ടി20യിൽ അർധശതകം നേടുന്ന പ്രായം കുറഞ്ഞ രണ്ടാം താരം; രോഹിതിന് ശേഷം തിലക് വർമ
|ഇന്ത്യ പരാജയപ്പെട്ട ആദ്യ ടി20യിലും തിലക് വർമയായിരുന്നു ടോപ് സ്കോറർ
പ്രൊവിഡൻസ്: വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും അർധസെഞ്ച്വറിയുമായി തിലക് വർമ തിളങ്ങിയിരുന്നു. ഇതോടെ ടി20യിൽ അർധശതകം നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായിരിക്കുകയാണ് തിലക്. കന്നി ടി20 അർധശതകത്തിലൂടെ രോഹിത് ശർമയ്ക്കു തൊട്ടുപിന്നിലാണ് 20കാരന്റെ സ്ഥാനം. 20 വർഷവും 271 ദിവസവുമാണ് അർധസെഞ്ച്വറി നേടുമ്പോൾ താരത്തിന്റെ പ്രായം. ടി20യിൽ കന്നി അർധസെഞ്ച്വറി നേടിയപ്പോൾ 20 വർഷവും 143 ദിവസവുമായിരുന്നു രോഹിതിന്റെ പ്രായം. 2007ൽ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു നേട്ടം.
2018ൽ വിൻഡീസിനെതിരെ കന്നി അർധസെഞ്ച്വറി നേടിയ ഋഷബ് പന്താണ് പട്ടികയിൽ മൂന്നാമത്. 21 വർഷവും 38 ദിവസവുമായിരുന്നു അർധസെഞ്ച്വറി നേടുമ്പോൾ പന്തിന്റെ പ്രായം.
ഇന്ത്യ പരാജയപ്പെട്ട വിൻഡീസിനെതിരെയുള്ള ആദ്യ ടി20യിലും തിലക് വർമ നല്ല പ്രകടനം നടത്തിയിരുന്നു. മത്സരത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ തിലക് വർമയായിരുന്നു (22 പന്തിൽ 39) ഇന്ത്യയുടെ ടോപ് സ്കോറർ.
കന്നി അർധസെഞ്ച്വറി രോഹിതിൻെ മകൾ സമയ്റക്കാണ് തിലക് വർമ സമർപ്പിച്ചത്. താൻ ഒരു സെഞ്ച്വറിയോ അർധസെഞ്ച്വറിയോ നേടിയാൽ അവൾക്കൊപ്പം ആഘോഷിക്കുമെന്ന് വാക്ക് നൽകിയിരുന്നതായി തിലക് പിന്നീട് പറഞ്ഞു.
'രോഹിത് ബായിയും റെയ്ന ബായിയുമാണ് എന്റെ പ്രചോദനം, ആദ്യ സീസണിൽ തന്നെ കൂടുതൽ സമയം ഞാൻ രോഹിത് ബായിക്കൊപ്പമാണ് ചെലവഴിച്ചത്. ഞാൻ എല്ലാ ഫോർമാറ്റിനും പറ്റിയ താരമാണെന്ന് രോഹിത് ബായി എന്നോട് പറഞ്ഞു. അതെനിക്ക് ഒരുപാട് ഊർജം നൽകി. അദ്ദേഹത്തിന്റെ നിർദേശം കളത്തിലും പുറത്തും അച്ചടക്കം പാലിക്കാൻ എന്നെ സഹായിച്ചു' തിലക് വർമ പറഞ്ഞു.
ജോർജ്ടൗണിലെ പ്രോവിഡൻസ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടി20 മത്സരത്തിൽ വെസ്റ്റിൻഡീസിന്റെ മികച്ച ബൗളിങ് പ്രകടനത്തിനിടയിലും യുവതാരം തിലക് വർമയുടെ അർധസെഞ്ച്വറി(51) പ്രകടനമാണ് 152 എന്ന നിലയിലേക്ക് ഇന്ത്യൻ സ്കോർ ഉയർത്തിയത്. പവർപ്ലേയിൽ തന്നെ ഓപണർ ശുഭ്മൻ ഗില്ലും സൂപ്പർ താരം സൂര്യകുമാർ യാദവും പുറത്തായിരുന്നു. ശേഷമായിരുന്നു തിലക് ടീമിനെ കരകയറ്റിയത്.
