ടെസ്റ്റ് റാങ്കിങിൽ നേട്ടമുണ്ടാക്കി കോഹ്ലിയും രോഹിത് ശർമ്മയും സിറാജും
|ബാറ്റിങിൽ ന്യൂസിലാൻഡിന്റെ കെയിൻ വില്യംസണാണ് ഒന്നാം സ്ഥാനത്ത്.
ന്യൂഡൽഹി: പുതുക്കിയ ഐ.സി.സി റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ വിരാട് കോഹ്ലി, രോഹിത് ശർമ്മ, മുഹമ്മദ് സിറാജ് എന്നിവർ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ മികവാണ് മൂവർക്കും തുണയായത്. ഇതിൽ സിറാജ് മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.
ബാറ്റിങ് റാങ്കിങില്‍ വിരാട് കോഹ്ലി മൂന്ന് സ്ഥാനം ഉയര്‍ന്ന് ബാബര്‍ അസമിനെയും മറികടന്ന് ആറാം സ്ഥാനത്തെത്തിയപ്പോള്‍ രോഹിത് ശര്‍മ ബാറ്റിങ് റാങ്കിംഗില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി. പത്താം സ്ഥാനത്താണ് രോഹിത് ഇപ്പോള്‍. ആസ്ട്രേലിയക്കെതിരായ മോശം പ്രകടനമാണ് ബാബർ അസമിന് തിരിച്ചടിയായത്. റാങ്കിംഗില്‍ ബാബര്‍ രണ്ട് സ്ഥാനം താഴേക്കിറങ്ങി എട്ടാം സ്ഥാനത്തേക്ക് വീണു. ന്യൂസിലാന്‍ഡിന്റെ കെയിന്‍ വില്യംസണാണ് ഒന്നാം സ്ഥാനത്ത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ കരിയർബെസ്റ്റ് പ്രകടനം കാഴ്ചവെച്ച മുഹമ്മദ് സിറാജും റാങ്കിങിൽ നേട്ടമുണ്ടാക്കി. 13 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി സിറാജ് 17ൽ എത്തി. 15 റൺസ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളാണ് കേപ്ടൗണിൽ സിറാജ് വീഴ്ത്തിയിരുന്നത്. അതേസമയം ജസ്പ്രീത് ബുംറയും നേട്ടംകൊയ്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ 12 വിക്കറ്റുകൾ വീഴ്ത്തിയ ബുംറ നാലാം സ്ഥാനത്ത് എത്തി.
ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് ബുംറയുടെ കയറ്റം. ഇന്ത്യയുടെ രവിചന്ദ്ര അശ്വിനാണ് ഒന്നാം സ്ഥാനത്ത്. ആസ്ട്രേലിയയുടെ പാറ്റ് കമ്മിൻസ്, ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
Summary-ICC Test Rankings: Virat Kohli and Siraj among big gainers, Babar drops; Rohit Sharma races into Top 10