ഇവിടെ കുറച്ചു സ്വസ്ഥത തരുമോ ?- ട്രോളുകളിൽ നിറഞ്ഞ് ഐപിഎൽ പോയിന്റ് ടേബിളിന്റെ അവസാനസ്ഥാനം
|മാറി മാറി കപ്പടിക്കുന്നത് കൊണ്ട് മറ്റുടീമുകൾക്കും അവസരം കൊടുക്കാൻ വേണ്ടി ചെന്നൈയും മുംബൈയും മനപ്പൂർവം 'തോറ്റുകൊടുക്കുന്നതാണെന്ന്' വാദിക്കുന്നവരുമുണ്ട്.
ഐപിഎൽ 15-ാം സീസൺ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത് അധികമൊന്നും ഐപിഎല്ലിൽ കണ്ടിട്ടില്ലാത്ത ചില കാര്യങ്ങൾക്കാണ്. പുതിയ രണ്ട് ടീമുകളടക്കം 10 ടീമുകൾ എന്ന പ്രത്യേകത കൂടാതെ പോയിന്റ് ടേബിളിലാണ് ഇപ്പോൾ ചില 'അത്ഭുതങ്ങൾ' സംഭവിക്കുന്നത്.
പോയിന്റ് ടേബിളിലെ മുകളിലെ കൗതുകങ്ങളേക്കാൾ ആരാധകരേയും അതിലുപരി ട്രോളൻമാരേയും ആകർഷിക്കുന്നത് പോയിന്റ് ടേബിളിൽ ഏറ്റവും അവസാനസ്ഥാനങ്ങളിൽ നടക്കുന്ന കാര്യങ്ങളാണ്. ഐപിഎൽ ചരിത്രത്തിലാദ്യമായി ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ് ചെന്നൈ സൂപ്പർ കിങ്സ് പോയിന്റ് ടേബിളിലെ അവസാനസ്ഥാനങ്ങളിൽ എത്തിയതോടെയാണ് ട്രോളൻമാർക്ക് പുതിയ ചാകര കിട്ടിയിരിക്കുന്നത്. സ്ഥിരം തോറ്റുതുടങ്ങുന്ന മുംബൈയും കൂടി താഴെ നിൽക്കുന്നതിനാൽ ട്രോളുകൾ വൻ ഹിറ്റ്.
കഴിഞ്ഞ വർഷം അവസാന സ്ഥാനത്ത് വന്ന സൺ റൈസേഴ്സ് ഹൈദരാബാദാണ് എല്ലാ ട്രോളുകളിലെയും 'നായകൻമാർ'.
പോയിന്റ് ടേബിളിന്റെ അടിഭാഗത്ത് ചെന്നൈയും മുംബൈയും ഹൈദരബാദിന് കുറച്ച് സ്വസ്ഥത കൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ചില ട്രോളുകൾ.
പരിപാവനമായ അവസാനസ്ഥാനം ഒഴിഞ്ഞുകൊടുക്കാൻ ഹൈദരാബാദിന് മടിയാണെന്നും ചില ട്രോളൻമാർ പറയുന്നു. മാത്രമല്ല അവസാനസ്ഥാനങ്ങളോട് വർഷങ്ങളായി ഹൈദരാബാദിന് ചില 'കമ്മിറ്റ്മെന്റ്സ്' ഉണ്ടെന്നും ചിലർ പറയുന്നു.
പോയിന്റ് ടേബിളിൽ താഴെഭാഗത്ത് നിൽക്കുന്ന ചെന്നൈയെ ഹൈദരബാദ് 'ബഹുമാനിക്കണമെന്നും ചിലർ ആവശ്യപ്പെടുന്നു.
പോയിന്റ് ടേബിളിന്റെ താഴെഭാഗത്ത് കട്ടക്ക് നിൽക്കുന്നതിന് ചെന്നൈയും മുംബൈയും ഹൈദരാബാദിന് നന്ദി പറയണമെന്നും ചിലർ പറയുന്നു.
മൂന്ന് കളി തോറ്റ ചെന്നൈ 9-ാം സ്ഥാനത്തും വെറും രണ്ട് കളി തോറ്റ ഹൈദരാബാദ് 10-ാം സ്ഥാനത്ത് നിൽക്കുന്നതിനെയും ചിലർ ട്രോളുന്നുണ്ട്.
സ്ഥിരമായി മാറി മാറി കപ്പടിക്കുന്നത് കൊണ്ട് മറ്റുടീമുകൾക്കും അവസരം കൊടുക്കാൻ വേണ്ടി ചെന്നൈയും മുംബൈയും മനപ്പൂർവം 'തോറ്റുകൊടുക്കുന്നതാണെന്ന്' വാദിക്കുന്നവരുമുണ്ട്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പോയിന്റ് ടേബിളിൽ അവസാനം നിൽക്കുന്ന മുംബൈ (5), ചെന്നൈ (4), ഹൈദരാബാദ് (1) ടീമുകൾ എല്ലാം കൂടി 10 കിരീടങ്ങൾ ഇതുവരെ നേടിയുണ്ടെന്ന കാര്യം മറക്കരുതെന്നും ചിലർ ഓർമിപ്പിക്കുന്നുണ്ട്.