വിജയ്ഹസാരെ ട്രോഫി: ചരിത്രം സൃഷ്ടിച്ച് ഹിമാചൽപ്രദേശ്, തമിഴ്‌നാടിനെ തകർത്ത് കിരീടം
|കരുത്തരായ തമിഴ്‌നാടിനെ തോൽപിച്ചാണ് ഹിമാചൽ ആഭ്യന്തര ടൂർണമെന്റിലെ ഒരു പ്രധാന ടൂർണമെന്റിൽ ആദ്യമായി കിരീടം നേടുന്നത്.
ചരിത്രത്തിലാദ്യമായി വിജയ്ഹസാരെ ട്രോഫിയിൽ മുത്തമിട്ട് ഹിമാചൽപ്രദേശ്. കരുത്തരായ തമിഴ്‌നാടിനെ തോൽപിച്ചാണ് ഹിമാചൽ ആഭ്യന്തര ക്രിക്കറ്റിലെ ഒരു പ്രധാന ടൂർണമെന്റിൽ ആദ്യമായി കിരീടം നേടുന്നത്. വെളിച്ചക്കുറവ് മൂലം കളി തടസപ്പെടുത്തിയ മത്സരത്തിൽ വി.ജെ.ഡി രീതിയനുസരിച്ചാണ് ഹിമാചലിനെ വിജയിയായി പ്രഖ്യാപിച്ചത്. വെളിച്ചക്കുറവ് മൂലം കളി നിർത്തുമ്പോൾ ഹിമാചൽപ്രദേശ് 47.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 299 എന്ന നിലയിലായിരുന്നു.
പാർ സ്‌കോർ അനുസരിച്ച് അന്നേരം ഹിമാചലനിന് 288 റൺസെ വേണ്ടിയിരുന്നുള്ളൂ. അതോടെയാണ് ഹിമാചലിനെ വിജയിയായി പ്രഖ്യാപിച്ചത്. വെളിച്ചക്കുറവ് മൂലം കളി തടസപ്പെടുത്തിയിരുന്നില്ലെങ്കിലും ഹിമാചൽ ജയിക്കുമായിരുന്നു. ആവശ്യത്തിന് വിക്കറ്റും റൺസുമെല്ലാം ഹിമാചലിന്റെ അടുത്തുണ്ടായിരുന്നു.പുറത്താകാതെ 136 റൺസ് നേടിയ ശുഭ്മാൻ അറോറയാണ് ഹിമാചലിന്റെ വിജയശിൽപ്പി.
131 പന്തുകളിൽ നിന്ന് പതിമൂന്ന് ഫോറുകളും ഒരു സിക്‌സറുമടക്കമായിരുന്നു അറോറയുടെ ഇന്നിങ്‌സ്. അമിത്കുമാർ (74) റിഷി ധവാൻ(42)എന്നിവരും പിന്തുണ കൊടുത്തു. ഇതിൽ റിഷി ധവാന്റെ അതിവേധ സ്‌കോറിങാണ് ഹിമാചലിന്റെ രക്ഷക്കെത്തിയത്. 23 പന്തുകളിൽ അഞ്ച് ഫോറും ഒരു സിക്‌സറും സഹിതമായിരുന്നു റിഷി ധവാന്റെ ഇന്നിങ്‌സ്. ആദ്യം ബാറ്റ്‌ചെയ്ത തമിഴ്‌നാട് നായകൻ ദിനേശ് കാർത്തികിന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് 49.4 ഓവറിൽ 314 റൺസ് നേടിയത്. അതിനിടെ അവരുടെ പത്ത് വിക്കറ്റുകളും നഷ്ടമായി.
116 റൺസാണ് ദിനേശ് കാർത്തിക്ക് നേടിയത്. 103 പന്തുകളിൽ നിന്നായിരുന്നു കാർത്തികിന്റെ ഇന്നിങ്‌സ്. 80 റൺസ് നേടിയ ഇന്ദ്രജിത്ത്, 42 റൺസ് നേടിയ ഷാറൂഖ് ഖാൻ എന്നിവരും തമിഴ്‌നാടിന്റെ സ്‌കോറിങിന് സംഭാവന നൽകി.