ഒരു മാസത്തിനിടെ രണ്ട് ഇരട്ടസെഞ്ച്വറികൾ: ഈ ടീം ഇന്ത്യ വേറെ ലെവൽ
|ടീം ഇന്ത്യക്ക് ഇതിൽപരം ആനന്ദത്തിന് ഇനി എന്ത് വേണം, അതും ഏകദിന ലോകകപ്പ് ഇന്ത്യയിൽ തന്നെ നടക്കാനിരിക്കെ
ഹൈദരാബാദ്: ശുഭ്മാൻ ഗില്ലിന്റെ ഇരട്ടസെഞ്ച്വറി ഇന്ത്യക്ക് നൽകിയത് പിടിച്ചാൽ കിട്ടാത്ത ആത്മവിശ്വാസം. ഒരു മാസത്തിനിടെ ഇന്ത്യൻ ബാറ്റർമാർ നേടിയത് രണ്ട് ഇരട്ട സെഞ്ച്വറികൾ. ടീം ഇന്ത്യക്ക് ഇതിൽപരം ആനന്ദത്തിന് ഇനി എന്ത് വേണം, അതും ഏകദിന ലോകകപ്പ് ഇന്ത്യയിൽ തന്നെ നടക്കാനിരിക്കെ. ഇശാൻ കിശനാണ് ഇതിന് മുമ്പ് ഇരട്ട സെഞ്ച്വറി നേടിയത്.
കഴിഞ്ഞ വർഷം ഡിസംബർ 10ന് ബംഗ്ലാദേശിനെതിരെ ചിറ്റഗോങ്ങിലായിരുന്നു കിശന്റെ ഇരട്ട സെഞ്ച്വറി. കൃത്യം ഒരു മാസവും എട്ട് ദിവസവും പിന്നിടുമ്പോൾ ശുഭ്മാൻ ഗില്ലിലൂടെ മറ്റൊരു ഇരട്ട സെഞ്ച്വറി. രോഹിത് ശർമ്മയുടെ പകരക്കാരനായണ് ഇശാൻ കിശൻ ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ഓപ്പണറുടെ റോളിലെത്തി എല്ലാവരെയും അമ്പരപ്പിച്ചത്. കിശന്റെ ഇരട്ട സെഞ്ച്വറിക്ക് വിശേഷണങ്ങൾ അനവധിയായിരുന്നു.
വേഗതയേറിയ ഇരട്ടസെഞ്ച്വറിയാണ് കിശൻ അടിച്ചെടുത്തത്. അതും 126 പന്തുകളിൽ നിന്ന്. ബംഗ്ലാദേശ് പന്തേറുകാരിൽ അന്ന് തല്ല് കൊള്ളാത്തവരായും ഉണ്ടായിരുന്നില്ല. 138 പന്തിൽ ക്രിസ് ഗെയിൽ നേടിയ ഇരട്ടസെഞഞ്ച്വറിയാണ് കിശൻ തല്ലിക്കൂട്ടി മൂലക്കലാക്കിയത്. 131 പന്തിൽ 210 റൺസാണ് കിശൻ അടിച്ചുകൂട്ടിയത്. 24 ഫോറുകളും 10 സിക്സറുകളും ആ ഇന്നിങ്സിനെ മനോഹരമാക്കി. അന്ന് ഇന്ത്യ നേടിയത് 227 റൺസിന്റെ പടുകൂറ്റൻ വിജയം.
ആ സെഞ്ച്വറി പിറന്ന് ഒരു മാസം പിന്നിട്ടപ്പോഴാണ് ശുഭ്മാൻ ഗിൽ നാല് വട്ടം കാണികൾക്ക് നേരെ ബാറ്റ് ഉയർത്തിയത്. 208 റൺസാണ് ഗിൽ അടിച്ചെടുത്തത്. 149 പന്തുകളാണ് ഗിൽ നേരിട്ടത്. പത്തൊമ്പത് ഫോറും ഒമ്പത് സിക്സറുകളും ഗില്ലിന്റെ ബാറ്റിൽ നിന്ന് പിറന്നു. അമ്പത് ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസാണ് ഇന്ത്യ നേടിയത്. അതേസമയം ഇന്ത്യക്ക് വേണ്ടി ഇരട്ടസെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ബാറ്ററാണ് ഗിൽ.
രോഹിത് ശർമ്മ, സച്ചിൻ തെണ്ടുൽക്കർ, വീരേന്ദർ സെവാഗ് എന്നിവരാണ് ഇന്ത്യക്ക് ഡബിൾ സെഞ്ച്വറി നേടിയ മറ്റു ബാറ്റർമാർ. ഇതിൽ രോഹിത് ശർമ്മ മൂന്ന് വട്ടം ഇരട്ട സെഞ്ച്വറി നേടിയിട്ടുണ്ട്. ഏകദിനത്തിലെ ഉയർന്ന വ്യക്തിഗത സ്കോറും രോഹിത് ശർമ്മയുടെ പേരിലാണ്. മറ്റുള്ളവരെല്ലാം ഒരോ തവണയാണ് ഇരട്ട സെഞ്ച്വറി തികച്ചത്.