'സൂചനയില്ലാ വന്ന പന്ത്': ട്രാവിസ് ഹെഡിന് സെഞ്ച്വറി നഷ്ടമായത് അക്‌സർ പട്ടേലിന്റെ മിടുക്ക്
|ആദ്യ 12 ടെസ്റ്റുകളില്‍ തന്നെ 500 റണ്‍സ് നേടുന്നതിനൊപ്പം 50 വിക്കറ്റ് സ്വന്തമാക്കുന്ന താരമാവാനും അക്സറിനായി
അഹമ്മദാബാദ്: സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ആസ്‌ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ് വീണത് അക്‌സർ പട്ടേലിന്റെ കൗശലമുള്ളൊരു പന്തിൽ. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കാനും അക്‌സര്‍ പട്ടേലിനായി. ആദ്യ 12 ടെസ്റ്റുകളില്‍ തന്നെ 500 റണ്‍സ് നേടുന്നതിനൊപ്പം 50 വിക്കറ്റ് സ്വന്തമാക്കുന്ന താരമാവാനും അക്സറിനായി. ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമാവാനും അക്‌സറിന് സാധിച്ചു.
ആസ്‌ട്രേലിയൻ രണ്ടാം ഇന്നിങ്‌സിന്റെ 59ാം ഓവറിലായിരുന്നു സംഭവം. സാധാരണയിൽ വന്ന പന്തിനെ കവറിലോട്ട് കളിക്കാനായിരുന്നു ട്രാവിസ് ഹെഡിന്റെ പദ്ധതി. എന്നാൽ അതുവരെ തിരിയാത്ത പിച്ചിൽ പന്ത് കുത്തിത്തിരിഞ്ഞ് സ്റ്റമ്പ് ഇളക്കുകയായിരുന്നു. 90 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. 163 പന്തിൽ നിന്ന് 10 ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു ട്രാവിസ് ഹെഡിന്റെ ഇന്നിങ്‌സ്.
അതേസമയം മൂന്നാം സെഷനില്‍ ഓസീസ് 84 റണ്‍സിന്‍റെ ലീഡ് നേടിയതോടെ ഇരു ക്യാപ്റ്റന്മാരും മത്സരം സമനിലയായതായി പ്രഖ്യാപിക്കുകയായിരുന്നു. അവസാന ടെസ്റ്റ് സമനിലയായതോടെ ബോര്‍ഡര്‍-ഗവാസ്കര്‍ പരമ്പര (2-1)ന് ഇന്ത്യ സ്വന്തമാക്കി. തുടര്‍ച്ചയായി നാലാം തവണയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കുന്നത്. അതേസമയം ഇന്ന് ന്യൂസിലന്‍ഡിനെതിരെ ശ്രീലങ്ക തോല്‍വി വഴങ്ങിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഏറെക്കുറെ വിരസമായിരുന്നു ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റിന്‍റെ അവസാന ദിനം.