ഐ.സി.സി വിലക്ക്: ഫലസ്തീൻ അനുകൂല സന്ദേശങ്ങൾ എഴുതിയ ഷൂസ് ധരിക്കില്ല, പോരാടുമെന്ന് ഉസ്മാൻ ഖവാജ
|'സ്വാതന്ത്ര്യം മനുഷ്യാവകാശം, എല്ലാ ജീവനും തുല്യമാണ്' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് ഖവാജ ഷൂസിൽ എഴുതിയിരുന്നത്
പെര്‍ത്ത്: ഫലസ്തീന്‍ അനുകൂല മുദ്രാവാക്യം എഴുതിയ ഷൂസ് ആസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ഉസ്മാന്‍ ഖവാജ ധരിക്കില്ല. ഐ.സി.സി. വിലക്കുള്ളത് അറിയിച്ചതോടെയാണ് താരം തീരുമാനത്തില്‍ നിന്ന് പിന്മാറിയത്. നായകന്‍ പാറ്റ് കമ്മിന്‍സും ഇക്കാര്യം വ്യക്തമാക്കി.
പാകിസ്താനെതിരെ പെര്‍ത്തില്‍ നാളെ ആരംഭിക്കാനിരുന്ന ടെസ്റ്റിലാണ് ഫലസ്തീന്‍ അനുകൂല മുദ്രാവാക്യമുള്ള ഷൂസ് ധരിക്കാന്‍ ഖവാജ തീരുമാനിച്ചിരുന്നത്.
അതേസമയം ഐ.സി.സിയുടെ തീരുമാനത്തിനെതിരെ പോരാടുമെന്ന് ഖവാജ വ്യക്തമാക്കി.
'സ്വാതന്ത്ര്യം മനുഷ്യാവകാശം, എല്ലാ ജീവനും തുല്യമാണ്' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് ഖവാജ ഷൂസില്‍ എഴുതിയിരുന്നത്. ടീമിന്റെ ട്രെയിനിങ് സമയത്തുതന്നെ ധരിച്ചിരുന്ന ഈ ഷൂ, ആദ്യ ടെസ്റ്റിലും ധരിക്കാന്‍ തീരുമാനിച്ചിരുന്നു. ഫലസ്തീന്‍ - ഹമാസ് സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് ഫലസ്തീന് ഐക്യദാര്‍ഢ്യമുയര്‍ത്തിയാണ് ഇത് ധരിക്കാന്‍ കരുതിയിരുന്നത്.
പരിശീലനത്തിന് മുന്നോടിയായി ഷൂസിലെ സന്ദേശങ്ങൾ ഫോട്ടോഗ്രാഫർമാരും മാധ്യമങ്ങളും പകര്‍ത്തുന്നതിന് മുമ്പ് ഖവാജ തന്റെ ടീമംഗങ്ങളോടോ ക്രിക്കറ്റ് ആസ്‌ട്രേലിയയോടോ ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ല.
തന്റെ ഷൂസിലെ സന്ദേശങ്ങൾ മനുഷ്യത്വപരമായ അഭ്യർത്ഥന മാത്രമാണെന്ന് ഖവാജ പിന്നീട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ചട്ടങ്ങളെ മാനിക്കുന്നു. എന്നാല്‍ ഇത്തരം മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതിന് വേണ്ടി പോരാടുമെന്നും അംഗീകാരം നേടുന്നതിനായി പ്രയത്നിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെർത്തിൽ വ്യാഴാഴ്ചയാണ് പാക്കിസ്താനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. മൂന്ന് മത്സരങ്ങളാണു പരമ്പരയിലുള്ളത്. ഐസിസി ചട്ടം ലംഘിച്ച് ഷൂസ് ധരിച്ച് കളിക്കാനിറങ്ങിയിരുന്നെങ്കിൽ ഖവാജയെ മത്സരങ്ങളിൽനിന്നു വിലക്കുമായിരുന്നു. കൂടാതെ മാച്ച് ഫീയുടെ 75 ശതമാനം പിഴയായി അടയ്ക്കേണ്ടിവരും.
Summary-Usman Khawaja to 'fight' cricket authorities' decision on Gaza message