Cricket
ipl 2023

ആളൊഴിഞ്ഞ ലക്‌നൗവിലെ സ്റ്റേഡിയം

Cricket

യു.പിക്കാർക്ക് ഐ.പി.എൽ വേണ്ടേ? ഹോംഗ്രൗണ്ടിൽ ലക്‌നൗവിന് ഒഴിഞ്ഞ കസേരകൾ

Web Desk
|
2 April 2023 5:22 AM GMT

ഫ്രാഞ്ചൈസി രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് ലക്‌നൗവിന്റെ മത്സരം ഹോംഗ്രൗണ്ടിൽ നടക്കുന്നത്

ലക്‌നൗ: ഡൽഹി കാപിറ്റൽസിനെതിരായ ലക്‌നൗ സൂപ്പർ ജയന്റ്‌സിന്റെ(എല്‍.എസ്.ജി) മത്സരം കാണാൻ ആള് നന്നെ കുറവ്. ഫ്രാഞ്ചൈസി രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് ലക്‌നൗവിന്റെ മത്സരം ഹോംഗ്രൗണ്ടിൽ നടക്കുന്നത്. ലക്‌നൗവിന് പുറമെ കാൺപൂരിൽ നേരത്തെ ഐ.പി.എൽ മത്സരങ്ങൾ നടന്നിരുന്നു. 2016 മുതൽ 2017 വരെ ഗുജറാത്ത് ലയൺസിന്റെ മത്സരങ്ങൾക്കായിരുന്നു കാൺപൂർ വേദിയായിരുന്നത്.

ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തിരക്കേറിയ ജനക്കൂട്ടത്തെയാണ് പലരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അങ്ങനെയൊന്ന് സംഭവിച്ചില്ല. മത്സരം ആരംഭിച്ചതിന് ശേഷവും സ്റ്റേഡിയത്തിൽ ഒഴിഞ്ഞ സീറ്റുകൾ കാണാമായിരുന്നു. ആദ്യ ഇന്നിംഗ്‌സ് അവസാനത്തോട് അടുക്കുമ്പോഴും സ്ഥിതിക്ക് വലിയ മാറ്റമൊന്നും ഉണ്ടായില്ല. ഇക്കാര്യം സോഷ്യൽ മീഡിയയിലെ ക്രിക്കറ്റ് ആരാധകരെയും ഞെട്ടിച്ചു.

ചരിത്രത്തിലാദ്യമായി കെ.എൽ രാഹുലും കൂട്ടരും തങ്ങളുടെ ഹോംഗ്രൗണ്ടിൽ ആരാധകർക്ക് മുന്നിൽ കളിക്കുമ്പോള്‍ ആളില്ലാതെ പോയതാണ് ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കിയത്. ഞായറാഴ്ചയായിട്ടും മത്സരം കാണാന്‍ ആളില്ലെ എന്ന് ഇവര്‍ ചോദിക്കുന്നു.

2022 സീസണിലായിരുന്നു ഐ‌.പി‌.എല്ലിൽ എൽ‌എസ്‌ജിയുടെ അരങ്ങേറ്റം. എന്നാൽ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം മഹാരാഷ്ട്രയിലെ നാല് വേദികളിൽ മാത്രമാണ് മത്സരം നടന്നത്. കഴിഞ്ഞ സീസണ്‍ എൽ‌എസ്‌ജിക്ക് മികച്ച വർഷമായിരുന്നു. പ്ലേഓഫിലെത്തിയെങ്കിലും എലിമിനേറ്റര്‍ റൗണ്ടിൽ ബാംഗ്ലൂരിനോട് തോറ്റ് പുറത്തായി. ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയില്‍ മറ്റൊരു കന്നി ടീമായ ഗുജറാത്ത് ടൈറ്റന്‍സാണ് കിരീടം ഉയര്‍ത്തിയത്.

അതേസമയം മത്സരത്തിൽ 50 റൺസിന്റെ തകർപ്പൻ ജയമാണ് ലക്‌നൗ സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാർക്ക് വുഡാണ് ഡൽഹിയെ തീർത്തത്. മാർക്ക് വുഡാണ് കളിയിലെ താരം. 73റണ്‍സ് നേടിയ വിന്‍ഡീസ് താരം കെ മയേഴ്സിന്റെ ഇന്നിങ്സാണ് ലക്‌നൗവിന് മികച്ച സ്കോര്‍ നേടിക്കൊടുത്തത്.

Similar Posts