ദി റിയൽ കംബാക്ക്! മൂന്നു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോഹ്ലിക്ക് സെഞ്ച്വറി!
|മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരാട് കോഹ്ലിക്ക് സെഞ്ച്വറി(122*)
ദുബൈ: മൂന്നു വർഷത്തെ കാത്തിരിപ്പ്. കൃത്യമായി പറഞ്ഞാൽ 1,021 ദിവസം നീണ്ട ഒടുങ്ങാത്ത സെഞ്ച്വറിദാഹം. ഇന്ത്യൻ ആരാധകർ മാത്രമല്ല, ക്രിക്കറ്റിനെ ആരാധിക്കുന്ന മുഴുവൻ കായികപ്രേമികളും അക്ഷമരായി കാത്തിരുന്ന ആ നിമിഷം സംഭവിച്ചിരിക്കുന്നു. അതെ, വിരാട് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ കാത്തുകാത്തിരുന്ന ആ സുന്ദര ശതകം കുറിച്ചിരിക്കുന്നു. 61 പന്തിൽ ആരാധകരെ ആനന്ദത്തിലാറാടിച്ച പൊന്നിൻതിളക്കമുള്ള 122 റൺസ്, അതും പുറത്താകാതെ. ഏഷ്യാ കപ്പിലെ മാനം കാക്കാനുള്ള പോരാട്ടത്തിൽ കോഹ്ലിയുടെ മിന്നും സെഞ്ച്വറിയുടെ കരുത്തിൽ അഫ്ഗാനിസ്താനെതിരെ ഇന്ത്യയ്ക്ക് 212 റൺസിന്റെ കൂറ്റൻ ടോട്ടൽ.
ഏഷ്യാ കപ്പിന്റെ ആദ്യ മത്സരം മുതൽ കോഹ്ലി കാണിച്ച ഇന്റന്റിന്റെ യഥാർത്ഥ പരിസമാപ്തി കൂടിയായിരിക്കുകയാണ് ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ഏഷ്യാ കപ്പിലെ ഇന്ത്യയുടെ അവസാന മത്സരം. പതിയെ തുടങ്ങി ആളിക്കത്തുകയായിരുന്നു കോഹ്ലി. 32 പന്തിൽ അർധസെഞ്ച്വറി കടന്ന ശേഷം 29 പന്തിലായിരുന്നു കോഹ്ലിയുടെ സെഞ്ച്വറി. ഗ്രൗണ്ടിന്റെ നാലു ഭാഗത്തേക്കും പാഞ്ഞ സുന്ദരമായ 12 ബൗണ്ടറികളും ഗാലറിയിലേക്ക് അളന്നുമുറിച്ചു തൊടുത്തുവിട്ട ആറ് സിക്‌സും ആ ഇന്നിങ്‌സിന് മിഴിവേകി.
ടോസ് നേടിയ അഫ്ഗാൻ നായകൻ മുഹമ്മദ് നബി ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രോഹിത് ശർമയ്ക്ക് വിശ്രമം നൽകിയപ്പോൾ പകരക്കാരനായി ക്യാപ്റ്റൻസി ഏറ്റെടുത്തത് കെ.എൽ രാഹുൽ. ദിനേശ് കാർത്തിക് ടീമിൽ തിരിച്ചെത്തി. ചഹലിനു പകരം ദീപക് ചഹാറും ടീമിൽ ഇടംപിടിച്ചു. കോഹ്ലിയും രാഹുലുമാണ് ഇന്ത്യയ്ക്കായി ഓപൺ ചെയ്തത്.
കരുതലോടെയാണ് രാഹുലും കോഹ്ലിയും തുടങ്ങിയത്. എന്നാൽ, പതിയെ നിലയുറപ്പിച്ച് അപകടകാരിയാകാനുള്ള സൂചനകൾ തുടക്കം മുതലേ കോഹ്ലി കാണിച്ചുതുടങ്ങിയിരുന്നു. അഫ്ഗാന്റെ തുറുപ്പുചീട്ടായ സ്പിന്നർ മുജീബുറഹ്മാനെ ഒരു ഓവറിൽ തുടരെ ബൗണ്ടറിയും സിക്‌സും പറത്തിയായിരുന്നു കോഹ്ലിയുടെ മുന്നറിയിപ്പ്. സ്വന്തം സ്‌കോർ 30 കടന്നതോടെ ആക്രമണം കടുപ്പിച്ചു. 32 പന്തിൽ അർധ സെഞ്ച്വറിയും കടന്നതോടെ രൗദ്രഭാവമായി കോഹ്ലിക്ക്. ഒരുവശത്ത് കരുതലോടെ കളിച്ച് രാഹുലും അർധസെഞ്ച്വറി കടന്നു. അധികം വൈകാതെ ഫരീദ് അഹ്മദിന്റെ പന്തിൽ നജീബുല്ല സദ്‌റാന് ക്യാച്ച് നൽകി രാഹുൽ മടങ്ങി. 41 പന്തിൽ ആറ് ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം 62 റൺസുമായാണ് നായകന്റെ മടക്കം. പിന്നാലെയെത്തിയ സൂര്യ കുമാർ യാദവ് ആദ്യ പന്തിൽ തന്നെ കിടിലൻ സിക്‌സറുമായി ഞെട്ടിപ്പിച്ചെങ്കിലും തൊട്ടടുത്ത ഫരീദിന്റെ പന്ത് ബാറ്റിൽ തട്ടി കുറ്റിയും പിഴുതാണ് പോയത്.
നാലാമനായെത്തിയ ഋഷഭ് പന്ത് ഒരിക്കൽകൂടി തപ്പിത്തടയുന്നതാണ് കണ്ടത്. എന്നാൽ, മറുവശത്ത് അഫ്ഗാന്റെ ഒരു ബൗളർമാരെയും വിടാതെ ആക്രമക്കുകയായിരുന്നു കോഹ്ലി. ഒടുവിൽ ഫരീദ് അഹ്മദിന്റെ ഓവറിൽ കൂറ്റൽ സിക്‌സറിലൂടെ ആ അപൂർവ നിമിഷം സംഭവിച്ചു. കാത്തുകാത്തിരുന്ന സെഞ്ച്വറി. അഫ്ഗാൻ പേസ് ആക്രമണത്തിന്റെ കുന്തമുനയായ ഫസലുൽഹഖ് ഫാറൂഖി എറിഞ്ഞ അവസാന ഓവറിൽ തുടരെ രണ്ട് സിക്‌സും ഒരു ബൗണ്ടറിയും അടിച്ചെടുത്ത് ഇന്ത്യൻ ടോട്ടൽ 212ലേക്ക് ഉയർത്തിയാണ് കോഹ്ലി പന്തി(20)നൊപ്പം പവലിയനിലേക്ക് മടങ്ങിയത്.
Summary: IND vs AFG Asia Cup 2022 Super 4 updates