കൈയടിക്കുക ലോകമേ, ചരിത്രത്തിലാദ്യമായി രണ്ട് മലയാളികൾ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൽ
|ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകൻ കൂടിയാണ് സഞ്ജു സാംസൺ. റോയൽ ബാംഗ്ലൂരിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് ദേവ്ദത്ത് പടിക്കൽ.
ശ്രീലങ്കയ്‌ക്കെതിരേയുള്ള രണ്ടാം ട്വന്റി-20 മത്സരത്തിന്റെ പ്ലെയിങ് ഇലവൻ നായകൻ ധവാൻ പ്രഖ്യാപിച്ചതോടെ മലയാളി ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന അവസരമാണ് വന്നു ചേർന്നത്. ചരിത്രത്തിലാദ്യമായി രണ്ടു മലയാളികൾ ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് ടീമിൽ ഉൾപ്പെട്ടിരിക്കുന്നു. തിരുവനന്തപുരംകാരൻ സഞ്ജുവും എടപ്പാൾകാരൻ ദേവ്ദത്ത് പടിക്കലും. ദേവ്ദത്ത് പടിക്കലിന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്.ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകൻ കൂടിയാണ് സഞ്ജു സാംസൺ. റോയൽ ബാംഗ്ലൂരിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് ദേവ്ദത്ത് പടിക്കൽ.
ദേവ്ദത്ത് പടിക്കലിനെ കൂടാതെ നിതീഷ് റാണ, ഋതുരാജ് ഗയ്ക്വാദ്, ചേതൻ സക്കരിയ എന്നീ യുവ താരങ്ങൾക്ക് ശ്രീലങ്കക്കെതിരായ രണ്ടാം ടി20യിലൂടെ അരങ്ങേറ്റം ലഭിച്ചു. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.
ക്രുണാൽ പാണ്ഡ്യക്ക് കോവിഡ് പോസിറ്റീവായതോടെ അദ്ദഹവുമായി പ്രൈമറി കോൺടാക്ടിൽ വന്ന നിരവധി താരങ്ങളെ ഒഴിവാക്കിയതോടെയാണ് നാല് പുതുമുഖ താരങ്ങൾ ആദ്യമായി ഇന്ത്യൻ ജേഴ്‌സി അണിയുന്നത്. കഴിഞ്ഞ മത്സരത്തിൽ കളിച്ച സൂര്യകുമാർ യാദവ്, പൃഥ്വി ഷാ, ഹാർദ്ദിക് പാണ്ഡ്യ, ഇഷാൻ കിഷൻ, ക്രുണാൽ പാണ്ഡ്യ, ദീപക് ചഹാർ, യുസ്വേന്ദ്ര ചഹൽ എന്നിവർ ഈ മത്സരത്തിൽ കളിക്കുന്നില്ല.