിനോദ് കാംബ്ലിയുടെ അസ്തമനത്തിനു കാരണമായതെന്നതാണ് വിമര്‍ശകരുടെ വിലയിരുത്തല്‍. ഗ്രൌണ്ടിന് പുറത്തെ താരത്തിന്‍റെ ജീവിതം ഒട്ടും കണ്ട്രോള്‍ഡ് അല്ലായിരുന്നു എന്നതും പലരും ചൂണ്ടിക്കാട്ടി. വളരെ ചെറുപ്രായത്തില്‍ തന്നെ ലഭിച്ച താരപദവിയില്‍ കാബ്ലി മതിമറന്നു. ലേറ്റ് നൈറ്റ് പാർട്ടികളും മദ്യാസക്തിയും എല്ലാം തന്നെ പലകുറി വാര്‍ത്തകള്‍ സൃഷ്ടിച്ചു. ഒരു സ്പോര്‍ട്സ് താരത്തിന് വേണ്ട അച്ചടക്കം കാംബ്ലിക്കില്ലെന്ന് മാധ്യമങ്ങളും വിമര്‍ശകരും വിധിയെഴുതി...

കാംബ്ലിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിയ ക്രിക്കറ്റ് ലോകം

96 ലോകകപ്പില്‍ ഇന്ത്യ ശ്രീലങ്കയോട് തോറ്റത് ഒത്തുകളിയാണെന്ന് പിന്നീടൊരിക്കല്‍ കാംബ്ലി ആരോപിച്ചിരുന്നു. സെമിയില്‍ ടോസ് നേടിയാൽ ആദ്യം ബാറ്റ് ചെയ്യണമെന്നാണ് തീരുമാനിച്ചിരുന്നതെന്നും പിന്നീട് ടോസ് നേടിയപ്പോൾ ഇന്ത്യ ഫീൽഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നെന്നും ഇതിനുപിന്നിൽ ഒത്തുകളി ഉണ്ടെന്നുമായിരുന്നു കാംബ്ലിയുടെ ആരോപണം. കാംബ്ലിയുടെ വെളിപ്പെടുത്തല്‍ ചില്ലറ കോളിളക്കമൊന്നുമല്ല ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടാക്കിയത്..

പിന്നീടൊരിക്കല്‍ ജാതിയുടെയും നിറത്തിന്‍റെയും പേരിൽ ബി.സി.സി.ഐ തന്നെ നിരന്തരം അവഗണിച്ചിരുന്നതായും കാംബ്ലി വെളിപ്പെടുത്തി. ഇതിലെല്ലാം ഉപരിയായി കാംബ്ലിയെ വിഷമിപ്പിച്ചിരുന്നത് ഉറ്റ സുഹൃത്തായ സച്ചിന്‍ മോശം കാലത്ത് തനിക്ക് ഒരുതരത്തിലും പിന്തുണ നല്‍കിയില്ല എന്നതാണ്....

വിടവാങ്ങൽ ചടങ്ങില്‍ എന്നെ ക്ഷണിച്ചില്ലെങ്കിലും അവന്‍റെ വിടവാങ്ങൽ പ്രസംഗത്തിൽ എന്നെപ്പറ്റി ഒരു വാക്കെങ്കിലും പറയുമെന്ന് ഞാൻ ഒരുപാട് പ്രതീക്ഷിച്ചിരുന്നു. ഒന്നും പറയാനുണ്ടായില്ലെങ്കിലും സ്കൂൾ ക്രിക്കറ്റില്‍ ഞങ്ങള്‍ ഒരുമിച്ചുനേടിയ ആ ലോക റെക്കോർഡെങ്കിലും അവന്‍ സൂചിപ്പിക്കുമെന്ന് ഞാന്‍ വിചാരിച്ചു. അതുമുണ്ടായില്ല... പക്ഷേ ഞാനെവിടെയും എത്തിയില്ലെങ്കിലും എന്‍റെ ആത്മാർത്ഥ സുഹൃത്ത് ലോകത്തിന്‍റെ നെറുകയിലെത്തിയതിൽ എനിക്കഭിമാനമുണ്ട്.

