ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് 11.45 കോടിയോ? അതൊന്നും ശരിയല്ലെന്ന് കോഹ്‌ലി; പ്രതികരണം വൈറൽ
|ലിസ്റ്റിൽ മുമ്പില്‍ ഫുട്‌ബോൾ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ(26.75 കോടി) ലയണൽ മെസി(21.49) എന്നിവരായിരുന്നു.
ന്യൂഡൽഹി: സ്പോൺസേർഡ് ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് ഇന്ത്യൻ താരം വിരാട് കോഹ്‌ലി വാങ്ങുന്ന പ്രതിഫലമാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളെ പിടിച്ചുകുലുക്കിയത്. സമൂഹമാധ്യമങ്ങളിലെ മാർക്കറ്റിങ് കാര്യങ്ങളൊക്കെ വിലയിരുത്തുന്ന ഹോപ്പർ എച്ച്.ക്യുവിന്റേതായിരുന്നു റിപ്പോർട്ട്. ഇതുപ്രകാരം ഒരു മാർക്കറ്റിങ് പോസ്റ്റിന് വിരാട് കോഹ്‌ലി നേടുന്നത് 11.45 കോടിയാണെന്നായിരുന്നു.
ലിസ്റ്റിൽ മുമ്പില്‍ ഫുട്‌ബോൾ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ(26.75 കോടി) ലയണൽ മെസി(21.49) എന്നിവരായിരുന്നു. ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഇന്ത്യൻ കായിക മേഖലയിലും എച്ച്.ക്യു റിപ്പോർട്ടിന് വൻ പ്രചാരണം ലഭിച്ചു. എന്നാൽ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിരാട് കോഹ്‌ലി. റിപ്പോർട്ട് തെറ്റാണെന്നാണ് വിരാട് കോഹ്ലി പറയുന്നത്.
''ജീവിതത്തിൽ എനിക്ക് ലഭിച്ച എല്ലാ കാര്യങ്ങൾക്കും നന്ദിയുള്ളവനും കടപ്പെട്ടവനുമാണ്. എന്നാല്‍ എന്റെ സമൂഹമാധ്യമ പോസ്റ്റുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ ശരിയല്ല''- അദ്ദേഹം ട്വിറ്ററിൽ(എക്‌സ്) കുറിച്ചു.
കോഹ്‌ലിയുടെ ട്വീറ്റും ചർച്ചയായി.സാധാരണ താനുമായി ബന്ധപ്പെട്ടുള്ള വാർത്തകൾക്കൊന്നും കോഹ്‌ലി പ്രതികരിക്കാറില്ല. എന്നാൽ അസാധാരണമാം വിധം ശ്രദ്ധ ലഭിച്ചതിനെ തുടർന്നാണ് താരത്തിന്റെ ട്വീറ്റ് എന്നാണ് വിലയിരുത്തലുകൾ. അതേസമയം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് തയ്യാറെടുക്കുകയാണ് താരം. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ താരം വിശ്രമത്തിലാണ്. യുവതാരങ്ങളുടെ പ്രകടനം വിലയിരുത്തി ഏകദിന-ഏഷ്യാകപ്പിലേക്ക് ആരെയെല്ലാം വേണം എന്ന തെരഞ്ഞടുപ്പിന്റെ കൂടി ഭാഗമാണിപ്പോൾ കോഹ്ലി എന്നാണ് റിപ്പോർട്ടുകൾ.
സ്വന്തം നാട്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് കോഹ്‌ലിയുടെ ഫോം ഇന്ത്യക്ക് ഏറെ നിർണായകമാണ്. കോഹ്‌ലിയുടെ ബാറ്റ് ചലിച്ചാൽ ഇന്ത്യക്കാവും കാര്യങ്ങൾ അനുകൂലമാകുക. മഹേന്ദ്ര സിങ് ധോണിയുടെ കീഴിൽ ഇന്ത്യ ഏകദിന ലോകകപ്പ് ഉയർത്തിയതും ഇന്ത്യയിൽ വെച്ചായിരുന്നു. അമരത്ത് ധോണി ഇല്ലെങ്കിലും ഒരിക്കൽ കൂടി ഇന്ത്യ ഏകദിന ലോക കിരീടം സ്വപ്നം കാണുന്നുണ്ട്.