Cricket
ഈ ടീമിലേക്ക് ഇവരും വേണമായിരുന്നു: അസ്ഹറുദ്ദീൻ പറയുന്നത്...
Cricket

'ഈ ടീമിലേക്ക് ഇവരും വേണമായിരുന്നു': അസ്ഹറുദ്ദീൻ പറയുന്നത്...

Web Desk
|
13 Sep 2022 12:31 PM GMT

രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ ഏഷ്യാകപ്പിലെ ടീമിൽ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാണ് പ്രഖ്യാപനം

ഹൈദരാബാദ്: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തെ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ ഏഷ്യാകപ്പിലെ ടീമിൽ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാണ് പ്രഖ്യാപനം. ഒക്ടോബറിൽ ആസ്‌ട്രേലിയയിൽ വെച്ചാണ് ലോകകപ്പ് നടക്കുന്നത്. അതേസമയം ഇന്ത്യയുടെ ടീം പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമർശനമാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്. ടീം പ്രഖ്യാപിച്ചപ്പോൾ മികവ് നോക്കിയില്ലെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം.

അതിലൊന്നാണ് മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്താത്തത്. മുഹമ്മദ് ഷമിയെ സ്റ്റാൻഡ് ബൈ ആയി ഉൾപ്പെടുത്തിയതിനെതിരെയും വിമർശനമുണ്ട്. ഇപ്പോഴിതാ ഈ വിമർശകരുടെ കൂട്ടത്തിലേക്ക് മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീനും എത്തിയിരിക്കുന്നു. അസ്ഹറിന്റെ വിമര്‍ശനം സ്റ്റാന്‍ഡ് ബൈ ആയി ഉള്‍പ്പെടുത്തിയവരെ കുറിച്ചാണ്. ശ്രേയസ് അയ്യരെയും മുഹമ്മദ് ഷമിയേയും 15 അംഗ സംഘത്തില്‍ ഉൾപ്പെടുത്തണമെന്നാണ് അസ്ഹറുദ്ദിന്റെ അഭിപ്രായം. രവി ബിഷ്‌ണോയിയും ദീപക് ചഹറിനെയും സ്റ്റാൻഡ് ബൈ ആയി ഉൾപ്പെുത്തണമായിരുന്നുവെന്നും അസ്ഹർ നിർദേശിക്കുന്നു.

'ശ്രേയസ് അയ്യരെയും മുഹമ്മദ് ഷമിയെയും ഉൾപ്പെടുത്താത്തത് എന്നെ ആശ്ചര്യപ്പെടുത്തി. ദീപക് ഹൂഡക്ക് പകരം അയ്യരും ഹർഷൽ പട്ടേലിന് പകരം മുഹമ്മദ് ഷമിയും വേണമായിരുന്നു'- ഇങ്ങനെ പോകുന്നു അസ്ഹറിന്റെ ട്വീറ്റ്. ഇന്ത്യക്ക് വേണ്ടി 46 ടി20 മത്സരങ്ങൾ കളിച്ച താരമാണ് ശ്രേയസ് അയ്യർ. എന്നാൽ ഫോം സ്ഥിരമായി നിലനിർത്താനാവാത്തതാണ് അയ്യർക്ക് തിരിച്ചടിയാകുന്നത്. 136.65 സ്‌ട്രേക്ക് റേറ്റിൽ 1029 റൺസ് അയ്യർ ഇന്ത്യക്കായി നേടിയിട്ടുണ്ട്. ഇന്ത്യക്ക് കളിച്ച 17 ടി20 മത്സരങ്ങളിൽ നിന്നായി 18 വിക്കറ്റുകൾ ഷമി വീഴ്ത്തിയിട്ടുണ്ട്. രണ്ട് പേരും ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ മികവ് തെളിയിച്ചിരുന്നു. സ്റ്റാന്‍ഡ് ബൈ ആയാണ് ഇവരുവരുടെയും തെരഞ്ഞെടുപ്പ്.

ലോകകപ്പിനുള്ള ഇന്ത്യൻ ടീം ഇങ്ങനെ:

രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, യുസ്വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ്

സ്റ്റാൻഡ്‌ബൈ കളിക്കാർ - മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ, രവി ബിഷ്ണോയ്, ദീപക് ചാഹർ.

Related Tags :
Similar Posts