മത്സരത്തിൽ രണ്ടു വിക്കറ്റിനാണ് വിൻഡീസ് ഇന്ത്യയെ തോൽപിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ വിൻഡീസ് രണ്ടേ പൂജ്യത്തിന് മുമ്പിലെത്തി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് അച്ചടക്കത്തോടെ പന്തെറിഞ്ഞ വിൻഡീസിന് മുൻപിൽ പിടിച്ചു നിൽക്കാനായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ വിൻഡീസ് നിശ്ചിത ഓവറിൽ ഇന്ത്യയെ 152 റൺസിൽ ഒതുക്കി. 41 പന്തിൽ 51 റൺസ് നേടിയ തിലക് വർമ്മ മാത്രമാണ് ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തത്.
വിൻഡീസിന്റെ മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ ബ്രണ്ടൻ കിങിനെ പുറത്താക്കിയ ഹാർദിക് പാണ്ഡ്യ ഇന്ത്യക്ക് മികച്ച തുടക്കം നൽകി. ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും മറുവശത്ത് നിക്കോളസ് പൂരൻ നിലയുറപ്പിച്ചതോടെ ഏഴു പന്ത് ബാക്കിനിൽക്കെ വിൻഡീസ് ലക്ഷ്യത്തിലെത്തി. 18.5 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ 155 റൺസ് നേടുകയായിരുന്നു. 40 പന്തിൽ നിന്ന് 67 റൺസ് നേടിയ പുറത്തായ പൂരനാണ് കളിയിലെ താരം.
ഇന്ത്യയ്ക്കായി നായകൻ ഹാർദിക് 35 റൺസ് വിട്ടുനൽകി മൂന്നു വിക്കറ്റ് വീഴ്ത്തി. യുസ്വേന്ദ്ര ചഹൽ രണ്ടും അർഷദീപ് സിംഗും മുകേഷ് കുമാറും ഓരോ വിക്കറ്റും നേടി. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര സാധ്യത നിലനിർത്താൻ നാളെ നടക്കുന്ന മൂന്നാം മത്സരത്തിൽ വിജയിച്ചേ മതിയാവൂ.
ആദ്യ ടി20ക്കു സമാനമായി സ്പിൻ-സ്ലൗ ബൗളിനെ പിച്ചിൽ ടോസ് ലഭിച്ച ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ ഇന്ത്യൻ ബാറ്റർമാർ റൺസ് കണ്ടെത്താൻ വിഷമിക്കുന്നതാണു കണ്ടത്. തപ്പിത്തടഞ്ഞ ഗില്ലിനെ(ഏഴ്) മൂന്നാം ഓവറിൽ തന്നെ ഷിംറോൺ ഹെറ്റ്മെയറിന്റെ കൈയിലെത്തിച്ച് അൽസാരി ജോസഫാണു വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. തൊട്ടടുത്ത ഓവറിൽ കൈൽ മയേഴ്സിന്റെ റണ്ണൗട്ടിൽ സൂര്യ(ഒന്ന) തിരിച്ചുനടന്നു.
ഒരു ഭാഗത്ത് ഉറച്ചുനിന്നു കളിച്ച ഇഷൻ കിഷന്റെ(23 പന്തിൽ 27) പോരാട്ടം റൊമാരിയോ ഷെഫേഡിന്റെ മനോഹരമായൊരു പന്തിൽ അവസാനിച്ചു. സഞ്ജു സാംസൺ(ഏഴ്) ഒരിക്കൽ കൂടി നിരാശപ്പെടുത്തിയപ്പോൾ ഹാർദിക്(18 പന്തിൽ 24) മാത്രമാണ് തിലകിന് അൽപമെങ്കിലും പിന്തുണ നൽകിയത്. അക്സർ പട്ടേൽ 14 റൺസുമെടുത്തു. വിൻഡീസിനായി അകീൽ ഹൊസൈൻ, അൽസാരി ജോസഫ്, റൊമാരിയോ ഷെപ്പേർഡ് എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
Tilak Verma has become the second youngest Indian player to score a fifty in T20.