ഷമിക്ക് പരിക്ക്; ബംഗ്ലാദേശ് പര്യടനത്തിൽ ഉംറാൻ മാലിക്
|നിറംമങ്ങിയ പ്രകടനം നടത്തുന്ന റിഷബ് പന്ത് കളിക്കുന്ന പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണില്ല
ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് പരിശീലനത്തിനിടെ പരിക്ക്. തോളിലാണ് താരത്തിന് പരിക്കേറ്റതെന്ന് ബി.സി.സി.ഐ വാർത്താകുറിപ്പിൽ അറിയിച്ചു. ഇതോടെ ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് താരം പുറത്തായി. അതിവേഗ ബൗളർ ഉംറാൻ മാലികാണ് പകരമെത്തുക. പരിക്കേറ്റ ഷമി ബംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ബി.സി.സി.ഐ വൈദ്യ സംഘത്തിന്റെ മേൽനോട്ടത്തിൽ ചികിത്സയിലാണ്. പരിക്ക് തന്റെ കരിയറിലുടനീളം ഉണ്ടായിരുന്നുവെന്നും അവ വിനയമടക്കമുള്ള പാഠങ്ങൾ പഠിപ്പിക്കുന്നുവെന്നും ഷമി ട്വിറ്ററിൽ കുറിച്ചു. ഓരോ പരിക്കിൽ നിന്നും കൂടുതൽ ശക്തനായി തിരിച്ചുവരാൻ താൻ പഠിച്ചുവെന്നും ഇന്ത്യൻ പേസർ പറഞ്ഞു.
ഷമിയുടെ അഭാവത്തിൽ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരാ ടീമിലേക്ക് മുതിർന്ന സെലക്ടർമാരെല്ലാവരും ഉംറാനെ നിർദേശിക്കുകയായിരുന്നുവെന്ന് ബിസിസിഐ വ്യക്തമാക്കി. ഇന്ത്യ 1-0ത്തിന് പരാജയപ്പെട്ട ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയിലാണ് ഉംറാൻ അരങ്ങേറിയത്. മഴ ബാധിച്ചതടക്കം രണ്ടു മത്സരങ്ങളിൽ 32.33 ശരാശരിയിൽ 6.46 എകണോമിയോടെ മൂന്നു വിക്കറ്റാണ് താരം നേടിയിരുന്നത്. ആദ്യ മത്സരത്തിൽ 66 റൺസ് വിട്ടുനൽകി രണ്ടു വിക്കറ്റാണ് ഉംറാൻ വീഴ്ത്തിയത്.
ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ഏകദിനം ഞായറാഴ്ച ധാക്കയിലാണ് നടക്കുന്നത്. രണ്ടാം ഏകദിനവും ഇതേ വേദിയിൽ ഡിസംബർ ഏഴിന് നടക്കും. മൂന്നാം മത്സരം ഡിസംബർ പത്തിന് ചത്തോഗ്രാമിൽ നടക്കും. രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഡിസംബർ 14ന് തുടങ്ങും. രണ്ടാം ടെസ്റ്റ് ഡിസംബർ 19നും തുടങ്ങും. നിറംമങ്ങിയ പ്രകടനം നടത്തുന്ന റിഷബ് പന്ത് കളിക്കുന്ന പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണില്ല.
ഏകദിന പരമ്പരയിലെ ഇന്ത്യൻ ടീം
രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, വിരാട് കോഹ്‌ലി. രജത് പാട്ടിദാർ, ശ്രേയസ് അയ്യർ, രാഹുൽ ത്രിപാതി, റിഷബ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷൻ കിഷൻ, ഷഹബാസ് അഹമ്മദ്, അക്‌സർ പട്ടേൽ, വാഷിംഗ്ഡൺ സുന്ദർ, ഷർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ദീപക ചഹാർ, കുൽദീപ് സെൻ, ഉംറാൻ മാലിക്.
Umran Malik will be in the ODI squad against Bangladesh after Indian pacer Mohammad Shami suffered an injury during training