അരങ്ങേറ്റത്തിൽ 150 കിലോമീറ്റർ വേഗതയുള്ള തീപ്പന്ത്! വരവറിയിച്ച് ഉംറാൻ മാലിക്
|കോവിഡ് ബാധയെത്തുടർന്ന് പേസ് ബൗളർ നടരാജൻ ടീമിന് പുറത്തായതോടെയാണ് നെറ്റ് ബൗളറായിരുന്ന മാലിക് അപ്രതീക്ഷിതമായി ഹൈദരാബാദ് ടീമില്‍ ഇടം പിടിക്കുന്നത്.
ഐ.പി.എല്ലിൽ തന്‍റെ അരങ്ങേറ്റത്തിൽ തന്നെ 150 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ് ഇന്ത്യൻ ക്രിക്കറ്റിലേക്കുള്ള വരവറിയിച്ചിരിക്കുകയാണ് ഹൈദരാബാദ് യുവതാരം ഉംറാൻ മാലിക്. കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലാണ് ഉംറാൻ മാലിക് ഐ.പി.എല്ലിൽ തന്‍റെ അരങ്ങേറ്റം കുറിച്ചത്. മത്സരത്തിൽ 150 കിലോമീറ്റർ വേഗതയിൽ രണ്ട് പന്തുകളാണ് മാലിക് എറിഞ്ഞത്. ഈ സീസണിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും വേഗതയേറിയ ബൗളിംഗ് പ്രകടനമാണ് മാലികിന്‍റേത്. ഇതോടെ ഈ സീസണിൽ ഐ.പി.എല്ലിൽ ഏറ്റവും വേഗത്തിൽ പന്തെറിഞ്ഞ ആദ്യ പത്ത് പേരുടെ പട്ടികയിൽ ഇടം പിടിക്കാനും മാലികിന് കഴിഞ്ഞു.
മത്സരത്തിൽ വിക്കറ്റുകളൊന്നും നേടാനായില്ലെങ്കിലും നാലോവറിൽ വെറും 27 റൺസ് മാത്രമാണ് ഈ 21 കാരൻ വിട്ട് നൽകിയത്. മാലികിന്‍റെ പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ട് ഇതിനോടകം തന്നെ നിരവധി പേർ രംഗത്തെത്തിക്കഴിഞ്ഞു. ഉംറാൻ മാലിക് തന്‍റെ മാസ്മരിക പ്രകടനം കൊണ്ട് എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കളഞ്ഞുവെന്ന് ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൺ കളിക്ക് ശേഷം പറഞ്ഞു.
കശ്മീരിൽ നിന്നാണ് ഉംറാൻ ഐ.പി.എല്ലിനെത്തുന്നത്. കോവിഡ് ബാധയെത്തുടർന്ന് പേസ് ബൗളർ നടരാജൻ ടീമിന് പുറത്തായതോടെയാണ് നെറ്റ് ബൗളറായിരുന്ന മാലിക് അപ്രതീക്ഷിതമായി ഹൈദരാബാദ് ടീമിലിടം പിടിക്കുന്നത്. തനിക്ക് ലഭിച്ച ആദ്യാവസരത്തിൽ തന്നെ ടീമിന് വേണ്ടി അവിസ്മരണീയമായ പ്രകടനമാണ് മാലിക് പുറത്തെടുത്തത്. മുൻ ഇന്ത്യൻ താരമായ ഇർഫാൻ പഠാനാണ് മാലികിന്‍റെ പ്രതിഭയെ കണ്ടെത്തുന്നതും അദ്ദേഹത്തെ വളർത്തിയെടുക്കുന്നതും. ജമ്മു കാശ്മീർ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായ പഠാന്‍റെ നിർദേശങ്ങൾ തന്‍റെ കരിയറിന് വലിയ മുതൽക്കൂട്ടായിട്ടുണ്ടെന്ന് മാലിക് പറഞ്ഞു.കശ്മീരിന് വേണ്ടി ഈ വർഷം വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മാലിക് പന്തെറിഞ്ഞിട്ടുണ്ട്.