സച്ചിന്‍റെ വിടവാങ്ങല്‍ സമയത്ത് കാംബ്ലി നടത്തിയ പ്രസ്താവനയാണിത്. ഇതില്‍ നിന്നുതന്നെ മനസിലാക്കാം തന്‍റെ ഏറ്റവും അടുത്ത സുഹൃത്തിന്‍റെ അവഗണനയില്‍ കാംബ്ലിക്ക് എത്രത്തോളം നിരാശയുണ്ടായിരുന്നു എന്ന്... പക്ഷേ സച്ചിന്‍റെ നേട്ടങ്ങളിലെല്ലാം കാംബ്ലി എന്നും അഭിമാനിച്ചിരുന്നു, അതിന് സാക്ഷ്യം വഹിക്കുന്നതാണ് കാംബ്ലി സച്ചിന്‍റെ നേട്ടങ്ങളെക്കുറിച്ച് പറഞ്ഞ വാക്കുകള്‍..

'ഞാന്‍ പടവുകള്‍ കയറി മുകളിലേക്ക് പോവാന്‍ ശ്രമിച്ചു. സച്ചിനാവട്ടെ ലിഫ്റ്റില്‍ മുകളിലേക്ക് കുതിച്ചു...'

സച്ചിനുമായുള്ള സൌഹൃദം

റെക്കോര്‍ഡുകളുടെ എണ്ണത്തില്‍പ്പോലും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച സച്ചിന്‍ എന്ന മഹാമേരുവിന്‍റെ ആദ്യ ലോകറെക്കോഡ് വിനാദ് കാംബ്ലിക്ക് ഒപ്പമായിരുന്നു. സച്ചിന്‍റെയും കാംബ്ലിയുടെയും സൌഹൃദം ആരംഭിക്കുന്നത് ശാരദാശ്രമം സ്കൂളില്‍വെച്ചാണ്, സ്കൂള്‍ ക്രിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ ആ ലോകറെക്കോര്‍ഡാണ് സച്ചിന്‍റെയും കാബ്ലിയുടെയും കരിയറില്‍ വഴിത്തിരിവാകുന്നതും.




1988-ലെ ഹാരിസ് ഷീൽഡ് ട്രോഫിയുടെ സെമിഫൈനലിലയിരുന്നു ലോകക്രിക്കറ്റിനെ തന്നെ അത്ഭുതപ്പെടുത്തിയ ആ റെക്കോര്‍ഡ് പിറക്കുന്നത്, അന്ന് ആസാദ് മൈതാനത്തുവെച്ചു നടന്ന മത്സരത്തില്‍ മൂന്നാം വിക്കറ്റില്‍ സച്ചിനും കാംബ്ലിയും ചേര്‍ന്ന് നേടിയത് 664 റണ്‍സിന്‍റെ അഭേദ്യമായ കൂട്ടുകെട്ടാണ്. സച്ചിന്‍ 326 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ 349 റണ്‍സോടടെ ടോപ്സ്കോററായി പുറത്താകാതെ കാംബ്ലിയും ഒപ്പമുണ്ടായിരുന്നു.

അരങ്ങേറ്റം സ്വപ്നതുല്യം

ആ വര്‍ഷം തന്നെ സച്ചിൻ രഞ്ജി ട്രോഫിയിൽ മുംബൈക്കു വേണ്ടി അരങ്ങേറി. ഒരു വർഷം കഴിഞ്ഞാണ് കാംബ്ലിക്ക് രഞ്ജിയില്‍ കളിക്കാന്‍ അവസരമുണ്ടാകുന്നത്. അരങ്ങേറ്റത്തില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സറിന് പറത്തിയാണ് കാംബ്ലി വരവറിയിച്ചത്. സ്വപ്നതുല്യമായിരുന്നു വിനോദ് കാംബ്ലിയെന്ന് ക്രിക്കറ്ററുടെ തുടക്കം.

