സ്ട്രൈക്ക് റേറ്റ് ഇല്ലെന്ന് പറഞ്ഞവരൊക്കെ ഹാപ്പിയല്ലേ..
|ആദ്യം ബാറ്റുകൊണ്ട്, പിന്നീട് നാവുകൊണ്ട്. സ്ട്രൈക്ക് റൈറ്റിനെച്ചൊല്ലിയുള്ള വിമർശനങ്ങളെ ഒരൊറ്റ മത്സരം കൊണ്ട് വിരാട് കോഹ്ലി അടിച്ചുപറത്തി. ഗുജറാത്ത് ടൈറ്റൻസിനെതിരെ 44 പന്തിൽ 70 റൺസ് നേടിയ ഇന്നിങ്സിൽ എല്ലാത്തിനുമുള്ള മറുപടിയുണ്ടായിരുന്നു. പവർേപ്ലക്ക് ശേഷവും നന്നായി ബാറ്റുചെയ്ത കോഹ്‍ലി സ്പിന്നർമാർക്കെതിരെ പതറുന്നുവെന്ന വിമർശനത്തെയും അതിജീവിച്ചു. മത്സരശേഷം തന്റെ വിമർശകരോട് മറുപടി പറയാനും കോഹ്‍ലി മറന്നില്ല.
എന്റെ സ്ട്രൈക്ക്റേറ്റ് കുറവാണെന്നും സ്പിന്നിനെതിരെ നന്നായി കളിക്കുന്നില്ലെന്നും പറയുന്നവർക്ക് അതിൽ ആനന്ദമുണ്ടാകാം. എന്നെ സംബന്ധിച്ച് ടീമിനെ കളിജയിപ്പിക്കുന്നതാണ് പ്രധാനം. പോയ 15 കൊല്ലമായി ചെയ്ത് കൊണ്ടിരിക്കുന്നത് അതാണ്. ആളുകൾക്ക് കളിയെക്കുറിച്ച് അവർക്ക് തോന്നുന്നത് പറയാമെന്നും കമന്ററി ബോക്സിലിരിക്കുന്നവർക്ക് ഗ്രൗണ്ടിലെ സാഹചര്യം അറിയണമെന്നില്ലെന്നും കോഹ്‍ലി പറഞ്ഞു.
സൺറൈസേഴ്സ് ഹൈദരബാദിനെ 43 പന്തിൽ 51 റൺസ് നേടിയ കോഹ്‍ലിക്കെതിരെ വലിയ വിമർശനമുയർന്നിരുന്നു. സുനിൽ ഗാവസ്കറായിരുന്നു വിമർശനമുയർത്തിയവിൽ പ്രധാനി. മിഡിൽ ഓവറുകളിൽ കോഹ്‍ലിക്ക് ടച്ച് നഷ്ടമായെന്നും ടീം പ്രതീക്ഷിക്കുന്നത് അതല്ലെന്നും ഗാവസ്കർ തുറന്നടിച്ചിരുന്നു. പവർേപ്ലക്ക് ശേഷം ഇന്നിങ്സ് സ്ളോ ഡൗൺ ചെയ്യുന്നത് ട്വന്റി 20ക്ക് അനുയോജ്യമല്ലെന്ന വാദവുമായി കമന്റേറ്റർ ഹർഷ ഭോഗ്ലെയും രംഗത്തെത്തിയിരുന്നു.
