Cricket
Crowned with records; Virat Kohli is the king of world cricket
Cricket

റെക്കോഡുകൾ കൊണ്ട് കിരീടം; വിരാട് കോഹ്‌ലി ലോകക്രിക്കറ്റിലെ രാജാവ്

Web Desk
|
15 Nov 2023 1:12 PM GMT

ലോകക്രിക്കറ്റിലെ അതിസമ്പന്നനാണ് കോഹ്‌ലിയെന്ന്‌ സ്റ്റോക് ഗ്രോ റിപ്പോർട്ട് ചെയ്തിരുന്നു

മുംബൈ: വിരാട് കോഹ്‌ലിയെ ലോകക്രിക്കറ്റിലെ കിംഗെന്ന് വിളിക്കുന്നത് വെറുതെയല്ലെന്ന് താരത്തിന്റെ കളിയും കണക്കുകളും തുറന്നുപറയും. സെഞ്ച്വറിക്കണക്കിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡ് ഇന്ന് താരം മറികടന്നിരിക്കുകയാണ്. മുംബൈ വാംഖഡെയിൽ നടക്കുന്ന ലോകകപ്പിലെ ആദ്യ സെമിയിൽ ന്യൂസിലാൻഡിനെതിരെയാണ് 50ാം സെഞ്ച്വറി (113 പന്തിൽ 117) കോഹ്‌ലി കണ്ടെത്തിയത്. ഗ്യാലറിയിൽ സച്ചിനെ സാക്ഷിയാക്കിയാണ് കോഹ്‌ലിയുടെ ഇന്നിങ്‌സ്.

അതിന് പുറമെ നിരവധി ലോകറെക്കോഡുകളാണ് കോഹ്‌ലിയുടെ പേരിലുള്ളത്. പുരുഷ ഏകദിന ലോകകപ്പിന്റെ ഒരൊറ്റ എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും കോഹ്‌ലിയാണ്. ഈ ലോകകപ്പിൽ പത്ത് മത്സരങ്ങളിൽനിന്ന് 701 റൺസാണ് താരത്തിന്റെ പേരിലുള്ളത്. 2003ലെ ലോകകപ്പിൽ സച്ചിൻ ടെണ്ടുൽക്കർ നേടിയ 673 റൺസിന്റെ റെക്കോഡാണ് കോഹ്ലി മറികടന്നത്. മാത്യു ഹെയ്ഡൻ (659), രോഹിത് ശർമ്മ (648) എന്നിവരാണ് കൂടുതൽ റൺസ് നേടിയ മറ്റു താരങ്ങൾ. 2007ലെ ലോകകപ്പിലായിരുന്നു ഹെയ്ഡന്റെ പ്രകടനം. 2019ൽ രോഹിത് ശർമ്മയും.

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ 50ന് മുകളിൽ സ്‌കോർ ചെയ്ത താരമെന്ന റെക്കോർഡും താരം സ്വന്തമാക്കി. ഇത് എട്ടാം തവണയാണ് കോഹ്ലി അർധസെഞ്ച്വറി പിന്നിടുന്നത്. ഏഴു തവണ അമ്പത് റൺസിന് മുകളിൽ സ്‌കോർ ചെയ്ത ഷാകിബുൽ ഹസന്റെയും സച്ചിൻ ടെണ്ടുൽക്കറിന്റെയും റെക്കോർഡാണ് താരം മറികടന്നത്.

കൂടുതൽ കലണ്ടർ വർഷത്തിൽ ആയിരത്തിലേറെ ഏകദിന റൺസ്

ഏറ്റവും കൂടുതൽ കലണ്ടർ വർഷത്തിൽ ഏകദിനത്തിൽ ആയിരത്തിലേറെ റൺസെന്ന നേട്ടം മുമ്പ് കോഹ്ലി കയ്യിലാക്കിയിരുന്നു. ഇതുവരെയായി എട്ട് കലണ്ടർ വർഷങ്ങളിലാണ് താരം ആയിരം റൺസ് ഏകദിനത്തിൽ നേടിയത്. 2011-14, 2017-19, 2023 എന്നീ വർഷങ്ങളിലാണ് കിംഗ് കോഹ്ലിയുടെ നേട്ടം. സച്ചിൻ ടെണ്ടുൽക്കർ ഏഴ് കലണ്ടർ വർഷങ്ങളിലാണ് ആയിരം റൺസ് ഏകദിനത്തിൽ അടിച്ചുകൂട്ടിയത്. 1994, 1996-98, 2000, 2003, 2007 എന്നീ വർഷങ്ങളിലായിരുന്നു സച്ചിൻ ഈ നേട്ടം കൈവരിച്ചത്.

