'ദ കിംഗ്'; ടി20 ലോകകപ്പിൽ കൂടുതൽ റൺസ് നേടുന്ന താരമായി കോഹ്‌ലി
|31 മത്സരങ്ങളിൽ നിന്ന് ജയവർധന നേടിയ 1016 റൺസ് എന്ന റെക്കോർഡാണ് കോഹ്‌ലി 25 മത്സരങ്ങളിൽ നിന്ന് മറികടന്നത്.
അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിൽ കൂടുതൽ റൺസ് നേടിയ റെക്കോർഡ് വിരാട് കോഹ്‌ലിക്ക്. ശ്രീലങ്കയുടെ മഹേല ജയവർധനയെയാണ് മറികടന്നത്. ബംഗ്ലാദേശിനെതിരെ 15 റൺസ് നേടിയപ്പോഴാണ് കോഹ്‌ലിയുടെ നേട്ടം.31 മത്സരങ്ങളിൽ നിന്ന് ജയവർധന നേടിയ 1016 റൺസ് എന്ന റെക്കോർഡാണ് കോഹ്‌ലി 25 മത്സരങ്ങളിൽ നിന്ന് മറികടന്നത്.
അതേസമയം, ബംഗ്ലാദേശിനെതിരെ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. മത്സരത്തിന്റെ തുടക്കത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ പുറത്തായെങ്കിലും പിന്നീട് ക്രീസിലെത്തിയ വിരാട് കോഹ്‌ലിയും കെ.എൽ രാഹുലും തകർപ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞ് കളിച്ചത്തോടെ സ്‌കോർ ഉയർന്നു. വിമർശകരുടെ വായ അടപ്പിച്ച് രാഹുൽ അർധസെഞ്ച്വറിയും നേടി. 32 പന്തിൽ രാഹുൽ 52 റൺസാണ് നേടിയത്. ഇന്ത്യയുടെ സ്‌കോർ 78 എത്തിനിൽക്കെ രാഹുൽ പുറത്തായെങ്കിലും പിന്നീടെത്തിയ സൂര്യകുമാർ യാദവും കോഹ്‌ലിയും ചേർന്ന് ഇന്ത്യയുടെ സ്‌കോർ ഉയർത്തുകയായിരുന്നു. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഇന്ത്യ 16 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് എടുത്തിട്ടുണ്ട്. വിരാട് കോഹ് ലി 46 റൺസ് എടുത്ത് പുറത്താകാതെ നിൽക്കുന്നു.
ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ ബംഗ്ലാദേശിനെ നേരിടുന്നത്. ദീപക്ക് ഹൂഡയക്ക് പകരം അക്ഷർ പട്ടേൽ ടീമിൽ തിരിച്ചെത്തി. ബംഗ്ലാദേശും ഒരു മാറ്റവുമായിട്ടാണ് ഇന്ത്യയെ നേരിടുന്നത്. സൗമ്യ സർക്കാരിന് പകരം ഷൊരിഫുൽ ഇസ്‌ലാം ടീമിൽ ഇടംപിടിച്ചു.ബംഗ്ലാദേശിനൊപ്പം മഴയും ഇന്ത്യയ്ക്ക് ഭീഷണിയാകുന്നുണ്ട്. ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ പെയ്തത്. മഴ പെയ്യാൻ 70 ശതമാനത്തോളം സാധ്യതയുണ്ടെന്നാണ് വിവരം. ബംഗ്ലാദേശിനെതിരെയും സിംബാബ്വേയ്ക്കുമെതിരായ മത്സരങ്ങൾ ഇന്ത്യക്ക് നിർണായകമാണ്.
മഴ മത്സരം തടസ്സപ്പെടുത്തിയാലും ഇന്ത്യയുടെ സെമി മോഹങ്ങൾക്ക് തിരിച്ചടിയാകും. മഴയെ തുടർന്ന് മത്സരം ഉപേക്ഷിക്കപ്പെട്ടാൽ ഇന്ത്യക്കും ബംഗ്ലാദേശിനും ഓരോ പോയിന്റ് വീതം ലഭിക്കും. അങ്ങനെ വന്നാൽ ഇരുടീമുകൾക്കും അഞ്ചു പോയിന്റ് വീതമാവും. നിലവിൽ ഗ്രൂപ്പിൽ മൂന്നു മൽസരങ്ങളിൽ നിന്നും രണ്ടു ജയവും ഒരു തോൽവിയുടമക്കം നാലു പോയിന്റോടെ ഇന്ത്യ രണ്ടാംസ്ഥാനത്താണ്.
അഞ്ചു പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് മുന്നിൽ. ഇന്ത്യയുടെ അതേ പോയിന്റോടെ ബംഗ്ലാദേശ് ഗ്രൂപ്പിൽ മൂന്നാംസ്ഥാനത്തുമുണ്ട്. രണ്ട് കളി ജയിച്ച ബംഗ്ലാദേശ് റൺ നിരക്കിലാണ് ഇന്ത്യക്കുപിന്നിലായത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം തുടങ്ങുന്നത്. സ്റ്റാർ സ്‌പോർട്ട്‌സ് നെറ്റ് വർക്കിലും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും മത്സരം കാണാം.