ട്വന്റി 20യിൽ വരവറിയിച്ച് അമേരിക്ക; ബംഗ്ലാദേശിനെതിരെ അട്ടിമറി ജയം, പരമ്പര
|ടെസ്റ്റ് കളിക്കുന്ന രാജ്യത്തിനെതിരെ അമേരിക്ക ആദ്യമായാണ് ട്വന്റി 20 പരമ്പര സ്വന്തമാക്കുന്നത്.
ടെക്സാസ്: ട്വന്റി 20 ലോകകപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ വരവറിയിച്ച് ആതിഥേയരായ അമേരിക്ക. ബംഗ്ലാദേശിനിതിരായ പരമ്പര (2-0) സ്വന്തമാക്കിയാണ് ടീം കരുത്തുകാട്ടിയത്. അത്യന്തം ആവേശകരമായ രണ്ടാം ട്വന്റി 20യിൽ ആറു റൺസിനാണ് ജയം പിടിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎസ് ടീം ആറ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് 138 റൺസിൽ എല്ലാവരും പുറത്തായി. ടെസ്റ്റ് കളിക്കുന്ന ഒരു രാജ്യത്തിനെതിരെ അമേരിക്ക ആദ്യമായാണ് ട്വന്റി 20 പരമ്പര സ്വന്തമാക്കുന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അമേരിക്കയ്ക്കായി ഓപ്പണിങ് കൂട്ടുകെട്ട് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. സ്റ്റീവൻ ടെയ്ലർ 28 പന്തിൽ 31, ക്യാപ്റ്റൻ മൊണാങ്ക് പട്ടേൽ 38 പന്തിൽ 42 റൺസ് നേടി. എന്നാൽ മധ്യനിരയിൽ ആരോൺ ജോൺസ് മാത്രമാണ്( 34 പന്തിൽ 35) മാത്രമാണ് പ്രതീക്ഷക്കൊത്തുയർന്നത്. കഴിഞ്ഞ മത്സരത്തിലെ താരം കോറി ആൻഡേഴ്സൺ 11 റൺസുമായി പുറത്തായി. ബംഗ്ലാദേശിനായി മുസ്തഫിസുർ റഹ്മാൻ, റിഷാദ് ഹുസൈൻ, ഷൊരിഫുൽ ഇസ്ലാം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങിൽ ബംഗ്ലാദേശിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റൻ നജ്മുൾ ഹുസൈൻ ഷാന്റോ 34 പന്തിൽ 36 റൺസുമായി ടോപ്സ്കോററായി. ഷാക്കിബ് അൽ ഹസൻ(30) റൺസെടുത്ത് പുറത്തായി. യു.എസിനായി അലിഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ അമേരിക്ക ആധികാരിക ജയം സ്വന്തമാക്കിയിരുന്നു.