'ഭാരത് Vs പാക്'; വീണ്ടും 'ഇന്ത്യ'യെ വെട്ടി അഭിനന്ദന പോസ്റ്റുമായി സെവാഗ്
|ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ മത്സരത്തിൽ പാകിസ്താനെതിരായ ഇന്ത്യയുടെയും കോഹ്‌ലിയുടേയും പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് സെവാഗിന്റെ പോസ്റ്റ്.
ന്യൂഡൽഹി: ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ പിന്തുണച്ച മുൻ താരം വിരേന്ദർ സെവാഗ് നിലപാട് ആവർത്തിച്ച് രംഗത്ത്. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ കൂറ്റൻ സ്കോർ ഉയർത്തിയതിലും അതിവേഗത്തിൽ 13000 റൺസ് പിന്നിട്ട കോഹ്‌ലിയെ അഭിനന്ദിച്ചുമുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് സെവാഗിന്റെ പരാമർശം.
ഭാരത് വേഴ്സസ് പാകിസ്താൻ എന്ന ഹാഷ്ടാഗോടെയാണ് സേവാഗിന്റെ പോസ്റ്റ്. 'അതിശയകരം ഭാരത്, ഇങ്ങനെ തന്നെയാണ് ചെയ്യേണ്ടത്. കോഹ്‌ലി, കെ.എൽ രാഹുൽ എന്നിവരെ തടയാനാവില്ല. ഏകദിനത്തിൽ 13000 റൺസ് തികച്ച വിരാടിനെ അഭിനന്ദനങ്ങൾ. #ഭാവ്‌സ്പാക്' എന്നാണ് സേവാഗിന്റെ പോസ്റ്റ്.
നേരത്തെ, ടീം ഇന്ത്യയുടെ ലോകകപ്പ് ജഴ്‌സിയിൽ ഇന്ത്യ എന്നതിന് പകരം ഭാരത് എന്നെഴുതണമെന്ന ആവശ്യവുമായി സെവാഗ് രംഗത്തെത്തിയിരുന്നു. ഇന്ത്യ ബ്രിട്ടീഷുകാർ നൽകിയ പേരാണെന്നും സെവാഗ് ആരോപിച്ചിരുന്നു. ഇന്ത്യയുടെ പേര് കേന്ദ്രസർക്കാർ ഭാരത് എന്നാക്കി മാറ്റുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയായിരുന്നു സെവാഗിന്റെ പ്രതികരണം.
'പേര് നമ്മുടെ ഉള്ളിൽ അഭിമാനം നിറയ്ക്കുന്നതാകണം എന്നു ഞാൻ വിശ്വസിക്കുന്നു. നമ്മൾ ഭാരതീയരാണ്. ബ്രിട്ടീഷുകാർ നൽകിയ പേരാണ് ഇന്ത്യ. ഭാരത് എന്ന പേര് ഔദ്യോഗികമായി തിരിച്ചുകിട്ടാൻ കാലതാമസമുണ്ടായി. ലോകകപ്പിൽ നമ്മുടെ കളിക്കാരുടെ നെഞ്ചത്ത് (ജഴ്‌സിയിൽ) ഭാരത് എന്നുണ്ടാകാൻ ഉറപ്പുവരുത്തണമെന്ന് ബിസിസിഐയോടും ജയ് ഷായോടും അഭ്യർത്ഥിക്കുന്നു' - സെവാഗ് എക്‌സിൽ (നേരത്തെ ട്വിറ്റർ) കുറിച്ചു.
സെവാഗിന്റെ അഭിപ്രായ പ്രകടനത്തിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷുകാർ കണ്ടുപിടിച്ച കളി കുറേക്കാലം കളിച്ച ഒരാളാണ് ഈ ആവശ്യവുമായി രംഗത്തെത്തുന്നത് എന്നായിരുന്നു ഒരു എക്‌സ് യൂസറുടെ പ്രതികരണം. ഇന്ത്യയുടെ പേര് ബ്രിട്ടൻ നൽകിയതല്ല അത് സിന്ധു (ഇൻഡസ്) നദിയിൽ നിന്ന് ഉത്ഭവിച്ചു വന്നതാണെന്നും ചിലർ ചൂണ്ടിക്കാട്ടിയിരുന്നു.