'ഗാബ ചരിത്ര വിജയത്തിന് മുൻപ് ഇന്ത്യ നേരിട്ടത് മോശം അനുഭവം'; ആസ്‌ത്രേലിയൻ ടീമിനെതിരെ താക്കൂർ
|ടീമിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകാൻ തയാറാകാതിരുന്ന ആസ്‌ത്രേലിയ സംഭവത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ തെറ്റായ പ്രചരണമാണ് നടത്തിയത്.
വർഷം 2020-21. ലോകമെങ്ങും കോവിഡിൽ നിശ്ചലമായ സമയം. ഇന്ത്യൻ ക്രിക്കറ്റ് ടീം അപ്പോൾ ആസ്ത്രേലിയയിലായിരുന്നു. പ്രസ്റ്റീജ്യസായ ബോർഡർ-ഗവാസ്‌കർ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാണ് കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ ടീം യാത്ര തിരിച്ചത്. 2020 ഡിസംബറിലും 2021 ജനുവരിയിലുമായാണ് ടെസ്റ്റ് അരങ്ങേറിയത്. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രവിജയങ്ങളിലെ സുപ്രധാന പരമ്പരയിലൊന്നായിരുന്നു ഇത്. എന്നെന്നും ഓർക്കാവുന്ന മനോഹര മുഹൂർത്തങ്ങളാണ് അന്നത്തെ ഓസീസ് പരമ്പരയുടെ ബാക്കിപത്രം. 2021 ജനുവരി 19ന് ഗാബയിൽ ഋഷഭ് പന്ത് നടത്തിയ ചെറുത്തുനിൽപ്പും ത്രില്ലർ ടെസ്റ്റിൽ 18 പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് വിജയം സ്വന്തമാക്കി ഇന്ത്യ ചരിത്രം കുറിച്ചതുമെല്ലാം ഇന്നലെയെന്നപോലെ മനസിൽ നിൽക്കുന്നതാണ്. 32 വർഷമായി തോൽവിയറിയാത്ത ഗാബയിലാണ് അന്ന് ഇന്ത്യ അന്ന് ഓസീസിനെ മുട്ടുകുത്തിച്ചത്.
കളിയിൽ കണക്കുതീർത്ത് ആസ്ത്രേലിയൻ മണ്ണിൽ ഇന്ത്യ വിജയകൊടി പാറിച്ചെങ്കിലും ആ കോവിഡ് കാലത്തെ പിന്നാമ്പുറ കഥകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. അന്ന് ആസ്ത്രേലിയയിലെത്തിയ ഇന്ത്യൻ ടീം നേരിട്ടത് മോശം അനുഭവങ്ങളായിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ഓൾറൗണ്ടറായ ഷർദുൽ താക്കൂർ. ഇന്ത്യൻ ടീമിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിനൽകുന്നതിൽ ക്രിക്കറ്റ് ആസ്ത്രേലിയ പരാജയപ്പെട്ടതായെന്ന ഗുരുതര ആരോപണമാണ് താക്കൂർ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ''നാലോ അഞ്ചോ ദിവസത്തേക്ക് ഹോട്ടലിൽ ഹൗസ് കീപ്പിങ് സർവ്വീസ് ഉണ്ടായിരുന്നില്ല. തമ്മൾ തളർന്നിരിക്കുന്ന സമയത്ത് പോലും ബെഡ് ഷീറ്റുകൾ മാറ്റണമെങ്കിൽ അഞ്ച് നില വരെ നടക്കണമായിരുന്നു''. ഇന്ത്യൻ താരങ്ങൾക്ക് ആവശ്യമായതെല്ലാം നൽകിയെന്ന അന്നത്തെ ആസ്ത്രേലിയൻ ക്യാപ്റ്റൻ ടിം പെയിന്റെ പ്രതികരണത്തെയും താക്കൂർ തള്ളികളഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽ മുഖം രക്ഷിക്കാനായി പെയിൻ പച്ചകള്ളം പറയുകയായിരുന്നുവെന്ന് ഇന്ത്യൻ താരം പറഞ്ഞു.
Shardul Thakur talking about on Australia tour in 2020/21 and their facilities and words for Indian Team. 🇮🇳pic.twitter.com/KBpfIQ35bE
— Tanuj Singh (@ImTanujSingh) August 6, 2024
വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് അജിൻക്യ രഹാനെയും അന്നത്തെ പരിശീലകൻ രവി ശാസ്ത്രിയും ഞങ്ങൾക്ക് ആവശ്യമായ സൗകര്യമൊരുക്കാൻ നിരന്തരം ഇടപെടൽ നടത്തിയെന്നും താക്കൂർ അഭിമുഖത്തിൽ വ്യക്തമാക്കി. സ്ഥിരമായി ആസ്ത്രേലിയൻ ബോർഡുമായി സംഘർഷത്തിൽ ഏർപ്പെട്ടു.
