Cricket
ഒരു റണ്ണെടുക്കാന്‍ 54 പന്ത്! അവസാനം ജയ്‌സ്വാളിന് കയ്യടിച്ച് എതിർ ടീമും
Cricket

ഒരു റണ്ണെടുക്കാന്‍ 54 പന്ത്! അവസാനം ജയ്‌സ്വാളിന് കയ്യടിച്ച് എതിർ ടീമും

Web Desk
|
16 Jun 2022 1:20 PM GMT

ഉത്തർപ്രദേശിനെതിരായ രഞ്ജി ട്രോഫിയുടെ സെമിഫൈനൽ മത്സരത്തിലായിരുന്നു ജയ്‌സ്വാളിന്റെ മാസ്മരിക പ്രതിരോധം.

മുംബൈ: രഞ്ജി ട്രോഫിയിൽ മുംബൈയുടെ യുവഓപ്പണർ യശ്വസി ജയ്‌സ്വാൾ ഒരു റണ്‍ നേടിയത് 54ാം പന്തിൽ. അതും ഓപ്പണറുടെ റോളിലെത്തി. ഉത്തർപ്രദേശിനെതിരായ രഞ്ജി ട്രോഫിയുടെ സെമിഫൈനൽ മത്സരത്തിലായിരുന്നു ജയ്‌സ്വാളിന്റെ മാസ്മരിക പ്രതിരോധം.

അവസാനം 54ാം പന്തിൽ ഒരു റൺസ് നേടിയപ്പോൾ മുംബൈ ഡ്രസിങ് റൂം മാത്രമല്ല ഉത്തർപ്രദേശ് കളിക്കാർ ഒന്നടങ്കവും താരത്തിന് കയ്യടിച്ചതും കൗതുകമായി. പ്രത്യഭിവാദ്യമെന്നോണം ജയ്‌സ്വാൾ ഡ്രസിങ് റൂമിലേക്ക് ബാറ്റുയർത്തി. വിഷയം സമൂഹമാധ്യമങ്ങളിലും ചർച്ചയായി. രസകരമായ ട്വീറ്റുകളിലൂടെ നിരവധി പേരാണ് സംഭവം പങ്കുവെക്കുന്നത്. ഒരു ഘട്ടത്തിൽ മുംബൈയുടെ സ്‌കോർ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 66 റൺസെന്ന നിലയിലായിരുന്നു.

ഇതിൽ 64 റൺസും നേടിയത് സഹഓപ്പണറായ പൃഥ്വി ഷാ ആയിരുന്നു. ബാക്കി എക്‌സ്ട്രായും. 69 പന്തിലായിരുന്നു ഷാ 64 റൺസ് നേടിയത്. ഏകദിന ശൈലയിൽ ഒരാൾ ബാറ്റുവീശുമ്പോൾ ആ ബാറ്റർക്ക് പിന്തുണ കൊടുക്കേണ്ട ചുമതല ഇങ്ങനെയായിരിക്കണം എന്നാണ് ഈ സ്‌കോർബോർഡ് പങ്കുവെച്ച് ചിലർ പങ്കുവെക്കുന്നത്. കഴിഞ്ഞ ഐപി.എല്ലിന്റെ രണ്ടാം പകുതിയിൽ ജയ്‌സ്വാൾ ശ്രദ്ധപിടിച്ചുപറ്റിയ പ്രകടനം പുറത്തെടുത്തിരുന്നു.

രാജസ്ഥാൻ റോയൽസ് താരമായ ജയ്‌സ്വാളിന്റെ ബാറ്റിങ് മികവ് ശ്രദ്ധേയമായിരുന്നു. ഐ.പി.എല്ലിൽ 10 മത്സരങ്ങളിൽ നിന്ന് 258 റൺസ് നേടിയ താരം രഞ്ജി ട്രോഫിയിലും ഫോം തുടരുകയാണ്. ഉത്തരാഖണ്ഡിനെതിരായ ക്വാർട്ടർ ഫൈനലിൽ രണ്ടാം ഇന്നിങ്‌സിൽ താരം സെഞ്ച്വറി നേടിയിരുന്നു. മത്സരത്തിൽ മുംബൈ 725 എന്ന റെക്കോർഡ് സ്‌കോറിന് വിജയിക്കുകയും ചെയ്തിരുന്നു.

അതേസമയം മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 114 പന്തിൽ 35 റൺസുമായി ജയ്‌സ്വാൾ ക്രീസിലുണ്ട്. അഞ്ച് ഫോറും ഒരു സിക്‌സറും സഹിതമായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. മത്സരത്തിൽ മുംബൈ രണ്ടാം ഇന്നിങ്‌സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 133 റൺസെന്ന നിലയിലാണ്. ആദ്യ ഇന്നിങ്‌സിൽ മുംബൈ 393 റൺസ് നേടിയിരുന്നു. ഉത്തർപ്രദേശിന്റെ ആദ്യ ഇന്നിങ്‌സ് 180ന് അവസാനിച്ചിരുന്നു. മുംബൈക്ക് ഇപ്പോൾ 346 റൺസിന്റെ ലീഡായി.

Summary- UP players applaud Yashasvi Jaiswal for finally scoring first run off 54th ball

Similar Posts