അര്‍ഹിച്ച അംഗീകാരം പോലെ 91 ൽ ഇന്ത്യന്‍ ഏകദിന സ്ക്വാഡിലേക്കും 93 ൽ ടെസ്റ്റ് ടീമിലേക്കും കാംബ്ലിക്ക് വിളി വന്നു. കരിയറിലെ തന്‍റെ മൂന്നാമത്തെ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 224 റൺസ് നേടിയ കാംബ്ലി നാലാം ടെസ്റ്റിൽ സിംബാബ്വെക്കതിരെ 227 റണ്‍സും അടിച്ചുകൂട്ടി. ക്രിക്കറ്റ് ലോകം ഞെട്ടി. വാര്‍ത്തകളെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ വണ്ടര്‍ ബോയിക്കുറിച്ചായി. പിന്നീടുവന്ന ലങ്കൻ പര്യടനത്തിൽ രണ്ട് സെഞ്ച്വറി കൂടി. സച്ചിനുമുകളില്‍ തന്നെയാണ് കാംബ്ലിയുടെ പ്രതിഭയെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ വിധിയെഴുതി

വോണിനെ പഞ്ഞിക്കിട്ട കാംബ്ലി

പെപ്സി ഓസ്ട്രിയല്‍ കപ്പില്‍ ഷെയ്ന്‍ വോണിനെ മൃഗീയമായി നേരിട്ട കാംബ്ലിയെ ക്രിക്കറ്റ് ആരാധകര്‍ മറന്നിട്ടുണ്ടാകില്ല, വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമനായി ലോകം ഭരിക്കാന്‍ പോകുന്ന ബൌളറാണ് വോണെന്ന സിക്സ്ത് സെന്‍സൊന്നും കാംബ്ലിക്കുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഒരു പ്രതിപക്ഷ ബഹുമാനവും കൂടാതെയാണ് വോണിനെ കാംബ്ലി നേരിട്ടത്. 94ല്‍ ഷാര്‍ജയില്‍ വെച്ചായിരുന്നു മത്സരം. 45ആം ഓവര്‍ എറിയാനെത്തിയ വോണിനെ അക്ഷരാര്‍ഥത്തില്‍ കാംബ്ലി പഞ്ഞിക്കിടുകയായിരുന്നു, 22 റണ്‍സാണ് ആ ഓവറില്‍ കാംബ്ലി അടിച്ചെടുത്തത്. മാരക പ്രഹരശേഷിയില്‍ ബാറ്റുവീശിയ കാംബ്ലി അന്ന് ഇന്ത്യയെ ഏഴ് വിക്കറ്റിന്‍റെ അനായാസ ജയത്തിലേക്ക് നയിച്ചു.

കാംബ്ലിയുടെ ഗ്രാഫ് താഴേക്ക്

പക്ഷേ പിന്നീടെപ്പോഴാണ് വിനോദ് കാംബ്ലിക്ക് തന്‍റെ പ്രതിഭ നഷ്ടമായത്, ഇത്രയും മികച്ച എന്‍ട്രി ലഭിച്ചിട്ടും എങ്ങനെയാണ് കാംബ്ലി ടീമില്‍ നിന്ന് പുറത്തായത്...?

നേരത്തെ പറഞ്ഞതുപോലെ 96 ലോകകപ്പിനു ശേഷമാണ് കാംബ്ലിയുടെ കരിയര്‍ അസ്തമിച്ചുതുടങ്ങിയത്. തൊണ്ണൂറുകളുടെ മധ്യത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ തുടങ്ങിയ പ്രതിഭാശാലികളുടെ തള്ളിക്കയറ്റം ഉണ്ടാകുന്നത്. 96 ലോകകപ്പിന് ശേഷം ഗാംഗുലിയെന്ന ഇടങ്കയ്യന്‍ ടീമിൽ സ്ഥാനം ഉറപ്പിച്ചതോടെ കാംബ്ലിക്ക് ഏകദിന ടീമിലേക്ക് വിളിയെത്തിയത് വല്ലപ്പോഴും മാത്രമായി. 2000ൽ യുവ താരങ്ങള്‍ ടീമിലെത്തിയതോടെ കാംബ്ലിക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞു. സമകാലികരായ സച്ചിനും ദ്രാവിഡും ഗാംഗുലിയുമടക്കമുള്ള താരങ്ങള്‍ കളിക്കളത്തില്‍ കഠിനാധ്വാനം ചെയ്തപ്പോള്‍ കാംബ്ലി ഓഫ് ദ ഫീല്‍ഡില്‍ ആയിരുന്നു കൂടുതലും ശ്രദ്ധിച്ചത്. ഇതുതന്നെയാണ് താരത്തിന്‍റെ കരിയറിന് വിനയായതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.


