ഐപിഎല്ലിലെ എല്ലാ മത്സരങ്ങളിലും ഒരു ലക്ഷം: എറിഞ്ഞ് നേടി ഉംറാൻ മാലിക്
|11 മത്സരത്തിൽ നിന്നും 11 ലക്ഷം രൂപ സ്വന്തമാക്കി കഴിഞ്ഞു. കൂടുതൽ വിക്കറ്റ് നേടുന്ന പർപിൾ ക്യാപ് ജേതാവിന് ലഭിക്കുക പത്ത് ലക്ഷം മാത്രമാണ്
മുംബൈ: ഐപിഎല്ലിൽ കളിക്കുന്ന എല്ലാ മത്സരങ്ങളിലും ഒരു ലക്ഷം വീതം നേടുന്ന ഒരു താരമുണ്ട്. എല്ലാ കളിയിലും വേഗമേറിയ പന്തെറിയുന്ന ഹൈദരാബാദിന്റെ ഉംറാൻ മാലിക്കാണ് ആ താരം. പതിനൊന്ന് മത്സരങ്ങളിൽ നിന്ന് 11 ലക്ഷം രൂപയാണ് ഉംറാൻ സ്വന്തമാക്കിയിരിക്കുന്നത്.
വരുക. വേഗത്തിൽ പന്തെറിയുക. ഒരു ലക്ഷം നേടുക. ഹൈദരാബാദിന്റെ ഇന്ത്യൻ പേസർ ഉംറാൻ മാലിക്കിന്റെ സ്ഥിരം പരിപാടിയാണിത്. ഓരോ മത്സരത്തിലും തന്റെ വേഗം കൂട്ടുക എന്നത് മാത്രമാണ് ഉംറാന്റെ ലക്ഷ്യം. 11 മത്സരത്തിൽ നിന്നും 11 ലക്ഷം രൂപ സ്വന്തമാക്കി കഴിഞ്ഞു. കൂടുതൽ വിക്കറ്റ് നേടുന്ന പർപിൾ ക്യാപ് ജേതാവിന് ലഭിക്കുക പത്ത് ലക്ഷം മാത്രമാണ്. ഡൽഹിക്കെതിരായ മത്സരത്തിൽ 157 കിലോമീറ്റർ വേഗതയിലാണ് ഉംറാൻ പന്തെറിഞ്ഞത്.
ഐ.പി.എൽ ചരിത്രത്തിൽ ഷോൺ ടൈറ്റ് മാത്രമാണ് ഉംറാനെക്കാൾ വേഗത്തിൽ പന്തെറിഞ്ഞിട്ടുള്ളത്. 157.71 കിലോമീറ്ററാണ് 2011ൽ ടൈറ്റ് രാജസ്ഥാൻ ജേഴ്സിൽ എറിഞ്ഞത്. ഈ സീസണിൽ പത്ത് തവണയിൽ അധികം 150 കിലോമീറ്റർ പിന്നിട്ട ഉംറാൻ വൈകാതെ തന്നെ ടൈറ്റിന്റെ വേഗതയെ മറികടക്കുമെന്നാണ് കരുതുന്നത്. വിഖ്യാത സൗത്താഫ്രിക്കൻ പേസർ ഡെയിൽ സ്റ്റെയിനാണ് ഹൈദരാബാദിന്റെ ബൗളിങ് പരിശീലകൻ. സ്റ്റെയിന്റെ ശിക്ഷണവും ഉംറാന്‍ ഗുണം ചെയ്യുന്നുണ്ട്.
തകർപ്പൻ ഫോമിലാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഉംറാൻ മാലിക്. വേഗതയും കൃത്യതയുമാണ് ഉംറാൻ മാലികിനെ വേറിട്ട്നിർത്തുന്നത്. ഈ സീസണിൽ 15 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരുടെ കൂട്ടത്തില്‍ പന്ത്രണ്ടാം സ്ഥാനത്താണിപ്പോള്‍ ഉംറാന്‍. 22 വിക്കറ്റുമായി രാജസ്ഥാൻ റോയൽസിന്റെ യൂസ്വേന്ദ്ര ചാഹൽ, 21 വിക്കറ്റുമായി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വാനിഡു ഹസരങ്ക 18 വിക്കറ്റുകളുമായി പഞ്ചാബ് കിങ്സിന്റെ കാഗിസോ റബാദ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളവർ.
Summary- Umran Malik sets new pace record