ഇന്ന് തന്റെ 290-ാം ഏകദിനത്തിലാണ് കോഹ്ലി തന്റെ അമ്പതാം ശതകം കണ്ടെത്തിയത്. 463 മത്സരങ്ങളിൽ നിന്നായിരുന്നു സച്ചിന്റെ നേട്ടം. രോഹിത് ശർമ്മ (31), റിക്കി പോണ്ടിങ് (30), സനത് ജയസൂര്യ (28) എന്നിവരാണ് കൂടുതൽ സെഞ്ച്വറി നേടിയ മറ്റു താരങ്ങൾ.

ഏറ്റവും കൂടുതൽ ഏകദിന അന്താരാഷ്ട്ര റൺസ് നേടുന്ന മൂന്നാമത്തെ താരവും കോഹ്ലിയായി മാറി. റിക്കി പോണ്ടിങ്ങിനെയാണ് മുൻ ഇന്ത്യൻ നായകൻ മറികടന്നത്. 14234 റൺസ് നേടിയ ശ്രീലങ്കയുടെ കുമാർ സംഗക്കാരയും 18426 റൺസ് നേടിയ സച്ചിനും മാത്രമാണ് ഇനി കോഹ്ലിക്ക് മുമ്പിലുള്ളത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗം 25,000 റൺസ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗത്തിൽ 25,000 റൺസ് നേടുന്ന താരമായി കോഹ്ലി മാറിയിരുന്നു. ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡാണ് താരം മറികടന്നത്. സച്ചിൻ 577 മത്സരങ്ങളിൽ നിന്ന് ഈ നേട്ടം കൊയ്തപ്പോൾ കോഹ്ലി 549 മത്സരങ്ങളിൽ നിന്ന് റെക്കോഡ് മറികടക്കുകയായിരുന്നു. റിക്കി പോണ്ടിംഗ് (588), ജാക്വസ് കാലിസ് (549), കുമാർ സംഗക്കാര(608), മഹേല ജയവർധനനെ (701) എന്നിവരും ഈ നാഴികക്കല്ല് പിന്നിട്ടവരാണ്.

സച്ചിൻ ടെണ്ടുൽക്കർ 664 മത്സരങ്ങളിൽ നിന്നായി ആകെ 34,357 റൺസ് നേടി റൺപട്ടികയിൽ ഒന്നാമതുണ്ട്. 594 മത്സരങ്ങളിൽ നിന്ന് 28,016 റൺസ് നേടിയ കുമാർ സംഗക്കാരയാണ് രണ്ടാമത്. 560 മത്സരങ്ങളിൽ നിന്ന് 27,483 റൺസ് നേടിയ റിക്കി പോണ്ടിംഗ് മൂന്നാമതും 652 മത്സരങ്ങളിൽ നിന്ന് 25,957 റൺസ് നേടിയ ജയവർധനെ നാലാമതുമുണ്ട്. ജാക്വിസ് കാലിസാണ് പട്ടികയിൽ അഞ്ചാമത്. 25,534 റൺസാണ് ദക്ഷിണാഫ്രിക്കൻ താരത്തിന്റെ അക്കൗണ്ടിലുള്ളത്.

പട്ടികയിൽ ആറാമതുള്ളത് കോഹ്ലിയാണ്. പിന്നീട് ദ്രാവിഡ് (24,208), ലാറ (22,358), ജയസൂര്യ (21,032) എന്നിങ്ങനെയാണ് പട്ടികയിലുള്ള താരങ്ങൾ. നിലവിൽ കളിക്കളത്തിലുള്ള താരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് കോഹ്ലിയുടെ പേരിലാണ്.

