Cricket
Virat Kohli
Cricket

'അയോധ്യയിലേക്ക് പോകാൻ പരിശീലനത്തിൽ നിന്ന് ഒഴിവാക്കണം'; ആവശ്യവുമായി കോഹ്‌ലി,അംഗീകരിച്ച് ബി.സി.സി.ഐ

Web Desk
|
17 Jan 2024 7:35 AM GMT

ജനുവരി 22നാണ് ശ്രീരാമക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠാ ചടങ്ങ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കങ്ങളിലായിരിക്കും ഈ സമയത്ത് ഇന്ത്യൻ ടീം ക്യാംപ്.

മുംബൈ: അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തിടത്ത് നിര്‍മിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി അവധിയാവശ്യപ്പെട്ട് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി.

ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് ബി.സി.സി.ഐയോട് കോഹ്‌ലി ആവശ്യപ്പെട്ടതായാണ് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബി.സി.സി.ഐ ഇത് അംഗീകരിക്കുകയും ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി 22നാണ് ശ്രീരാമക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠാ ചടങ്ങ്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കങ്ങളിലായിരിക്കും ഈ സമയത്ത് ഇന്ത്യൻ ടീം ക്യാംപ്. കോഹ്‌ലിയെക്കൂടാതെ സച്ചിൻ തെണ്ടുൽക്കർ, എം.എസ് ധോണി എന്നിവർക്കും ക്ഷണമുണ്ട്. അഫ്ഗാനിസ്താനെതിരായ പരമ്പരക്ക് പിന്നാലെ ജനുവരി 20ന് ഹൈദരാബാദിൽ എത്താനാണ് ഇന്ത്യൻ ടീം തീരുമാനിച്ചിരിക്കുന്നത്.

ജനുവരി 25നാണ് ആദ്യ മത്സരം. ജനുവരി 21ല്‍ നെറ്റ്സിൽ പരിശീലിച്ച ശേഷം അന്നു തന്നെ അയോധ്യയിലേക്കു പോകാനാണു കോഹ്‌ലിയുടെ തീരുമാനം. ബുധനാഴ്ച(ഇന്ന്) സമാപിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ടി20 പരമ്പരയ്ക്ക് ശേഷം ഇന്ത്യൻ കളിക്കാർക്കും കോച്ചിംഗ് സ്റ്റാഫിനും രണ്ട് ദിവസത്തെ ഇടവേള ലഭിക്കും. തുടര്‍ന്നാണ് ഹൈദരാബാദിലേക്ക് എത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യം നെറ്റ്‌സ് സെഷനാണ് തീരുമാനിച്ചിരിക്കുന്നത്.

ക്യാപ്റ്റനായി ബെൻസ്റ്റോക്‌സും പരിശീലകനായി ബ്രണ്ടൻ മക്കല്ലവും നിയമിതനായ ശേഷം ഇംഗ്ലണ്ട് ടീം ആദ്യമായാണ് ഇന്ത്യയിൽ ടെസ്റ്റ് കളിക്കാനെത്തുന്നത്. ഇംഗ്ലണ്ടിന്റെ പേരുകേട്ട ടെസ്റ്റിലെ ബേസ്‌ബോൾ ക്രിക്കറ്റ് ഇന്ത്യയിൽ എങ്ങനെ ഉണ്ടാകും എന്നാണ് കളിപ്രേമികൾ നോക്കുന്നത്.

Summary- Virat Kohli gets permission from BCCI to attend Ram Temple Consecration on Jan 22 before England Tests: Report

Related Tags :
Similar Posts