ദ്രാവിഡിനും വിശ്രമം: സിംബാബ്വെക്കെതിരെ ഇന്ത്യയെ പരിശീലിപ്പിക്കാൻ ലക്ഷ്മൺ
|ഓഗസ്റ്റ് 18, 20, 22 തീയ്യതികളിലാണ് ഇന്ത്യ-സിംബാബ്വെ മത്സരങ്ങള്‍ നടക്കുന്നത്. മലയാളി താരം സഞ്ജു സാംസണ് ടീമിലുണ്ട്
ഹരാരെ: സിംബാബ്വെക്കെതിരായ ഏകദിന പരമ്പരയില്‍ വി.വി.എസ് ലക്ഷ്മണ് ഇന്ത്യയുടെ മുഖ്യ പരിശീലകനാകും. നിലവിലെ കോച്ച് രാഹുല്‍ ദ്രാവിഡിന് ബി.സി.സി.ഐ താല്‍ക്കാലിക വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഈ മാസം 18ന് പരമ്പരക്ക് തുടക്കമാകും. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യമറിയിച്ചത്.
' സിംബാബ്വെയ്ക്കെതിരായ ഏകദിന പരമ്പരയില്‍ വി.വി.എസ് ലക്ഷ്മണ് ഇന്ത്യയുടെ പരിശീലകനാകും. സിംബാബ്വെയ്ക്കെതിരായ ഏകദിന പരമ്പര ഓഗസ്റ്റ് 22 നാണ് തീരുന്നത്. ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീം യു.എ.ഇയില്‍ ഓഗസ്റ്റ് 23 ന് എത്തണം. ഏഷ്യാ കപ്പും സിംബാബ്വെ പര്യടനവും തമ്മില്‍ കുറച്ചുദിവസത്തെ വ്യത്യാസം മാത്രമേയുള്ളൂ. അതുകൊണ്ടാണ് ലക്ഷ്മണിനെ പരിശീലകനാക്കിയത്' ജയ് ഷാ പറഞ്ഞു.
ഈയിടെ അവസാനിച്ച അയര്‍ലന്‍ഡിനെതിരായ പരമ്പരയിലും ലക്ഷ്മണ് ഇന്ത്യയുടെ പരിശീലകനായിരുന്നു. സീനിയര്‍ താരങ്ങളെ മാറ്റി നിര്‍ത്തിയാണ് സിംബാബ്വെയ്ക്കെതിരായ സ്ക്വാഡ് പ്രഖ്യാപിച്ചത്. കെ.എല്‍. രാഹുലാണ് ടീമിനെ നയിക്കുക. മൂന്ന് ഏകദിനങ്ങളാണ് ടീം ഹരാരെയില്‍ കളിക്കുക.
ഓഗസ്റ്റ് 18, 20, 22 തീയ്യതികളിലാണ് ഇന്ത്യ-സിംബാബ്വെ മത്സരങ്ങള്‍ നടക്കുന്നത്. മലയാളി താരം സഞ്ജു സാംസണ് ടീമിലുണ്ട്. സിംബാബ്വെ പര്യടനത്തില്‍ കളിക്കുന്ന ദീപക് ഹൂഡയും കെ.എല്‍.രാഹുലും ഏഷ്യ കപ്പിനുള്ള ടീമിലും ഇടം നേടിയിട്ടുണ്ട്. ഹൂഡയും രാഹുലും സിംബാബ്വെയില് നിന്ന് നേരിട്ട് ദുബായിലേക്ക് പറക്കുമെന്ന് ജയ് ഷാ പറഞ്ഞു.