പാകിസ്താനെതിരെ അനിൽ കുംബ്ലെയുടെ ചരിത്ര ബൗളിങ് പ്രകടനത്തിന് ഇന്ന് രണ്ടര പതിറ്റാണ്ട്-വീഡിയോ
|ഓപ്പണറായി ഇറങ്ങിയ സയിദ് അൻവർ മുതൽ പത്താമനായി ക്രീസിലെത്തിയ സഖ്ലൈൻ മുഷ്താഖ് വരെ കുംബ്ലെയുടെ ഇരയായി
ബെംഗളൂരു: ഇന്ത്യൻ ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെയുടെ ചരിത്രം കുറിച്ച ബൗളിങ് പ്രകടനത്തിന് ഇന്ന് രണ്ടര പതിറ്റാണ്ട്. 1999 ഫെബ്രുവരി ഏഴിന് ചരിത്ര പ്രസിദ്ധമായ ഡൽഹി ഫിറോസ്ഷാ കോട്ല (ഇന്നത്തെ അരുൺ ജെയ്റ്റ്ലി) സ്റ്റേഡിയത്തിലാണ് ഒരു ഇന്നിങ്സിലെ പത്തു വിക്കറ്റും പിഴുത് കുംബ്ലെ മാജിക് പിറന്നത്. പാകിസ്താനെതിരെയായിരുന്നു ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ എക്കാലവും ഓർത്തുവെക്കാവുന്ന ചരിത്രവിജയം.
🗓️ #OnThisDay in 1999#TeamIndia spin legend @anilkumble1074 became the first Indian bowler & second overall to scalp all the 🔟 wickets in a Test innings 👏👏
— BCCI (@BCCI) February 7, 2024
Recap all the ten dismissals here 🎥🔽pic.twitter.com/McqiXFjt8S
ഓപ്പണറായി ഇറങ്ങിയ സയിദ് അൻവർ മുതൽ പത്താമനായി ക്രീസിലെത്തിയ സഖ്ലൈൻ മുഷ്താഖ് വരെ ഈ ബംഗളൂരുകാരന് മുന്നിൽ കറങ്ങി വീണു. രണ്ടാം ഇന്നിങ്സിൽ സയ്യിദ് അൻവറും(69), ഷാഹിദ് അഫ്രീദിയും(41) ഓപ്പണിങിൽ മികച്ച തുടക്കം നൽകിയെങ്കിലും പിന്നാലെ വന്ന ബാറ്റ്സ്മാൻമാർ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. ഇൻസമാം ഉൽ ഹഖും മുഹമ്മദ് യൂസുഫും ഇജാസ് അഹമ്മദും ഉൾപ്പെടെയുള്ള പേരുകേട്ട ബാറ്റ്സ്മാൻമാരെല്ലാം വേഗത്തിൽ കൂരാകം കയറിയതോടെ പാകിസ്താൻ വൻ തകർച്ച നേരിട്ടു. 29.3 ഓവറുകൾ എറിഞ്ഞ് 74 റൺസ് വഴങ്ങിയാണ് കുംബ്ലെ പത്തുവിക്കറ്റും നേടി ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
കോട്ല ടെസ്റ്റിൽ ആദ്യം ബാറ്റ്ചെയ്ത ഇന്ത്യ 252 റൺസാണ് കുറിച്ചത്. ആദ്യ ഇന്നിങ്സിൽ 174 റൺസാണ് സന്ദർശകർ നേടിയത്. രണ്ടാം ഇന്നിങ്സിൽ സദഗോപൻ രമേശിന്റെ 96 റൺസും സൗരവ് ഗാംഗുലി പുറത്താകാതെ നേടിയ 62 റൺസിന്റേയും ബലത്തിൽ 339 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. എന്നാൽ രണ്ടാം ഇന്നിങ്സിൽ പാകിസ്താന് ഒന്നും ചെയ്യാനായില്ല. ഇന്ത്യ 212 റൺസിന്റെ വമ്പൻജയം സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ ജിം ലാകറാണ് ആദ്യമായി ഒരിന്നിങ്സിലൽ പത്തുപേരെയും പുറത്താക്കിയത്. അന്ന് ആസ്ത്രേലിയക്കെതിരെയായിരുന്നു നേട്ടം കൈവരിച്ചത്. 2021 ഡിസംബറിൽ മുംബൈ വാംഗഡെ സ്റ്റേഡിയത്തിൽ ഇന്ത്യക്കെതിരെ ഒരിന്നിങ്സിലെ പത്തുവിക്കറ്റും വീഴ്ത്തി ന്യൂസിലാൻഡ് സിപിന്നർ അജാസ് പട്ടേൽ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ബൗളറുമായിരുന്നു.