കാംബ്ലിയുടെ കരിയർ അങ്ങനെ വെറും 17 ടെസ്റ്റുകൾ കൊണ്ട് അവസാനിച്ചു. ഏകദിനത്തിൽ അഞ്ചു കൊല്ലം കൂടി അദ്ദേഹം കളിക്കുന്നുണ്ട്. പക്ഷേ, പഴയ പ്രതിഭയുടെ നിഴല്‍ മാത്രമായിരുന്നു ക്രീസില്‍. 1993 വരെ കാംബ്ലി കളിച്ച 7 ടെസ്റ്റുകളില്‍ 793 റണ്‍സാണ് അദ്ദേഹം നേടിയത്. 113.28 ശരാശരി. എന്നാല്‍ പിന്നീട് കളിച്ച 10 ടെസ്റ്റുകളില്‍ കാംബ്ലിയുടെ നേട്ടം വെറും 291 റണ്‍സ് മാത്രമാണ്. ഏകദിനത്തില്‍ 104 മത്സരങ്ങളില്‍ നിന്നും 2477 റണ്‍സ് നേടിയ കാംബ്ലി ആദ്യത്തെ 53 കളികളില്‍ നിന്നും സ്കോര്‍ ചെയ്തത് 1522 റണ്‍സാണ്. എന്നാല്‍ അടുത്ത 51 കളികളില്‍ നിന്നും കാംബ്ലി സ്കോര്‍ ചെയ്തതാകട്ടെ വെറും 955 റണ്‍സും. കണക്കുകള്‍ കാണിക്കുന്നത് ഫസ്റ്റ് ഹാഫിലെ അത്ഭുതപ്രകടനങ്ങള്‍ക്ക് ശേഷം കാംബ്ലിയുടെ ഗ്രാഫ് പതിയെ താഴുന്നതാണ്. ഷോർട്ട് പിച്ച് പന്തുകൾ നേരിടുന്നതിലെ പരിമിതി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തിയില്ല എന്നതാണ് താരത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ സാങ്കേതി പിഴവ്.

എന്നാൽ ഔട്ട് ഓഫ് ഫോം എന്ന അവസ്ഥയിലേക്ക് കാംബ്ലി എത്തിപ്പെടുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിന് ഭാവിയിൽ മുതൽക്കൂട്ടാകുമെന്ന പരിഗണന നൽകി അദ്ദേഹത്തെ തിരികെ കൊണ്ടുവരാനോ തിരുത്താനോ ശ്രമിക്കാതിരുന്ന സെലക്ടർമാരും സഹതാരങ്ങളും ഒരേപോലെ കുറ്റക്കാരാണ്.

ഒരുപക്ഷേ തിരുത്തലുകൾ സംഭവിച്ചിരുന്നെങ്കിൽ, സച്ചിന്‍ എന്ന ദൈവത്തിന് ഇന്ത്യന്‍ ക്രിക്കറ്റില്‍ ലഭിച്ച പിന്തുണയുടെ ഒരല്‍പമെങ്കിലും കാംബ്ലിക്കും ലഭിച്ചിരുന്നെങ്കില്‍ ലോകം കണ്ട ഏറ്റവും മികച്ച ഇടംകയ്യൻ ബാറ്റ്സ്മാൻ എന്ന സിംഹാസനത്തില്‍ കാംബ്ലി ഉണ്ടാകുമായിരുന്നു. പക്ഷേ നിർഭാഗ്യത്തിന്‍റെ ക്രീസില്‍ വിനോദ് കാംബ്ലിക്ക് തന്‍റെ ഇരുപത്തിമൂന്നാം വയസ്സിൽ അവസാന ടെസ്റ്റിന് പാഡണിയാനായിരുന്നു വിധി, ദ ലോസ്റ്റ് ഹീറോ, അതായിരുന്നു കാംബ്ലിയുടെ ജീവചരിത്രത്തിന് കുനാൽ പുരന്ദരെ നല്‍കിയ പേര്, ആ തലക്കെട്ടില്‍ തന്നെ വ്യക്തമായിരുന്നു കാംബ്ലിയുടെ ജീവിതവും

Similar Posts