ഐ.സി.സിയുടെ വിലക്ക് 'ആ ഷൂവിന്'; കറുത്ത ആം ബാൻഡുമായി ഖവാജ, ഫലസ്തീൻ പിന്തുണയിൽ മാറ്റമില്ല
|ഫലസ്തീന്‍ അനുകൂല മുദ്രാവാക്യം എഴുതിയ ഷൂസ് ഉപയോഗിക്കാനായിരുന്നു ഖവാജ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഐ.സി.സിയുടെ വിലക്ക് വന്നതോടെ തീരുമാനം മാറ്റി
പെർത്ത്: ഇസ്രായേല്‍ ആക്രമണത്തില്‍ പൊരുതുന്ന ഫലസ്തീൻ ജനതക്ക് പിന്തുണയുമായി ആസ്‌ട്രേലിയൻ ക്രിക്കറ്റർ ഉസ്മാൻ ഖവാജ. കറുത്ത ആം ബാൻഡ് ധരിച്ചാണ് ഖവാജ പാകിസ്താനെതിരായ മത്സരത്തിന് ഇറങ്ങിയത്. ആസ്‌ട്രേലിയൻ ടീമിൽ ഖവാജ മാത്രമാണ് ബാൻഡ് ധരിച്ച് എത്തിയത്.
നേരത്തെ ഫലസ്തീന്‍ അനുകൂല മുദ്രാവാക്യം എഴുതിയ ഷൂസ് ഉപയോഗിക്കാനായിരുന്നു ഖവാജ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഐ.സി.സിയുടെ വിലക്ക് വന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. പരിശീലനത്തിനിടെയാണ് ഫലസ്തീന്‍ അനുകൂല വാചകം എഴുതിയ ഷൂസുമായി ഖവാജ എത്തിയത്. സംഭവം വാര്‍ത്തയാകുകയും ചെയ്തു.
അതേസമയം ഐ.സി.സിയുടെ തീരുമാനത്തിനെതിരെ പോരാടുമെന്ന് ഖവാജ പിന്നീട് വ്യക്തമാക്കുകയും ചെയ്തു. 'സ്വാതന്ത്ര്യം മനുഷ്യാവകാശം, എല്ലാ ജീവനും തുല്യമാണ്' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് ഖവാജ ഷൂസില്‍ എഴുതിയിരുന്നത്. ഫലസ്തീന്‍ - ഹമാസ് സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് ഫലസ്തീന് ഐക്യദാര്‍ഢ്യമുയര്‍ത്തിയാണ് ഖവാജ രംഗത്ത് എത്തിയത്.
എന്നാല്‍ തന്റെ ഷൂസിലെ സന്ദേശങ്ങൾ മനുഷ്യത്വപരമായ അഭ്യർത്ഥന മാത്രമാണെന്ന് ഖവാജ പിന്നീട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ചട്ടങ്ങളെ മാനിക്കുന്നു. എന്നാല്‍ ഇത്തരം മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതിന് വേണ്ടി പോരാടുമെന്നും അംഗീകാരം നേടുന്നതിനായി പ്രയത്നിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെർത്തിലാണ് പാകിസ്താനും ആസ്‌ട്രേലിയയും തമ്മിൽ ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിൽ ഉള്ളത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആദ്യം ബാറ്റ് ചെയ്യുന്ന ആസ്‌ട്രേലിയ ശക്തമായ നിലയിലാണ്. വിക്കറ്റ് നഷ്ടമില്ലാതെ 117 റൺസെന്ന നിലയിലാണ് കംഗാരുക്കൾ. ഡേവിഡ് വാർണർ(72) ഉസ്മാൻ ഖവാജ(37) എന്നിവരാണ് ക്രീസിൽ.
Khawaja has opened up about his 'frustration' at the ICC’s rule which prevents him from wearing a 'humanitarian message'...
— Fox Cricket (@FoxCricket) December 14, 2023
But that didn't stop him from wearing a black armband to respect those suffering 👇
MORE 👉 https://t.co/M7yok9FYJd pic.twitter.com/i6NptJDcSo
Summary- Usman Khawaja Wore a Black Armband Australia vs Pakistan first test