'ബന്ധം അത്ര നല്ലതല്ല': ഇന്ത്യയും പാകിസ്താനും തമ്മിലെ ടി20 മത്സരം നടത്തണോയെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
|ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം അത്ര നല്ല നിലയില്‍ അല്ല. ഈ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരം വേണ്ടതുണ്ടോയെന്ന് ആലോചിക്കേണ്ടതാണെന്നും ഗിരിരാജ് സിങ്
ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിലെ മത്സരം നടത്തണോ എന്നത് പുനരാലോചിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇന്ത്യയും പാകിസ്താനും തമ്മിലെ ബന്ധം അത്ര നല്ലതല്ല, അതുകൊണ്ട് തന്നെ മത്സരം നടത്തണമോ എന്ന് ഒന്നുകൂടി ആലോചിക്കണമെന്നും ജോധ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരില്‍ ആളുകളെ തിരഞ്ഞുപിടിച്ചു കൊല്ലുകയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം അത്ര നല്ല നിലയില്‍ അല്ല. ഈ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരം വേണ്ടതുണ്ടോയെന്ന് ആലോചിക്കേണ്ടതാണെന്നും ഗിരിരാജ് സിങ് പറഞ്ഞു. ഒക്ടബോർ 24ന് ദുബൈയിലാണ് ഇന്ത്യയും പാകിസ്താനും തമ്മിലെ മത്സരം.
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം തന്നെ പാകിസ്ഥാനെതിരെയാണ്. മത്സരത്തിന്റെ ടിക്കറ്റുകള്‍ വില്‍പ്പനയ്‌ക്കെത്തി മണിക്കൂറുകള്‍ക്കകമാണ് വിറ്റുപോയത്. ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടത് മുതല്‍ ഇരുടീമുകളുടെയും ആരാധകര്‍ ആവേശത്തിലായിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണം ഇരുവരും ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ വരാറുള്ളത്. ഇരു ടീമുകളും തമ്മിലുള്ള മത്സരങ്ങള്‍ ഇതുവരെയും ആരാധകര്‍ക്ക് ആവേശ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്.
കോവിഡ് പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. നാല് വേദികളിലായാവും മത്സരങ്ങള്‍. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ലോകകപ്പ് അറേബ്യന്‍ മണ്ണിലേക്ക് മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.