സീസണിൽ 500 റൺസും പിന്നിട്ട് കുതിക്കുന്ന കോഹ്‍ലി ഓറഞ്ച് ക്യാപ്പിനായാണ് കളിക്കുന്നതെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും വിമർശനങ്ങൾ ഉയർന്നിരുന്നു. പത്തുമത്സരങ്ങളിൽ നിന്നും 147.49 സ്ട്രൈക്ക് റേറ്റിൽ 500 റൺസാണ് സീസണിൽ ഇതുവരെ കോഹ്‍ലി അടിച്ചുകൂട്ടിയത്. 2008 മുതലുള്ള കോഹ്‍ലിയുടെ ഐ.പി.എൽ കരിയർ നോക്കിയാൽ സ്ട്രൈക്ക് റൈറ്റിന്റെ കാര്യത്തിൽ 2024 ഒരു മോശം വർഷമേയല്ല. ഇതിലും മികച്ച സ്ട്രൈക്ക് റേറ്റിൽ കോഹ്‍ലി ബാറ്റ് ചെയ്തത് 2016ൽ മാത്രമാണ്. കോഹ്‍ലിയുടെ പ്രൈംടൈം പിന്നിട്ട 2019ന് ശേഷം ഐ.പി.എൽ സ്ട്രൈക്ക്റേറ്റ് നന്നായി കുറഞ്ഞിരുന്നു. 2020ൽ 121ഉം 2021 ൽ 119ഉം 2022ൽ 115ഉം മാത്രമായിരുന്നു സ്ട്രൈക്ക് റേറ്റ്. 2023ൽ 139ആയി ഉയർത്തിയ സ്ട്രൈക്ക് റേറ്റ് 2024ൽ 147ആയി ഉയരുകയാണുണ്ടായിരുന്നത്.
പക്ഷേ കോഹ്‍ലി മെല്ലെക്കളിക്കുന്നുവെന്ന തോന്നൽ പൊതുവേയുണ്ടായിട്ടുണ്ട്. ബാറ്റർമാർ സംഹാരതാണ്ഡവമാടുന്ന ഐ.പി.എൽ സീസണിൽ കോഹ്‍ലിയെപ്പോലൊരു ക്ലാസ് ബാറ്റ്മാന്റെ ശൈലി അതിന് ഒരു പ്രധാന കാരണമാണ്. പക്ഷേ പവർേപ്ലക്ക് ശേഷമുള്ള മെല്ലെപ്പോക്ക് ഒരു യാഥാർഥ്യമാണെന്ന് കണക്കുകളിൽ തന്നെ കാണാം. പ്രത്യേകിച്ചും സ്പിന്നർമാർക്ക് മുന്നിലാണ് കോഹ്‍ലി വല്ലാതെ പരുങ്ങുന്നത്. ചില സമയങ്ങളിൽ അത് കോഹ്‍ലിയുടെ ടച്ചില്ലായ്മയാണെങ്കിൽ പലസമയങ്ങളിലും മറ്റുബാറ്റർമാർ വിക്കറ്റ് വലിച്ചെറിയുന്നതും പ്രഷർ വർധിക്കുന്നതും സ്ട്രൈക്ക് റേറ്റ് ഇടിയുന്നതിന് കാരണമാകുന്നു.
കോഹ്‍ലിയുടെ മെല്ലെപ്പോക്ക് ചൂണ്ടിക്കാണ്ടി ട്വന്റി 20 ലോകകപ്പിൽ നിന്നും മാറ്റിനിർത്തണമെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നിരുന്നു. എന്നാൽ ട്വന്റി 20 ലോകകപ്പ് പോലുള്ള ലോക വേദിയിൽ കോഹ്‍ലിയില്ലാതെ പോകാനുള്ള ചങ്കുറപ്പൊന്നും ഇന്ത്യക്ക് നിലവിലില്ല എന്നതാണ് യാഥാർഥ്യം. ട്വന്റി 20 ലോകകപ്പിലെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനായ കോഹ്‍ലി ആരെയും അമ്പരപ്പിക്കുന്ന 81 ആവേറജിൽ 1141 റൺസ് അവിടെ അടിച്ചുകൂട്ടിയിട്ടുണ്ട്. ട്വന്റി 20 ലോകകപ്പിൽ ടീമാകെ തകരുമ്പോൾ ഒറ്റക്ക് ടീമിനെ ചുമലിലേറ്റുന്ന കോഹ്‍ലിയെ ലോകം പലകുറി കണ്ടിട്ടുണ്ട്.