സൂര്യകുമാറും സിറാജും കളിക്കും; ഇംഗ്ലണ്ടിനെതിരെ മാറ്റമില്ലാതെ ഇന്ത്യ
|മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു
ലഖ്നൗ: ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെയുള്ള ഇന്നത്തെ മത്സരത്തിൽ ഇന്ത്യൻ ഇലവനിൽ മാറ്റമില്ല. ന്യൂസിലൻഡിനെതിരെ കളിച്ച താരങ്ങളെല്ലാം ഇന്ന് ഇംഗ്ലീഷ് പടയ്‌ക്കെതിരെയും ഇറങ്ങും. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു. നായകനെന്ന നിലയിൽ രോഹിത് ശർമയുടെ നൂറാമത് മത്സരമാണ് ഇന്ന് നടക്കുന്നത്. ലഖ്‌നൗവിലെ ഏകാന സ്‌പോർട്‌സ് സിറ്റിയിൽ രണ്ട് മണി മുതലാണ് മത്സരം നടക്കുന്നത്. ഹർദിക് പാണ്ഡ്യയില്ലാത്തതിനാൽ ഷർദുൽ താക്കൂറോ ഇഷൻ കിഷനോ ഇറങ്ങിയേക്കുമെന്ന് കരുതപ്പെട്ടിരുന്നു. കഴിഞ്ഞ കളിയിൽ അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയെ ഒഴിവാക്കിയില്ലെന്നും പകരം സിറാജിന് വിശ്രമം നൽകിയേക്കുമെന്നും നിരീക്ഷിക്കപ്പെട്ടു. എന്നാൽ കഴിഞ്ഞ കളിയിലെ അതേ ടീമിനെ നിലനിർത്തുകയായിരുന്നു.
ഇന്ത്യൻ ടീം:
രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട് ടീം:
ജോണി ബെയർസ്‌റ്റോ, ഡേവിഡ് മലാൻ, ജോ റൂട്ട്, ബെൻ സ്‌റ്റോക്‌സ്, ജോസ് ബട്‌ലർ (ക്യാപ്റ്റൻ), ലിയാം ലിവിങ്‌സ്റ്റൺ, മുഈൻ അലി, ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി, ആദിൽ റഷീദ്, മാർക് വുഡ്.
ഇംഗ്ലണ്ടിനെ മറികടന്ന് സെമി ഫൈനലിലേക്ക് ഒരു പടി കൂടി അടുക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. ആദ്യ നാലിൽ എത്താൻ ഇനിയുള്ള ഓരോ മത്സരങ്ങളും ജീവൻ മരണ പോരാട്ടമാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്. ഈ ലോകകപ്പിന്റെ തുടക്കം അവർക്ക് അത്ര നല്ലതല്ല. കളിച്ച അഞ്ചിൽ നാലിലും പരാജയം, കേവലം രണ്ടുപോയിന്റുമായി പട്ടികയിൽ ഏറ്റവും ഒടുവിലാണ് ചാമ്പ്യന്മാർ. ഇന്ത്യയെ നേരിടുമ്പോൾ സമ്മർദം മുഴുവൻ ഇംഗ്ലണ്ടിനാണ്. ജയിച്ചില്ലെങ്കിൽ വിദൂരമായുള്ള ഒരു സെമി സാധ്യത പോലും ഇനി ഉണ്ടാകില്ല. ടോസ് നിർണായകമായ ലഖ്നൗ പിച്ചിൽ ഇന്ത്യൻ സ്പിന്നർമാരെ നേരിടാനുള്ള, മുന്നൊരുക്കം ഇന്നലെ പരിശീലനത്തിടയിലും ഇംഗ്ലണ്ട് താരങ്ങൾ നടത്തി. ബാറ്റിങ്ങിലും ബൗളിങ്ങിലും സ്ഥിരത പുലർത്താത്ത ടീമിന് തിരിച്ചുവരവിനുള്ള അവസാന സാധ്യതയാണ് ഇന്നത്തെ മത്സരം. മറുവശത്ത് ഇന്ത്യയ അപരാജിത കുതിപ്പ് തുടരുകയാണ്. കളിച്ച അഞ്ചു മത്സരങ്ങളിലും ആധികാരികമായ ജയമാണ് ടീം നേടിയത്.