വായുവിൽ പാറിപ്പറന്ന് വാർണറുടെ ഓഫ് സ്റ്റമ്പ്: മനോഹര തുടക്കവുമായി ഷമി
|സ്പിന്നർമാരെ ലക്ഷ്യമിട്ടുണ്ടാക്കിയ പിച്ചിൽ പേസർമാരാണ് ആസ്ട്രേലിയൻ ഓപ്പണർമാർക്ക് പണികൊടുത്തത്.
നാഗ്പൂർ: ബോർഡർ ഗവാസ്കർ ട്രോഫിയിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയക്ക് തുടക്കം തന്നെ പിഴച്ചു. രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഓപ്പണർ ഉസ്മാൻ ഖവാജ പുറത്ത്. മൂന്നാം ഓവറിലെ ആദ്യ പന്തിൽ മറ്റൊരു ഓപ്പണറായ ഡേവിഡ് വാർണറും പുറത്ത്. സ്പിന്നർമാരെ ലക്ഷ്യമിട്ടുണ്ടാക്കിയ പിച്ചിൽ പേസർമാരാണ് ആസ്ട്രേലിയൻ ഓപ്പണർമാർക്ക് പണികൊടുത്തത്.
ഇതിൽ ഖവാജ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് പുറത്തായതെങ്കില് വാർണറുടെ വിക്കറ്റ്, ഓഫ് സ്റ്റമ്പ് പിഴുതായിരുന്നു. മുഹമ്മദ് ഷമിയാണ് വാർണറുടെ ഓഫ് സ്റ്റമ്പ് തെറിപ്പിത്. പന്തിന്റെ വേഗതയിൽ സ്റ്റമ്പ് വട്ടം കറങ്ങുകയും ചെയ്തു. സ്ലോ മോഷനിൽ സ്റ്റമ്പ് വട്ടംകറങ്ങുന്ന വീഡിയോ മിനുറ്റുകൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്തു. ഷമിയുടെ രണ്ടാം ഓവറിലെ ആദ്യ പന്താണ് അപകടം വിതച്ചത്.
ഓവർ ദ വിക്കറ്റിൽ പന്തെറിഞ്ഞ ഷമിയുടെ ലക്ഷ്യം ഓഫ് സ്റ്റമ്പ് തന്നെയായിരുന്നു. മനോഹരമായി വന്ന പന്തിന് ബാറ്റുവെച്ച് നോക്കിയെങ്കിലും ടേൺ ചെയ്ത പന്ത് സ്റ്റമ്പ് ഇളക്കുകയായിരുന്നു. ഒരു റൺസായിരുന്നു വാർണറുടെ സമ്പാദ്യം. അതിന് മുമ്പെ മറ്റൊരു ഓപ്പണർ ഉസ്മാൻ ഖവാജയെ സിറാജ് പറഞ്ഞയച്ചിരുന്നു. വിക്കറ്റിന് മുന്നിൽ കുരുങ്ങിയായിരുന്നു ഖവാജ മടങ്ങിയത്. ആദ്യം അമ്പയർ ഔട്ട് അനുവദിച്ചില്ല. റിവ്യൂവിലൂടെയാണ് ഇന്ത്യ വിക്കറ്റ് നേടിയത്.
രണ്ട് വിക്കറ്റ് വീണതിന് പിന്നലെ മാർനസ് ലബുഷെയിനും സ്റ്റീവൻ സ്മിത്തും ചേർന്ന് ടീമനെ കരകയറ്റി. വിക്കറ്റ് നഷ്ടമില്ലാതെ ലഞ്ചിന് പിരിഞ്ഞു. ലഞ്ചിന് ശേഷം ജഡേജ 'പണി' തുടങ്ങിയതോടെ ആ ചെറുത്തുനിൽപ്പും നിന്നു. അർധ സെഞ്ച്വറിക്ക് ഒരു റൺസ് അകലെ ലബുഷെയിൻ വീണു. തെട്ടടുത്ത പന്തിൽ മാറ്റ് റെൻഷോയും വീണതാടെ ആസ്ട്രേലിയ പരുങ്ങലിലായി. സ്റ്റീവൻ സ്മിത്താണ് പിടിച്ചുനിൽക്കുന്നത്(25) 90 പന്തുകളും താരം നേരിട്ടുകഴിഞ്ഞു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തിൽ 85 റൺസെന്ന നിലയിലാണ്.
Watch Video