കോലിക്ക് സെഞ്ച്വറി; നിലയുറപ്പിച്ച് ഇന്ത്യ
|കോലിയുടെ 75-ാം അന്താരാഷ്ട്ര സെഞ്ച്വറിയാണിത്
അഹമ്മദാബാദ്: ആസ്‌ട്രേലിയയ്‌ക്കെതിരെയുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിൽ വിരാട് കോലിയുടെ സെഞ്ച്വറിക്കരുത്തിൽ ഇന്ത്യ മികച്ച നിലയിൽ. 139 ഓവറിൽ അഞ്ചു വിക്കറ്റിന് 400 റൺസ് എന്ന നിലയിലാണ് ഇന്ത്യ. നൂറ് റൺസുമായി കോലിയും അഞ്ചു റൺസുമായി അക്‌സർ പട്ടേലുമാണ് ക്രീസിൽ.
മൂന്നിന് 289 എന്ന നിലയിൽ നാലാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 28 റൺസെടുത്ത ജഡേജയുടെയും 44 റൺസെടുത്ത ശ്രീകർ ഭരതിന്റെയും വിക്കറ്റാണ് നഷ്ടമായത്. ടോഡ് മർഫിയാണ് ജഡേജയെ മടക്കിയത്. ഭരതിനെ ലിയോൺ ഹാൻസ്‌കോമ്പിന്റെ കൈകളിലെത്തിച്ചു.
എന്നാൽ മറുഭാഗത്ത് ക്ഷമാപൂർവ്വം ബാറ്റു വീശിയ കോലി 241 പന്തിൽനിന്ന് സെഞ്ച്വറി കണ്ടെത്തി. ഇന്നിങ്‌സില്‍ ഇതുവരെ അഞ്ചു ബൗണ്ടറി മാത്രമാണ് താരം നേടിയത്. കോലിയുടെ 75-ാം അന്താരാഷ്ട്ര സെഞ്ച്വറിയാണിത്. ടെസ്റ്റിലെ ഇരുപത്തിയെട്ടാമത്തെയും. മൂന്നാം ദിനം യുവതാരം ശുഭ്മാന്‍ ഗില്ലും സെഞ്ച്വറി നേടിയിരുന്നു.
രണ്ടാം വിക്കറ്റിൽ ശുഭ്മാൻ ഗില്ലും പുജാരയും ചേർന്ന് പടുത്തുയർത്തിയ 113 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്‌സിന് അടിത്തറയിട്ടത്. ഗിൽ 235 പന്തിൽനിന്ന് 128 റൺസെടുത്ത് പുറത്തായി. 121 പന്തിൽനിന്ന് 42 റൺസെടുത്ത പുജാരയെ മർഫി വിക്കറ്റിന് മുമ്പിൽ കുടുക്കുകയായിരുന്നു. പിന്നാലെയെത്തിയ മുൻ നായകൻ വിരാട് കോലിക്ക് ശക്തമായ പിന്തുണയാണ് രവീന്ദ്ര ജഡേജയും ശ്രീകർ ഭരതും നൽകിയത്.
ഒന്നാം ഇന്നിങ്‌സിൽ 480 റൺസാണ് ഓസ്‌ട്രേലിയ നേടിയത്. ഉസ്മാൻ ഖ്വജയുടെയും (180), കാമറൂൺ ഗ്രീനിന്റെയും (114) സെഞ്ച്വറികളാണ് ഓസീസിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ഇന്ത്യക്കായി ആർ അശ്വിൻ ആറു വിക്കറ്റു വീഴ്ത്തിയത്.