Cricket
മകളുടെ വേർപാടിന് പിന്നാലെ അച്ഛനും പോയി; ദുരന്തങ്ങളൊഴിയാതെ ബറോഡ താരം വിഷ്ണു സോളങ്കി
Cricket

മകളുടെ വേർപാടിന് പിന്നാലെ അച്ഛനും പോയി; ദുരന്തങ്ങളൊഴിയാതെ ബറോഡ താരം വിഷ്ണു സോളങ്കി

Web Desk
|
28 Feb 2022 12:35 PM GMT

കട്ടക്കില്‍ ചണ്ഡീഗഡിനെതിരായ രഞ്ജി മത്സരത്തിലായിരുന്നു ബറോഡക്കായി 29കാരനായ സോളങ്കി സെഞ്ചുറിയിലൂടെ മകള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചത്.

മകളുടെ വേർപാടിന്റെ ദു:ഖം മാറും മുമ്പെ ബറോഡ താരം വിഷ്ണു സോളങ്കിയുടെ പിതാവും മരിച്ചു. ഇന്നലെയാണ് വിഷ്ണു സോളങ്കിയുടെ പിതാവ് മരിച്ച വാർത്ത ബറോഡ ടീം ക്യാംപിൽ എത്തിയത്. അന്ത്യ കർമങ്ങളിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ വീഡിയോ കോളിലൂടെയാണ് സോളങ്കി പിതാവിൻറെ അന്ത്യ കർമങ്ങൾക്ക് സാക്ഷിയായത്.

10 ദിവസത്തിനിടെയാണ് ബിഹാർ താരത്തിന് പിതാവിനെയും മകളെയും നഷ്ടമായത്. രോഗബാധിതനായി ചികിത്സയിലായിരുന്ന സോളങ്കിയുടെ പിതാവ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. പിറന്നു വീണയുടൻ സ്വന്തം മകൾ ലോകത്തോട് വിടപറഞ്ഞുവെന്ന വാർത്ത ഈ മാസം 10നാണ് വിഷ്ണു സോളങ്കിയെത്തേടി എത്തിയത്. നിറകണ്ണുകളുമായി തന്റെ നാടായ വഡോദരയിലേക്ക് വണ്ടികയറിയ സോളങ്കി മകളുടെ സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുത്ത ശേഷം മൂന്നു ദിവസത്തിനകം വീണ്ടും ബറോഡ ടീമിനൊപ്പം ചേർന്നു.

നെഞ്ചുതകർന്ന വേദനയുമായി കളിക്കാനിറങ്ങിയിട്ടും രഞ്ജി ട്രോഫിയിൽ ചണ്ഡീഗഡിനെതിരായ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറിയുമായി താരം കളം നിറഞ്ഞു കളിച്ചു. മത്സരത്തിൽ അഞ്ചാമനായിറങ്ങി സോളങ്കി 12 ബൗണ്ടറികളുടെ അകമ്പടിയിൽ 161 പന്തിൽ നിന്ന് അടിച്ചാണ് മകള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചത്. മകൾ മരിച്ചതിന് പിന്നാലെ ടീം വിടാൻ സോളങ്കിക്ക് ടീം മാനേജ്‌മെൻറ് അനുമതി നൽകിയിരുന്നെങ്കിലും മകൾ മരിച്ച ദു:ഖത്തിലും ടീമിനായി മികച്ച പ്രകടനം നടത്താൻ താരം തിരികെയെത്തുകയായിരുന്നു.

മുമ്പ് പിതാവിൻറെ മരണത്തിന് തൊട്ടുപിന്നാലെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തശേഷം തിരിച്ചെത്തി സച്ചിൻ ടെൻഡുൽക്കർ രാജ്യത്തിനായി സെഞ്ചുറി നേടിയതിനോടും പിതാവിൻറെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ രഞ്ജി ട്രോഫിയിൽ 97 റൺസടിച്ച് ഡൽഹിയെ തോൽവിയിൽ നിന്ന് രക്ഷിച്ച വിരാട് കോഹ്‌ലിയുടെ പ്രകടനത്തോടുമായിരുന്നു സോളങ്കിയുടെ സെഞ്ചുറിയെ ആരാധകർ ഉപമിച്ചിരുന്നത്.

Similar Posts