'ഇതാണ് ഭാഗ്യം, ഭൂമി കുലുങ്ങിയാലും സ്റ്റമ്പ് ഇളകില്ല': അവസരം മുതലെടുത്ത് അലൻ
|സ്റ്റമ്പിൽ പന്ത് തട്ടിയാലും ബെയിൽസ് ഇളകാത്ത ഒത്തിരി മുഹൂർത്തങ്ങൾ ക്രിക്കറ്റ് ലോകത്ത് സംഭവിച്ചുകഴിഞ്ഞു
വെല്ലിങ്ടൺ: രസകരമായ കാഴ്ചകൾ ക്രിക്കറ്റ് ലോകത്ത് സാധാരണമാണ്. സ്റ്റമ്പിൽ പന്ത് തട്ടിയാലും ബെയിൽസ് ഇളകാത്ത ഒത്തിരി മുഹൂർത്തങ്ങൾ ക്രിക്കറ്റ് ലോകത്ത് സംഭവിക്കാറുണ്ട്. ഒരുപക്ഷേ സ്പിൻ ബൗളിങിലും മറ്റുമൊക്കെയാണ് ഇങ്ങനെ ഉണ്ടാകാറ്. എന്നാൽ ഫാസ്റ്റ് ബൗളിങിൽ സ്റ്റമ്പിൽ പന്ത് തട്ടിയിട്ടും ബെയിൽസ് കൊണ്ട ഭാവം നടിച്ചില്ല. അത്തരമൊരു കാഴ്ചയായിരുന്നു ന്യൂസിലാൻഡും ശ്രീലങ്കയും തമ്മിലെ ആദ്യ മത്സരം.
മത്സരത്തിൽ ന്യൂസിലാൻഡ് 198 റൺസിന്റെ വമ്പൻ ജയം സ്വന്തമാക്കുകയും ചെയ്തു. ന്യൂസിലാൻഡ് ബാറ്റര് ഫിൻ അലനാണ് മഹാഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. കസുൻ രജിതയായിരുന്നു ബൗളർ. കസുൻ രജിതയുടെ ഒരു വേഗതയാർന്ന പന്ത് അലനെ ബീറ്റ് ചെയ്തു. പിന്നാലെ സ്റ്റമ്പിൽ കൊള്ളുകയും ചെയ്തു. എന്നാൽ ബെയിൽസ് വീണില്ല. പന്ത് സ്റ്റമ്പിൽ കൊള്ളുന്നതിന്റെ ശബ്ദം എല്ലാവരും കേൾക്കുകയും ചെയ്തു.
ഒമ്പത് റൺസായിരുന്നു അപ്പോൾ അലന്റെ സ്‌കോർ. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ എല്ലാവരും പരസ്പരം നോക്കുന്നുണ്ടായിരുന്നു. സംഭവം സമൂഹമാധ്യമങ്ങളിലും തരംഗമായി. രസകരമായ കമന്റുകളുമായി വീഡിയോ 'കളറാ'ക്കുകയാണ് ആരാധകര്‍.
ഫിൻ അലൻ പിന്നീട് അർധ സെഞ്ച്വറി നേടി. ലഭിച്ച അവസരം മുതലെടുത്തുള്ളൊരു ഇന്നിങ്സ്. 49 പന്തിൽ നിന്ന് അഞ്ച് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു അലന്റെ ഇന്നിങ്‌സ്. മത്സരത്തിൽ 49.3 ഓവറിൽ ന്യൂസിലാൻഡ് നേടിയത് 274 റൺസ്. മറുപടി ബാറ്റിങിൽ ലങ്കയുടെ ഇന്നിങ്‌സ് 76ന് അവസാനിച്ചു. 198 റൺസിന്റെ വമ്പൻ ജയമാണ് കിവികൾ നേടിയത്. ന്യൂസിലാൻഡിന്റെ വലിയ വിജയങ്ങളിലൊന്നാണിത്. ന്യൂസിലാൻഡിനായി ഹെൻറി ഷിപ്പ്‌ലെ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഡാരിൽ മിച്ചൽ, ബ്ലെയർ ടിക്‌നർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.