Cricket
Sunil Narineസുനില്‍ നരെയ്ന്‍
Cricket

മൂന്ന് ദിവസം, രണ്ട് രാജ്യങ്ങൾ, നാല് മത്സരം: 'ഓടിക്കളിച്ച്' നരേയ്ൻ

Web Desk
|
13 July 2023 7:49 AM GMT

'ടീം വിൻഡീസിന്' വേണ്ടി കളിക്കാൻ വന്നില്ലെങ്കിലും സ്‌പോട്ടിൽ പണം കിട്ടുന്ന എല്ലാ ലീഗുകളിലും വിന്‍ഡീസ് കളിക്കാര്‍ ഉണ്ട്

ആന്റിഗ്വ: വെസ്റ്റ്ഇൻഡീസ് കളിക്കാർ ഇല്ലാതെ ലോകത്തൊരു ടി20 ടൂർണമെന്റും നടക്കുന്നില്ല. 'ടീം വിൻഡീസിന്' വേണ്ടി കളിക്കാൻ വന്നില്ലെങ്കിലും സ്‌പോട്ടിൽ പണം കിട്ടുന്ന എല്ലാ ലീഗുകളിലും വിന്‍ഡീസ് കളിക്കാര്‍ ഉണ്ട്. അതിലൊരാളാണ് സുനിൽ നരേയ്ൻ. ഇപ്പോഴിതാ 75 മണിക്കൂറിനുള്ളില്‍ വെറും നാല് ടി20 മത്സരങ്ങൾ കളിക്കാൻ രണ്ട് രാജ്യങ്ങളിൽ പോകാനൊരുങ്ങുകയാണ് നരേയ്ൻ.

അമേരിക്കയിലെ മേജർ ലീഗ് ക്രിക്കറ്റിലും(എം.എൽ.സി) ഇംഗ്ലണ്ടിൽ നടക്കുന്ന വിറ്റാലിറ്റി ബ്ലാസ്റ്റ് ലീഗിലുമാണ് മൂന്ന് ദിവസത്തിനുള്ളില്‍ നരേയ്ന്‍ കളിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ആറ് ആഴ്ചയായി താരം ഇംഗ്ലണ്ടിലുണ്ട്. ഐ.പി.എല്ലിന് പിന്നാലെയാണ് താരം ഇംഗ്ലണ്ടിലെത്തിയത്. വിറ്റാലിറ്റി ബ്ലാസ്റ്റ് ലീഗില്‍ സറെക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. 20 വിക്കറ്റുമായി ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതാണ്. ബാറ്റുകൊണ്ടും താരം മികവ് തുടരുന്നു.

ടൂർണമെന്റിലെ ക്വാർട്ടർ ഫൈനൽ വിജയത്തിന് പിന്നാലെയാണ് താരം യുഎസിലേക്ക് പറക്കുന്നത്. അവിടെ എൽ.എ നൈറ്റ് റൈഡേഴ്‌സിന്റെ നായകൻ കൂടിയാണ് നരേൻ. അമേരിക്കയിലെ മേജർ ലീഗ് ക്രിക്കറ്റിന്റെ ഉദ്ഘാടന സീസണാണിത്. ഈ മാസം 13ന്(വ്യാഴം) നരേയ്ൻ യുഎസിലേക്ക് പോകും.

സറേക്ക് വേണ്ടിയുള്ള സെമി ഫൈനൽ കളിക്കാൻ(ജൂലൈ 15) നരേൻ വീണ്ടും മടങ്ങിയെത്തും. സോമർസെറ്റിനെതിരെയാണ് സറെയുടെ സെമി ഫൈനൽ മത്സരം. ഉച്ചക്ക് ശേഷം എഡ്ജ്ബാസ്റ്റണിൽ 2.30നാണ് ഈ മത്സരം. സെമി ജയിക്കുകയാണെങ്കിൽ വൈകീട്ട് തന്നെയാണ് ഫൈനലും. ശേഷം അമേരിക്കയിലെ ഡല്ലാസിലേക്ക് നരേയ്ൻ പറക്കും. ഞായറാഴ്ചയാണ് അവിടെ മത്സരം.

സറെ ഫൈനലിലേക്ക് യോഗ്യത നേടുകയാണെങ്കിൽ 75 മണിക്കൂറിനുള്ളിൽ നരേയ്ന് കളിക്കാനുള്ളത് നാല് മത്സരങ്ങൾ. ഇതിൽ ഏകദേശം 18 മണിക്കൂറോളം അദ്ദേഹം വിമാനത്തിൽ തന്നെ തങ്ങേണ്ടി വരും. അതേസമയം ഐ.പി.എല്ലിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ശേഷം കൊൽക്കത്ത റൈഡേഴ്‌സിന്റെ കീഴിൽ നരേന്റെ നാലാമത്തെ ഫ്രാഞ്ചൈസിയാണ് അമേരിക്കയിലെ എൽ.എ നൈറ്റ് റൈഡേഴ്‌സ്.

Similar Posts