'ലോകത്തിപ്പോൾ ഒരേയൊരു മികച്ച ഫീൽഡറേയുള്ളൂ, ഈ ഇന്ത്യക്കാരനാണത്'; വിലയിരുത്തലുമായി ജോൺഡി റോഡ്സ്
|ഇന്ത്യൻ പ്രീമിയർ ലീഗാണ് പലരുടെയും ഫീൽഡിംഗ് മികവ് വർധിക്കാൻ കാരണമായതെന്നും ദക്ഷിണാഫ്രിക്കൻ ഫീൽഡിംഗ് ഇതിഹാസം
ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡറെ തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്കൻ താരവും മിന്നും ഫീൽഡറുമായിരുന്ന ജോൺഡി റോഡ്സ്. ഇന്ത്യൻ താരം രവീന്ദ്ര ജഡേജയെയാണ് അദ്ദേഹം മികച്ച ഫീൽഡറായി തിരഞ്ഞെടുത്തിരിക്കുന്നത്. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങുന്ന താരം നിർണായക ക്യാച്ചുകൾ നേടുകയും സുപ്രധാന റണ്ണൗട്ടുകൾ കണ്ടെത്തുകയും ചെയ്യുന്ന ജഡേജ ഇതര ഫീൽഡറമാർക്കിടയിൽ ഏറെ മികച്ചുനിൽക്കുന്നുവെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ലോകക്രിക്കറ്റിലെ മികച്ച മൂന്നു ഫീൽഡർമാരെ തിരഞ്ഞെടുക്കാൻ പറഞ്ഞപ്പോൾ 'ഇപ്പോൾ ഒരാൾ മാത്രമേയുള്ളൂ- രവീന്ദ്ര ജഡേജ മാത്രം' എന്നായിരുന്നു ദക്ഷിണാഫ്രിക്കയുടെ മുൻ മിന്നും ഫീൽഡറുടെ മറുപടി. ഗ്രൗണ്ടിൽ മിക്കപ്പോഴും അദ്ദേഹം ഫീൽഡിംഗിലൂടെ ഞെട്ടിക്കുകയാണെന്നും പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗാണ് പലരുടെയും ഫീൽഡിംഗ് മികവ് വർധിക്കാൻ കാരണമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2008 മുതൽ ആരംഭിച്ച് ഇപ്പോൾ 15 എഡിഷൻ കഴിഞ്ഞിരിക്കുന്ന ഐ.പി.എല്ലോടെ താരങ്ങൾ ഫീൽഡിംഗ് മികവ് കാണിക്കാൻ തുടങ്ങിയെന്നും ബൗണ്ടറി ലൈനിലും സർക്കിളിനകത്തുമൊക്കെയായി മികച്ച നിരവധി ക്യാച്ചുകളാണ് ടൂർണമെൻറിൽ കാണുന്നതെന്നും ജോൺടി പറഞ്ഞു.
'ഐ.പി.എൽ തുടങ്ങിയതോടെ ആളുകൾ ഫീൽഡിംഗിൽ ശ്രദ്ധിക്കാൻ തുടങ്ങി. മുമ്പ് എല്ലാ ടീമുകൾക്കും ഫീൽഡിംഗ് കോച്ചുണ്ടായിരുന്നില്ല. 50 ഓവർ മത്സരങ്ങളിൽ ആവശ്യത്തിന് സമയമുണ്ടായിരുന്നു. മൂന്നാല് നല്ല ഫീൽഡർമാരും ആറേഴ് സാധാരണ കളിക്കാരുമാണ് ടീമുകളിലുണ്ടായിരുന്നത്. എന്നാൽ ഐ.പി.എൽ തുടങ്ങിയതോടെ ഫീൽഡിംഗ് രംഗത്ത് നാം മികവ് കണ്ടു. 2008 മുതലുള്ള 12-13 വർഷം അത്ഭുതപ്പെടുത്തുന്നതാണ്. മുമ്പ് ജനങ്ങൾ ഫീൽഡിംഗിനെ കുറിച്ച് സംസാരിക്കുമ്പോൾ മൂന്നാല് പേരെയുണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഒരു ടീമെന്ന നിലയിൽ തന്നെ ഫീൽഡിംഗിന്റെ വളർച്ച കാണാനാകും' റോഡ്സ് അഭിപ്രായപ്പെട്ടു.