കോഹ്‌ലി ലോകക്രിക്കറ്റിലെ അതിസമ്പന്നൻ

ലോകക്രിക്കറ്റിലെ അതിസമ്പന്നനാണ് കോഹ്‌ലിയെന്ന്‌ സ്റ്റോക് ഗ്രോ റിപ്പോർട്ട് ചെയ്തിരുന്നു. 1050 കോടിയാണ് ലോകപ്രശസ്ത കായിക താരങ്ങളിൽ ഒരാൾ കൂടിയായ കോഹ്ലിയുടെ വരുമാനമെന്നും റിപ്പോർട്ടിൽ പറഞ്ഞു. ടീം ഇന്ത്യയുമായി എപ്ലസ് കോൺട്രാക്ടിൽ ഏഴു കോടിയാണ് താരം സമ്പാദിക്കുന്നത്. ടെസ്റ്റിന് 15 ലക്ഷം, ഏകദിനത്തിന് ആറു ലക്ഷം, ടി20 യ്ക്ക് മൂന്നു ലക്ഷം എന്നിങ്ങനെയാണ് താരത്തിന്റെ മത്സര ഫീ. ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിക്കുന്ന മുൻ ഇന്ത്യൻ നായകന് 15 കോടിയാണ് ലഭിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ 252 മില്യൺ ഫോളോവേഴ്സുള്ള കോഹ്ലി സമൂഹ മാധ്യമങ്ങളിൽ ഏറെ പിന്തുണയുള്ള താരമാണ്. ലക്ഷങ്ങളാണ് പരസ്യയിനത്തിൽ താരം നേടുന്നത്. നിരവധി ബ്രാൻഡുകളുടെ ഉടമയായ താരം ബ്ലൂ ട്രൈബ്, യൂണിവേഴ്സൽ സ്പോർട്സ് ബിസ്, എം.പി.എൽ, സ്പോർട്സ് കോൺവോ എന്നിങ്ങനെയുള്ള ഏഴ് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. 18 ബ്രാൻഡുകളുമായുള്ള പരസ്യങ്ങളിലൂടെ ഏഴര മുതൽ പത്ത് കോടി വരെയായി വാർഷിക വരുമാനം കോഹ്ലി സ്വന്തമാക്കുന്നുണ്ട്. ഇത്തരത്തിൽ 175 കോടിയാണ് ബ്രാൻഡുകളെ പിന്തുണച്ച് കോഹ്ലി നേടുന്നത്.

ഇൻസ്റ്റഗ്രാമിലെയും ട്വിറ്ററിലെയും പോസ്റ്റുകൾക്ക് യഥാക്രമം 8.9 കോടിയും രണ്ടര കോടിയും താരം ഈടാക്കുന്നതായി വാർത്തയുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം താരം നിഷേധിച്ചിരുന്നു. മുംബൈ(34 കോടി), ഗുരുഗ്രാം (80 കോടി) എന്നിവിടങ്ങളിൽ രണ്ട് വീടുകൾ കോഹ്ലിയ്ക്കുണ്ട്. 31 കോടി വിലയുള്ള ആഡംബര കാറുകളുമുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന എഫ്.സി ഗോവ ക്ലബ് കോഹ്ലിയുടെ ഉടമസ്ഥതയിലുള്ളതാണ്. ടെന്നീസ് ടീം, പ്രോ റെസ്ലിംഗ് ടീം എന്നിവയും താരത്തിന്റേതായുണ്ട്.

ന്യൂസിലാൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ

ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറിയെന്ന നേട്ടം സ്വന്തമാക്കിയ വിരാട് കോഹ്‌ലിയുടെയും സെഞ്ച്വറിയടിച്ച ശ്രേയസ് അയ്യരുടെയും ബലത്തിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ. ഏകദിന ലോകകപ്പിന്റെ ആദ്യ സെമിയിൽ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 397 റൺസാണ് ടീം ഇന്ത്യ അടിച്ചുകൂട്ടിയത്. കോഹ്‌ലി 117ഉം ശ്രേയസ് അയ്യർ 105ഉം റൺസെടുത്താണ് പുറത്തായത്. കോഹ്‌ലിയെ ടിം സൗത്തി കോൺവേയുടെ കൈകളിലെത്തിച്ചപ്പോൾ, അയ്യരെ ബോൾട്ടിന്റെ പന്തിൽ മിച്ചൽ പിടികൂടി. അയ്യർ പുറത്തായതോടെ ഇറങ്ങിയ സൂര്യകുമാർ വന്നതും പോയതും പെട്ടെന്നായിരുന്നു. രണ്ട് പന്ത് നേരിട്ട താരം ടിം സൗത്തിയുടെ പന്തിൽ ഫിലിപ്‌സിന് ക്യാച്ച് നൽകുകയായിരുന്നു. നേരത്തെ റിട്ടേർഡ് ഹാർട്ടായി തിരിച്ചുകയറിയ ശുഭ്മാൻ ഗിൽ വീണ്ടുമിറങ്ങി. സ്‌കോർ 80 ആക്കി കെഎൽ രാഹുലി(39)നൊപ്പം പുറത്താകാതെ നിന്നു.

Crowned with records; Virat Kohli is the king of world cricket

Similar Posts