'വിരമിക്കും മുൻപ് വിരാടും കോഹ്ലിയും പാകിസ്താനിൽ കളിക്കണം'; കാരണമിതാണ്
|അടുത്ത വർഷം പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇസ്ലാമാബാദ്: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിന് മുൻപ് പാകിസ്താനിൽ കളിക്കണമെന്ന് അഭ്യർത്ഥിച്ച് മുൻ പാക് മുൻതാരം കമ്രാൻ അക്മൽ. ''ഇരുവരും ലോകക്രിക്കറ്റിലെ സുപ്രധാന താരങ്ങളാണ്. മറ്റേത് രാജ്യങ്ങളിലേക്കാളും ആരാധകർ രോഹിതിനും കോഹ്ലിക്കും പാകിസ്താനിലുണ്ട്. ലോകത്തെവിടെയും ഇവരുടെ ബാറ്റിങിന് ആസ്വാദകരുണ്ട്''-മുൻ പാക് വിക്കറ്റ്കീപ്പർ പറഞ്ഞു. അണ്ടർ 19 ക്രിക്കറ്റ് കളിച്ചിരുന്നപ്പോൾ കോഹ്ലി പാകിസ്താനിൽ വന്നിട്ടുണ്ട്. എന്നാൽ അന്ന് കോഹ്ലി അത്രമേൽ അറിയപ്പെടുന്ന ഒരു താരമായിരുന്നില്ലെന്നും അക്മൽ വ്യക്തമാക്കി.
2012-13 ലാണ് ഇന്ത്യയും പാകിസ്താനും അവസാനമായി പരമ്പരയിൽ ഏറ്റുമുട്ടിയത്. 2008ലെ ഏഷ്യാകപ്പിന് ശേഷം ഇന്ത്യൻ ടീം പാകിസ്താനിൽ കളിച്ചിട്ടില്ല. കഴിഞ്ഞ വർഷത്തെ ഏഷ്യ കപ്പിന് പാകിസ്താൻ വേദിയായിരുന്നെങ്കിലും ഇന്ത്യ കളിക്കാൻ തയ്യാറായില്ല. പിന്നാലെ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടന്നത്. അടുത്ത വർഷം ഐ.സി.സിയുടെ ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്താനാണ് വേദിയാകുന്നത്. എന്നാൽ ഇവിടെ കളിക്കാനില്ലെന്ന് ബി.സി.സി.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതോടെ ഇന്ത്യയുടെ മത്സരങ്ങൾ പൊതുവേദിയിലേക്ക് മാറ്റാനുള്ള സാധ്യതയാണ് നിലവിലുള്ളത്. നേരത്തെ നിരവധി മുൻ പാക് താരങ്ങൾ ഇന്ത്യ പാകിസ്താനിൽ കളിക്കണമെന്ന അഭ്യർത്ഥനയുമായി രംഗത്തെത്തിയിരുന്നു.