പര്യടനത്തിലുടനീളം ഇന്ത്യയെ പരിക്ക് വേട്ടയാടിയിരുന്നു. മുഹമ്മദ് ഷമി, കെ.എൽ രാഹുൽ, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ എന്നിവരെല്ലാം പരിക്കിനോട് പടവെട്ടിയാണ് കളത്തിലിറങ്ങിയത്. നിർണായകമായ അവസാനത്തെ ഗാഭ ടെസ്റ്റിനിടെ നവദീപ് സൈനിക്ക് പരിക്കേറ്റു. രണ്ടാം ഇന്നിങ്സിൽ അഞ്ച് ഓവർ മാത്രമാണ് എറിയാനായത്. നടരാജനും ഇഞ്ചുറി പറ്റിയതോടെ ഭൂരിഭാഗം ഓവറുകളും താനും മുഹമ്മദ് സിറാജുമാണ് എറിഞ്ഞുതീർത്തത്. എന്നാൽ കളത്തിലും പുറത്തും നേരിട്ട എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് നേടിയ ആ വിജയം എന്നും സ്പെഷ്യലാണ്-32 കാരൻ പറഞ്ഞു
അഡ്ലൈഡ് ഓവലിൽ നടന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് ആസ്ത്രേലിയ എട്ട് വിക്കറ്റ് വിജയം സ്വന്തമാക്കി. തൊട്ടുപിന്നാലെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങിയതോടെ ഇന്ത്യ കൂടുതൽ പ്രതിസന്ധിയിലായി. അജിൻക്യ രഹാനെക്ക് കീഴിലാണ് ഇന്ത്യ മെൽബൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഇറങ്ങിയത്. രഹാനെയുടെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ ആ ടെസ്റ്റ് ഇന്ത്യ ഐതിഹാസിക ജയം സ്വന്തമാക്കി. മൂന്നാമത്തെ സിഡ്നി ടെസ്റ്റ് സമനിലയായതോടെ എല്ലാ കണ്ണുകളും ഗാബയിലേക്ക്. വിജയിച്ചാൽ പരമ്പര നിലനിർത്താം. തോറ്റാൽ ബോർഡർ-ഗവാസ്‌കർ ട്രോഫി ഓസീസിസ്. ഗാബയിലെ മണ്ണിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കങ്കാരുപടയെ വീഴ്ത്താൻ ഒരു ടീമിനുമായില്ല. ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലായിരുന്നു ടീം പെയിനും സംഘവും. മറുഭാഗത്ത് അജിൻക്യ രഹാനയ്ക്കും സംഘവും രണ്ടും കൽപിച്ച് പോരാടാനുറച്ചതോടെ മത്സരം ആവേശമായി.
ആദ്യം ബാറ്റ് ചെയ്ത കങ്കാരുപ്പട മാർനസ് ലബുഷയിനിന്റെ സെഞ്ച്വറി കരുത്തിൽ ഒന്നാം ഇന്നിങ്സിൽ നേടിയത് 369 റൺസ്. മുൻനിര തകർത്തെങ്കിലും അർധ സെഞ്ച്വറിയുമായി ചെറുപ്പ് നിൽപ്പ് നടത്തിയ ഷർദുൽ താക്കൂറിന്റേയും വാഷിങ്ടൺ സുന്ദറിന്റേയും മികവിൽ ഇന്ത്യ വിലപ്പെട്ട 336 റൺസ് തിരിച്ചടിച്ചു. രണ്ടാം ഇന്നിങ്സിൽ ഓസീസ് 294റൺസിന് ഓൾഔട്ട്. അത്യന്തം ആവേശകരമായ ത്രില്ലർ പോരാട്ടമാണ് പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ രോഹിത് ശർമയെ അതിവേഗം നഷ്ടമായെങ്കിലും ശുഭ്ഗാൻ ഗിൽ 91 റൺസുമായി പ്രതീക്ഷയേകി. എന്നാൽ പാതിവഴിയിൽ ഗില്ലും വീണു. എന്നാൽ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ അത്ഭുത ഇന്നിങ്സ് ഇന്ത്യയെ അവിശ്വസനീയ വിജയത്തിലേക്ക് കൊണ്ടുപോയി. ഏകദിന ശൈലിയിൽ ബാറ്റുവീശിയ പന്ത് 89 റൺസുമായി പുറത്താകാതെ നിന്നു. ഓസീസ് ബൗളർമാരുടെ തീയുണ്ടകളെ സമർത്ഥമായി നേരിട്ടുള്ള അപരാജിത ഇന്നിങ്‌സ്. അഞ്ചാംദിനം 18 പന്തുകൾ പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് ജയം ഇന്ത്യക്ക് സ്വന്തം. ഗാബയിൽ ചരിത്രവിജയം. കളിത്തിലും പുറത്തും നേരിട്ട അവഗണനയെല്ലാം അതിജീവിച്ചുള്ള സുന്ദര വിജയം.